ക്ഷീണവും വിളര്‍ച്ചയും മറികടക്കാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, ഭക്ഷണത്തിലൂടെ ഹീമോഗ്ലോബിൻ കൂട്ടാനുള്ള തന്ത്രമാണ്.

നമ്മുടെ ശരീരത്തില്‍ എല്ലായിടത്തേക്കും ഓക്സിജൻ എത്തിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്നത് വിളര്‍ച്ചയിലേക്ക് (അനീമിയ) നയിക്കും. ഇത് നിസാരമായ പ്രശ്നമല്ലേ എന്ന് കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. പക്ഷേ ദൈനംദിന ജീവിതത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന, നമ്മെ ഏറെ പ്രയാസപ്പെടുത്തുന്ന അവസ്ഥയാണ് വിളര്‍ച്ച.

പ്രധാനമായും ക്ഷീണമാണ് വിളര്‍ച്ചയുണ്ടാക്കുന്നൊരു പ്രശ്നം. ഇത് നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളെയും ദോഷകരമായി ബാധിക്കും. ഈ ക്ഷീണവും വിളര്‍ച്ചയും മറികടക്കാനും രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, ഭക്ഷണത്തിലൂടെ ഹീമോഗ്ലോബിൻ കൂട്ടാനുള്ള തന്ത്രമാണ്. ഇതിന് സഹായിക്കുന്ന മൂന്ന് ഭക്ഷണങ്ങള്‍ ഏതാണെന്ന് കൂടി അറിയൂ...

ഒന്ന്...

നെല്ലിക്കയാണ് ഈ ലിസ്റ്റില്‍ ആദ്യം വരുന്ന ഭക്ഷണം. നെല്ലിക്ക- നമുക്കറിയാം ഒരുപാട് ഔഷധമൂല്യമുള്ള ഒരു വിഭവമാണ്. നെല്ലിക്കയിലുള്ള വൈറ്റമിൻ-സി, നമ്മളെ ഭക്ഷണത്തില്‍ നിന്ന് കൂടുതല്‍ അയേണ്‍ വലിച്ചെടുക്കുന്നതിന് സഹായിക്കുന്നു. ഇതോടെയാണ് ഹീമോഗ്ലോബിൻ അളവ് കൂടുന്നത്. വിളര്‍ച്ചയുള്ളവര്‍ പതിവായി തന്നെ നെല്ലിക്ക കഴിക്കുന്നത് വലിയ മാറ്റം നല്‍കും. 

രണ്ട്...

ബീറ്റ്റൂട്ടാണ് വിളര്‍ച്ച പരിഹരിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. അയേണിന്‍റെ വളരെ മികച്ചൊരു സ്രോതസാണ് ബീറ്റ്റൂട്ട്. അതിനാല്‍ തന്നെ ഹീമോഗ്ലോബിൻ വര്‍ധിപ്പിക്കാൻ ഭക്ഷണത്തില്‍ ഇതിലും നല്ല മാര്‍ഗങ്ങളില്ല എന്നുതന്നെ പറയാം. ഹീമോഗ്ലോബിൻ വര്‍ധിപ്പിക്കാൻ മാത്രമല്ല- ഹൃദയാരോഗ്യത്തിനും പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ബീറ്റ്റൂട്ട് സഹായകമാണ്. വിളര്‍ച്ചയുള്ളവര്‍ ഫലം കിട്ടാൻ പതിവായി തന്നെ ബീറ്റ്റൂട്ട് കഴിച്ചുനോക്കുക. 

മൂന്ന്...

ഈന്തപ്പഴമാണ് രക്തത്തിലെ ഹീമോഗ്ലോബിൻ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇതും അയേണിന്‍റെ ഏറ്റവും നല്ല സ്രോതസാണ്. ഈന്തപ്പഴവും വിളര്‍ച്ചയുള്ളവര്‍ പതിവായി തന്നെ കഴിക്കാൻ ശ്രമിക്കണം. ഉന്മേഷം ലഭിക്കാനും ഇത് ഏറെ സഹായിക്കും. 

Also Read:- മുടി പൊട്ടുന്നത് തടയാൻ നേന്ത്രപ്പഴം?; പതിവായി നേന്ത്രപ്പഴം കഴിച്ചാല്‍ വരുന്ന മാറ്റങ്ങള്‍....