സ്തനങ്ങളിലെ വേദന അത്ര നിസാരമായി കാണരുത്. പല കാരണങ്ങൾ കൊണ്ടാണ് സ്തനങ്ങളിൽ വേദന ഉണ്ടാകുന്നത്. പൊതുവേ ആര്‍ത്തവത്തോടനുബന്ധിച്ചാണ് സ്തനങ്ങളിൽ വേദന ഉണ്ടാകാറുള്ളത്. അതും അല്ലെങ്കില്‍ സ്തനാര്‍ബുദത്തിന്റെ ലക്ഷണമായും ഇത് കണക്കാക്കാറുണ്ട്. എന്നാല്‍ സ്തനങ്ങളിലെ വേദന സ്തനാര്‍ബുദത്തിന്റെ ലക്ഷണമായി മാത്രം വരുന്നതായിരിക്കണമെന്നില്ല. സ്തനങ്ങളിൽ വേദന ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്‌...

ആദ്യം സൂചിപ്പിച്ചത് പോലെ ആര്‍ത്തവത്തോടനുബന്ധിച്ച് സ്തനങ്ങളില്‍ വേദന അനുഭവപ്പെടാം. ആര്‍ത്തവസമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്. പ്രത്യേകിച്ച് ആര്‍ത്തവത്തിന് ഒരാഴ്ച മുമ്പാണ് ഈ വേദന തുടങ്ങുക.സ്ത്രീ ഹോർമോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇതിനു കാരണം. 

രണ്ട്... 

ഗര്‍ഭനിരോധന ഗുളികകളോ മറ്റോ കഴിക്കുന്ന സാഹചര്യങ്ങളിലും സ്തനങ്ങളില്‍ വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. ഈസ്ട്രജന്‍- പ്രൊജസ്‌ടെറോണ്‍ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണമാകുന്നത്. 

മൂന്ന്...

വര്‍ക്കൗട്ട് ചെയ്യുന്ന സ്ത്രീകള്‍ ചിലനേരങ്ങളില്‍ സ്തനങ്ങളില്‍ വേദന വരുന്നതായി പരാതിപ്പെടാറുണ്ട്. ഇത് അമിതമായി വര്‍ക്കൗട്ട് ചെയ്യുന്നത് മൂലമോ, വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കാത്തത് മൂലമോ ആകാം.

നാല്...

ഇരിപ്പിലും, കിടപ്പിലുമുള്ള പ്രശ്‌നങ്ങളും ചില സ്ത്രീകളില്‍ സ്തനങ്ങളില്‍ വേദനയുണ്ടാക്കാറുണ്ട്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, കസേരയുടെ 'സപ്പോര്‍ട്ട്' കൃത്യമല്ലാതിരിക്കല്‍,- ഇവയെല്ലാം ഇതിന് കാരണമാണ്. 

അഞ്ച്....

സ്ഥിരമായി ഇറുകിയ ബ്രാ ധരിക്കുന്നർക്ക് സ്തനങ്ങളിൽ വേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കംഫേർട്ട് ആയതും സോഫ്റ്റായതുമായ ബ്രാ ധരിക്കാൻ ശ്രമിക്കുക. സപ്പോര്‍ട്ടിംഗ് ബ്രാകള്‍ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.