ഹൈദരാബാദിലുള്ള 'ഡോ. റെഡ്ഡീസ് ലബോറട്ടറീസ്' യുഎഇയിലുള്ള ഒരു കമ്പനിയുമായി സഹകരിച്ച് കുവൈറ്റില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇവിടെയും ഫലം അല്‍പം 'നെഗറ്റീവ്' തന്നെയാണ്

കൊവിഡ് 19 എന്ന മഹാമാരിയുടെ വിഷമതകളെ ചെറുക്കാന്‍ ജാപ്പനീസ് മരുന്നായ 'അവിഗന്‍' ഫലപ്രദമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നേരത്തേ തന്നെ ഏറെ സജീവമായിരുന്നു. ഇതനുസരിച്ച് ഇസ്രയേലില്‍ നിരവധി കൊവിഡ് രോഗികള്‍ക്ക് 'അവിഗന്‍' നല്‍കുകയും ചെയ്തിരുന്നു. 

രോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കുറയ്ക്കാന്‍ ഇത് ഉപകാരപ്പെട്ടുവെന്നാണ് അന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നത്. ചൈനയിലും 'അവിഗന്‍' കൊവിഡ് രോഗികളില്‍ ഫലപ്രദമായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. 

എന്നാല്‍ ഔദ്യോഗികമായ പരീക്ഷണങ്ങള്‍ കടന്നുകിട്ടിയാല്‍ മാത്രമേ 'അവിഗന്‍' അംഗീകരിക്കപ്പെട്ട കൊവിഡ് ചികിത്സാ ഉപാധിയാകൂ എന്നതിന്റെ അടിസ്ഥാനത്തില്‍ മരുന്നിന്റെ നിര്‍മ്മാതാക്കളായ 'ഫ്യൂജിഫിലിംസ് ഹോള്‍ഡിംഗ് കോര്‍പറേഷന്‍' ഒക്ടോബര്‍ മുതല്‍ ഇതിനുള്ള ശ്രമത്തിലാണ്. 

അങ്ങനെ പലയിടങ്ങളിലും 'അവിഗ'ന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായി തന്നെ വിലയിരുത്തുന്നതിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. ഇതിനിടെ ജാപ്പനീസ് ആരോഗ്യമന്ത്രാലയം ഈ വിഷയത്തില്‍ തങ്ങള്‍ നടത്തിയ നിരീക്ഷണം പങ്കുവച്ചു. ഫ്‌ളൂവിനെതിരെ 2014 ല്‍ അംഗീകരിക്കപ്പെട്ട 'അവിഗന്‍' പക്ഷേ കൊവിഡിന്റെ കാര്യത്തില്‍ അത്രമാത്രം ഉറപ്പുള്ള മരുന്നായി കണക്കാക്കാനാകില്ലെന്നായിരുന്നു അവരുടെ നിരീക്ഷണം. 

ഇപ്പോഴിതാ മറ്റൊരു പരീക്ഷണഫലം കൂടി പുറത്തെത്തിയിരിക്കുകയാണ്. ഹൈദരാബാദിലുള്ള 'ഡോ. റെഡ്ഡീസ് ലബോറട്ടറീസ്' യുഎഇയിലുള്ള ഒരു കമ്പനിയുമായി സഹകരിച്ച് കുവൈറ്റില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇവിടെയും ഫലം അല്‍പം 'നെഗറ്റീവ്' തന്നെയാണ്. 

കൊവിഡിനെ ചെറുക്കാന്‍ അവിഗന് കഴിയുമെന്ന് ഉറപ്പിക്കാനാകുന്നില്ലെന്ന തരത്തിലാണ് ഈ റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. ഇതോടെ കൊവിഡ് ചികിത്സാ മാര്‍ഗങ്ങള്‍ക്കിടയില്‍ പേരുകേട്ട അവിഗന്റെ 'ഇമേജ്' താഴേക്ക് നീങ്ങുകയാണ്. 'സിപ്ല', 'ലൂപിന്‍' തുടങ്ങി ചില ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ തങ്ങളുടേതായ രീതിയില്‍ 'അവിഗന്‍' ഉത്പാദിപ്പിക്കാമെന്ന ഓഫറുമായി നേരത്തേ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇനി, അവിഗന് അത്രമാത്രം പ്രാധാന്യം ലഭിക്കുകയില്ലെന്നാണ് തുടര്‍ച്ചയായി പുറത്തുവരുന്ന പരീക്ഷണഫലങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത്.

Also Read:- കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചരണം; അറിയാം വസ്തുത...