Asianet News MalayalamAsianet News Malayalam

കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ, 14 ജില്ലയിലും 'കാരുണ്യ സ്പർശം' കൗണ്ടറുകൾ; മുഖ്യമന്ത്രി തുടക്കമിടും

കാരുണ്യ ഫാര്‍മസികളിലൂടെ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ന് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്

Cancer treatment latest news CM Pinarayi Vijayan inaugurate kerala health department provide cancer drugs at lowest price
Author
First Published Aug 29, 2024, 12:07 AM IST | Last Updated Aug 29, 2024, 12:07 AM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കാൻസർ ചികിത്സാ രംഗത്ത് സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകും. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ന് മുഖ്യമന്ത്രി തുടക്കം കുറിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ 'കാരുണ്യ സ്പര്‍ശം - സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്' പ്രത്യേക കൗണ്ടര്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 29 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒ പി ബ്ലോക്ക് കാരുണ്യ ഫാര്‍മസിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലെ കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴിയാണ് ഉയര്‍ന്ന വിലയുള്ള ആന്റി കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കുക. 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകളാണ് ലാഭമില്ലാതെ പ്രത്യേക കൗണ്ടര്‍ വഴി ലഭ്യമാക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്.

കാന്‍സര്‍ ചികിത്സയ്ക്കുള്ള ബഹുഭൂരിപക്ഷം മരുന്നുകളും സീറോ പ്രോഫിറ്റായി ലഭ്യമാക്കുന്നു. ഇതിലൂടെ സംസ്ഥാനത്തെ കാന്‍സര്‍ മരുന്ന് വിപണിയില്‍ കേരള സര്‍ക്കാര്‍ നിര്‍ണായക ഇടപെടലാണ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്. നിലവില്‍ സംസ്ഥാനത്ത് 74 കാരുണ്യ ഫാര്‍മസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാന്‍ഡഡ് കമ്പനികളുടെ 7,000 ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാര്‍മസികള്‍ വഴി നല്‍കുന്നത്. ഇത് കൂടാതെയാണ് കാന്‍സറിനുള്ള മരുന്നുകള്‍ പൂര്‍ണമായും ലാഭം ഒഴിവാക്കി നല്‍കുന്നത്.

മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍

1. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
2. ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
3. പത്തനംതിട്ട ജനറല്‍ ആശുപത്രി
4. ആലപ്പുഴ മെഡിക്കല്‍ കോളേജ്
5. കോട്ടയം മെഡിക്കല്‍ കോളേജ്
6. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
7. എറണാകുളം മെഡിക്കല്‍ കോളേജ്
8. തൃശൂര്‍ മെഡിക്കല്‍ കോളേജ്
9. പാലക്കാട് ജില്ലാ ആശുപത്രി
10. മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
11. കോഴിക്കോട് മെഡിക്കല്‍ കോളേജ്
12. മാനന്തവാടി ജില്ലാ ആശുപത്രി
13. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്
14. കാസര്‍ഗോഡ് ജനറല്‍ ആശുപത്രി

കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, കേരളത്തിൽ വീണ്ടും അതിശക്ത മഴ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios