കൊളസ്ട്രോളിനെ വലിയ അസുഖമായാണ് പലരും കാണുന്നത്. കൊഴുപ്പുള്ള ഭക്ഷണവും വ്യായാമമില്ലായ്മയുമാണ് കൊളസ്ട്രോൾ ഉണ്ടാകാൻ പ്രധാന കാരണമായി പറയുന്നതും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയാണ്‌ കൊളസ്‌ട്രോള്‍ ആരോഗ്യത്തിന്‌ വലിയ പ്രശ്‌നമുണ്ടാക്കില്ല എന്നത്. വാട്സാപ്പിലും ഫേസ് ബുക്കിലും ഈ വാർത്തയെ കുറിച്ച് ഏറെ ചർച്ചകളും നടക്കുന്നുണ്ട്. ഇതിന് പിന്നിലെ വാസ്തവം എന്താണ്. റെനെയ് മെഡിസിറ്റിയിലെ കാര്‍ഡിയോളസിറ്റ്‌ ഡോ. ഷഫീഖ്‌ റഹുമാന്‍ സംസാരിക്കുന്നു. 

കൊളസ്‌ട്രോള്‍ പ്രശ്‌നക്കാരനല്ല. പണ്ട്‌ ഉണ്ടായിരുന്ന തിയറികളെല്ലാം തെറ്റാണ്‌. ഇതെല്ലാം അര്‍ത്ഥസത്യമായാണ്‌ നില്‍ക്കുന്നതെന്ന് ഡോ. ഷഫീഖ്‌ റഹുമാന്‍ പറയുന്നു. ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ വലിയ ഹാനികരമല്ലെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട്‌ ശരിയാണ്‌. എന്നാല്‍ യഥാർത്ഥത്തിൽ വില്ലാനാവുന്നത് ഭക്ഷണത്തിലെ കൊളസ്ട്രോൾ അല്ല. രക്തത്തില്‍ അലിഞ്ഞിരിക്കുന്ന കൊളസ്‌ട്രോള്‍ കൂടുതലാണെങ്കില്‍ അത്‌ ശരീരത്തിന്‌ ദോഷം ചെയ്യുമെന്നാണ് ഡോ. ഷഫീഖ്‌ പറയുന്നത്. 

ഭക്ഷണത്തില്‍ നിന്ന്‌ മാത്രമല്ല ശരീരത്തിന്‌ സ്വന്തമായി കൊളസ്‌ട്രോള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്‌. ക്രമം നോക്കി കഴിഞ്ഞാല്‍ ഭക്ഷണത്തില്‍ നിന്നും രക്തത്തിലേക്ക്‌ കൊളസ്‌ട്രോള്‍ വരുന്നത്‌ വെറും 15 ശതമാനം മാത്രമാണ്‌. ബാക്കി കൊളസ്‌ട്രോള്‍ കരളിൽ നിന്നാണ്‌ വരുന്നത്‌. 85 ശതമാനം കൊളസ്‌ട്രോളും രക്തത്തിലേക്ക്‌ വരുന്നത്‌ കരളിൽ നിന്നാണ്‌. ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ കുഴപ്പമില്ല, പക്ഷേ രക്തത്തിലെ കൊളസ്‌ട്രോള്‍ പ്രശ്‌നമാണെന്ന് ഡോ. ഷഫീഖ്‌ പറയുന്നു. കൊളസ്‌ട്രോളും ഹൃദ്രോഗവും എന്ന വിഷയത്തെ പറ്റി ഡോ.ലെെവിൽ സംസാരിക്കുകയായിരുന്നു ഡോ. ഷഫീഖ്‌. 

 ഭക്ഷണത്തില്‍ നിന്നുള്ള കൊളസ്‌ട്രോളള്‍ എങ്ങനെ നിയന്ത്രിക്കാമെന്നതിനെ പറ്റി പലർക്കും അറിയില്ല. വിദേശ രാജ്യത്ത്‌ നോക്കി കഴിഞ്ഞാല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി ഭക്ഷണസാധനം വാങ്ങിക്കുകയാണെങ്കില്‍ ആദ്യം അതിന്റെ ലേബല്‍ നോക്കും. എത്ര കൊളസ്‌ട്രോള്‍, എത്ര കലോറി ഇവയെല്ലാം നോക്കിയാകും വാങ്ങുക. നമ്മളും ആ ശീലം ഉണ്ടാക്കിയെടുക്കേണ്ടത്‌ വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. 

കൊളസ്‌ട്രോള്‍ രണ്ട്‌ തരത്തിലുണ്ട്‌. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. ചീത്ത കൊളസ്‌ട്രോളാണ്‌ പ്രധാനമായി ശ്രദ്ധിക്കേണ്ടത്‌. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാൻ പ്രധാനമായി ചെയ്യേണ്ടത്‌ വ്യായാമമാണ്‌. ആഴ്‌ച്ചയില്‍ അഞ്ച്‌ ദിവസവും 30 മിനിറ്റ്‌ നടക്കുക എന്നതാണ്‌ ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനുള്ള പ്രധാന പോംവഴി. 20 വയസ്‌ കഴിഞ്ഞ ആളുകള്‍ മൂന്ന്‌ വര്‍ഷത്തിലൊരിക്കല്ലെങ്കിലും കൊളസ്‌ട്രോള്‍ പരിശോധിക്കണമെന്നാണ്‌ പഠനങ്ങള്‍ പറയുന്നതെന്നും ഡോ. ഷഫീഖ്‌ പറഞ്ഞു. 
ഇതുമായി ബന്ധപ്പെട്ട് കൂടുതലറിയാൻ താഴേയുള്ള വീഡിയോ കാണുക....