Asianet News MalayalamAsianet News Malayalam

ഉപഭോഗം നാലിലൊന്നായി ഇടിഞ്ഞു, കോണ്ടം വിപണി പ്രതിസന്ധിയിലേക്ക്

ലോക്ക് ഡൌൺ കാലത്ത് തുടക്കത്തിൽ കോണ്ടം വില്പനയിൽ വർധനവുണ്ടായി എങ്കിലും, യുവതീയുവാക്കൾ പുറത്തിറങ്ങി പൊതു ഇടങ്ങളിൽ സമയം ചെലവിടുന്നതു കുറഞ്ഞതോടെ, അത് കോണ്ടം വിപണിയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്.

condom sales drop in india premarital sex avoiding condoms  says study
Author
Delhi, First Published Jul 19, 2021, 11:45 AM IST

ഇന്ത്യയിൽ ആകെ 136 കോടിയിലേറെ ജനങ്ങളുണ്ട്. അതിൽ പകുതിയും 24 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. 65 ശതമാനത്തിൽ അധികം പേരും 35 വയസ്സിനു മേലെ പ്രായമുള്ളവരാണ്. അവർ ആരോഗ്യത്തോടെ ഇരിക്കേണ്ടതും, ആരോഗ്യമുള്ള ഒരു വരും തലമുറയ്ക്ക് ജൻമം നൽകേണ്ടതും വളരെ അത്യാവശ്യമാണ്. എന്നാൽ, കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ല എന്നാണ്, ഇന്ത്യയിലെ ആദ്യത്തെ 'കോണ്ടമോളജി' റിപ്പോർട്ട് പറയുന്നത്. കൺസ്യൂമർ, കോണ്ടം, സൈക്കോളജി എന്നീ ഇംഗ്ലീഷ് വാക്കുകൾ ചേർത്താണ് ഇങ്ങനെ പുതിയൊരു സംജ്ഞക്ക് സാമ്പത്തിക ശാസ്ത്രജ്ഞർ രൂപം കൊടുത്തിട്ടുള്ളത്. കോണ്ടം അലയൻസ് എന്ന സംഘടനയാണ് ഇന്ത്യയിലെ യുവജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെ ഒരു പഠനത്തിന് മുൻകൈ എടുത്തത്. ഈ പഠനം പറയുന്നത്, രാജ്യത്ത് നടക്കുന്ന അവിചാരിത ഗർഭങ്ങളുടെയും, അസുരക്ഷിത ഗർഭച്ഛിദ്രങ്ങളുടെയും, ലൈംഗിക രോഗങ്ങളുടെയും എണ്ണം കൂടിക്കൂടി വരികയാണ് എന്നാണ്. കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നതോ, കോണ്ടം ഉപഭോഗത്തിൽ കഴിഞ്ഞ പത്തുവർഷം കൊണ്ടുണ്ടായിട്ടുള്ള 76.5 ശതമാനത്തിന്റെ ഇടിവും. 2008-09 കാലത്ത്, ഏതാണ്ട് 1.9 കോടി ഉപഭോക്താക്കൾ ഉണ്ടായിരുന്ന ഇന്ത്യൻ വിപണിയിൽ 2019-20 -ൽ അത് 45 ലക്ഷമായി ഇടിഞ്ഞു എന്നാണ് ഹെൽത്ത് മാനേജ്‌മെന്റ് ഇൻഫോർമേഷൻ സിസ്റ്റം സർവേ സൂചിപ്പിക്കുന്നത്.

 

condom sales drop in india premarital sex avoiding condoms  says study

 

ലോക്ക് ഡൌൺ കാലത്ത് തുടക്കത്തിൽ കോണ്ടം വില്പനയിൽ വർധനവുണ്ടായി എങ്കിലും, ആളുകൾ തമ്മിൽ പുറത്തിറങ്ങി പരസ്പരം കാണുന്നതും യുവതീയുവാക്കൾ പൊതു ഇടങ്ങളിൽ സമയം ചെലവിടുന്നതും കുറഞ്ഞതോടെ അത് കോണ്ടം വിപണിയെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ദേശീയ കുടുംബാരോഗ്യ സർവേ 4 ന്റെ ഫലങ്ങൾ പ്രകാരം 20 നും 24 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ 80 ശതമാനവും അവരുടെ ഏറ്റവും അവസാനത്തെ പങ്കാളിയുമായി ലൈംഗികമായി ബന്ധപ്പെട്ടപ്പോൾ കോണ്ടം ഉപയോഗിച്ചിട്ടില്ല. വിവാഹപൂർവ രതിബന്ധങ്ങൾക്കിടയിൽ വെറും 7 ശതമാനം സ്ത്രീകളും 27 ശതമാനം പുരുഷന്മാരും മാത്രമാണ് കോണ്ടം ഉപയോഗിക്കാൻ ശ്രദ്ധ ചെലുത്തിയിട്ടുള്ളത് എന്നും പഠനം പറയുന്നു. ആഗോള സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള യുവാക്കളും ഇന്ത്യയിലെ യുവാക്കളും തമ്മിൽ ഇക്കാര്യത്തിൽ നിലനിൽക്കുന്ന സാംസ്കാരികമായ അന്തരം തന്നെയാണ് ഈ കുറവിന് പ്രധാന കാരണം എന്നാണ്. 

