കൊറോണവൈറസിന്റെ വാഹകര്‍ വവ്വാലുകള്‍ തന്നെയെന്നും വിവിധ തരം വവ്വാലുകളില്‍ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് ഒരു പഠനം. 'സയന്റിഫിക് റിപ്പോര്‍ട്ട്സ്' എന്ന പ്രസിദ്ധീകരണത്തിൽ വന്ന റിപ്പോർട്ടാണ് പഠനത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

സസ്യങ്ങളിൽ പരാഗണം നടത്തുക, രോഗാണുക്കളെ വഹിക്കുന്ന പ്രാണികളെ ഭക്ഷിക്കുക, ഉഷ്ണമേഖലാവനങ്ങളിലെ മരങ്ങളുടെ വിത്തുകൾ വിതരണം ചെയ്യുക തുടങ്ങിയ പല ഉപകാരങ്ങളും വവ്വാലുകളെക്കൊണ്ടുണ്ടെങ്കിലും, അവർ കൊറോണാവൈറസുകളുടെ സ്വാഭാവിക വാഹകർ കൂടിയാണ് എന്നത് ഒരു യാഥാർത്ഥ്യമാണെന്നും ദശലക്ഷക്കണക്കിന് വർഷങ്ങളായി വവ്വാലുകള്‍ കൊറോണവൈറസിനെ ശരീരത്തില്‍ വഹിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. 

കേരളത്തില്‍ രണ്ടിനം വവ്വാലുകളില്‍ കൊറോണ വൈറസ് സാന്നിധ്യമെന്ന് പഠനം...

കൊറോണവൈറസ് കാലങ്ങളായി വവ്വാലുകളുടെ ശരീരത്തിലുണ്ട്. ഇരുവരുടെയും വളര്‍ച്ച ഒരുമിച്ച് തന്നെയാണ് നടന്നതെന്ന് ചിക്കാഗോയിലെ ഫീൽഡ് മ്യൂസിയത്തിലെ ​ഗവേഷകൻ സ്റ്റീവ് ഗുഡ്മാൻ പറഞ്ഞു. വവ്വാലുകളിലെ വ്യത്യസ്തമായ 36 വിഭാഗങ്ങളെയാണ് പഠന വിധേയമാക്കിയത്. പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ആഫ്രിക്കയുടെ സമീപ പ്രദേശങ്ങളിലുമുള്ള വവ്വാലുകളെയാണ് ഇതിനായി ഉപയോഗിച്ചത്. ഇതില്‍ നിന്നാണ് കാലങ്ങളായി വവ്വാലുകളും കൊറോണ വൈറസും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതെന്ന് സ്റ്റീവ് ഗുഡ്മാന്‍ പറഞ്ഞു. 

പലതരത്തിലുള്ള കൊറോണ വെെറസുകളുണ്ട്. വിവിധ തരത്തിലാണ് ഇവ പെരുമാറുക. ഇവയെല്ലാം വസിക്കുന്നത് വവ്വാലുകളുടെ ശരീരത്തിലാണ്. ഇതുവരെ ഇവയെല്ലാം മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നതായോ പടരുന്നതായോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അപകടസാധ്യതയുണ്ടെന്ന് പറയാനാവില്ല. ഒരു വൈറസ് ശരീരത്തില്‍ എത്താന്‍ ആ ശരീരത്തിന്റെ ആവാസ വ്യവസ്ഥ വളരെ പ്രധാനമാണെന്നും സ്റ്റീവ് പറയുന്നു. 

വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതിന് കാരണം വന്യജീവികളുമായുള്ള ഇടപെടലെന്ന് ഗവേഷകര്‍...

എന്നാല്‍ വവ്വാലുകളുടെ ശരീരത്തില്‍ ഇത് അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇത് മറ്റ് മൃഗങ്ങളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു. ഈ വൈറസുകൾ വവ്വാലുകൾക്ക് തീർത്തും നിരുപദ്രവകരമായിരിക്കെത്തന്നെ, അവയിൽ നിന്ന് മറ്റു ജീവിവർഗ്ഗങ്ങളിലേക്ക് പകരാൻ ഇടയായാൽ അത് അവരെ വളരെ മാരകമായി ആക്രമിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് 19 മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.