ശ്വാസകോശത്തില്‍ കൊറോണ വൈറസ് അവശേഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ദിവസം മലദ്വാരത്തിലും സമീപത്തുമായി വൈറസ് കണ്ടേക്കുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇക്കാര്യം നേരത്തെ പല പഠനറിപ്പോര്‍ട്ടുകളിലും വ്യക്തമാക്കപ്പെട്ടതാണ്

കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂട്ടമായുള്ള കൊവിഡ് വ്യാപനം കണ്ടെത്താന്‍ പുതിയ രീതി പരീക്ഷിച്ച് ചൈന. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് സാധാരണഗതിയില്‍ കൊവിഡ് പരിശോധന നടത്തുന്നത്. 

എന്നാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്‌ക്കെടുക്കുന്നതാണ് ഈ പുതിയ രീതി. പലയിടങ്ങളിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ ഫലപ്രദമായ രീതിയില്‍ ഇത് കണ്ടെത്താനാണ് പുതിയ രീതിയെന്നാണ് അധികൃതരുടെ വിശദീകരണം.

ശ്വാസകോശത്തില്‍ കൊറോണ വൈറസ് അവശേഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ദിവസം മലദ്വാരത്തിലും സമീപത്തുമായി വൈറസ് കണ്ടേക്കുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇക്കാര്യം നേരത്തെ പല പഠനറിപ്പോര്‍ട്ടുകളിലും വ്യക്തമാക്കപ്പെട്ടതാണ്.

പലരിലും കൊവിഡ് വന്നുപോകുന്നത് അറിയുന്നില്ലെന്നും പരിശോധനയില്‍ അത് കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ രീതിയില്‍ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 

എന്നാല്‍ ഇതിനെതിരെ ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'വെയ്‌ബോ'യില്‍ വ്യാപകമായി ക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്. അധികൃതര്‍ എത്ര വിശദീകരണം നല്‍കിയാലും ഇത് അപമാനകരമായ രീതിയാണെന്നും അതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

അതേസമയം മലദ്വാരത്തില്‍ നിന്ന് സാമ്പിളെടുക്കാനുള്ള തീരുമാനം എല്ലായിടത്തും നടപ്പിലാക്കിയിട്ടില്ല, അത് പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ചെയ്യുന്നത്, തുടര്‍ന്നും ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശമില്ല എന്ന തരത്തിലാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Also Read:- കൊവിഡിനെ ചെറുക്കാന്‍ 'അവിഗന്‍' എന്ന മരുന്നിനാകുമോ?; മറ്റൊരു പരീക്ഷണഫലം കൂടി...