 

condom sales drop in india premarital sex avoiding condoms  says study

 

ഫോർബ്‌സ് ഇന്ത്യ നടത്തിയ ഒരു സർവേയോട് പ്രതികരിച്ചു കൊണ്ട്, ദീപക് കുമാർ എന്ന ഒരു എഫ്എംസിജി എക്സിക്യൂട്ടീവ് പറഞ്ഞത് താൻ നാലാമതും ഒരു കുഞ്ഞിന്റെ അച്ഛനാകാൻ  പോവുകയാണ് എന്നായിരുന്നു. ഇത്തവണ പറ്റേർണിറ്റി ലീവ് അനുവദിച്ചില്ല എന്നുള്ള സങ്കടവും ദീപക് പങ്കുവെക്കുന്നുണ്ട്. "എന്തിനാണ് ഇത്രയധികം കുഞ്ഞുങ്ങൾ?" എന്ന ചോദ്യത്തോട് ദീപക് പ്രതികരിക്കുന്നത്, "നിങ്ങൾക്ക് എന്താണ് ബുദ്ധിമുട്ട്?  എനിക്ക് പോറ്റാൻ യാതൊരു പ്രയാസവുമില്ല. " എന്നായിരുന്നു. കോണ്ടം ഉപയോഗിക്കാറില്ല എന്ന് ചോദിച്ചപ്പോൾ, " കോണ്ടം ഉപയോഗിക്കുമ്പോൾ രതിയുടെ ആവേശം നഷ്ടപ്പെടുന്നു. എനിക്ക് സുഖം കിട്ടുന്നത് കുറയുന്നു." എന്നാണ് അദ്ദേഹം പറഞ്ഞത്. "അല്ലെങ്കിലും ഇത് എയിഡ്സ് വരാതിരിക്കാൻ വേണ്ടിയുള്ള സംഗതി അല്ലേ? ഞാൻ എന്റെ ഭാര്യയോട് മാത്രമേ ബന്ധപ്പെടാറുള്ളൂ. അവർ ഗർഭ നിരോധ ഗുളികകൾ കഴിക്കുന്നുണ്ട്." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മെഡിക്കൽ ഷോപ്പിലും മറ്റും പോയി കോണ്ടം ചോദിച്ചു വാങ്ങാനുള്ള മടിയും യുവാക്കളെ കോണ്ടം ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നുണ്ട്. ഇന്ന് നഗരങ്ങളിലെ പല സൂപ്പർമാർക്കറ്റുകളും കോണ്ടം പാക്കറ്റുകൾ പരസ്യമായി തന്നെ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട് എങ്കിലും, ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ഒക്കെ ഇന്നും അത് രഹസ്യമായി പൊതിഞ്ഞു മാത്രം വിൽക്കപ്പെടുന്ന ഒന്നാണ്. 

ഈ അവസ്ഥയിൽ മാറ്റമുണ്ടാവാനും യുവാക്കൾ കൂടുതൽ ആരോഗ്യകരമായ ചർച്ചകൾ ലൈംഗികതയെക്കുറിച്ച് നടത്താനും വേണ്ട ഇടപെടലുകൾ ഗവൺമെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട് എന്ന് കോണ്ടം അലയൻസിന്റെ എക്സ്ടെർണൽ അഫയേഴ്‌സ് ഡയറക്ടർ രവി ഭട്നഗർ പറഞ്ഞു. "ഗർഭ നിരോധനത്തിനുള്ള സുരക്ഷിത മാർഗങ്ങളെക്കുറിച്ച് ഇന്ത്യൻ യുവാക്കൾ ഇനിയും നാണമോ അപകർഷതയോ കൂടാതെ തുറന്നു സംസാരിക്കേണ്ടതുണ്ട്" എന്ന് 'ലവ് മാറ്റേഴ്സ്' എന്ന സംഘടനയുടെ സ്ഥാപകാംഗമായ വീഥിക യാദവും പറഞ്ഞു. 

Follow Us:
Download App:
  • android
  • ios