കൊറോണ ബാധിച്ചവരിൽ അഞ്ചു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. യു എസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കൊറോണ വൈറസ് മൂലമുണ്ടായ ‌കൊവിഡ് -19 ബാധിക്കുന്ന ഭൂരിഭാഗം രോഗികളിലും അണുബാധയേറ്റ് ഏകദേശം അഞ്ച് ദിവസമാകുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമെന്ന് ​ഗവേഷകർ പറയുന്നു. 

കൊറോണ വൈറസ്– SARS-CoV-2 ന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയ 97.5 ശതമാനം ആളുകളിലും, വൈറസ് ബാധ ഉള്ളവരുമായി സമ്പർക്കമുണ്ടായി 11.5 ദിവസത്തിനുള്ളിൽ തന്നെ അണുബാധ ഉണ്ടായതായി കണ്ടു.14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യപ്പെട്ട 10,000 പേരിൽ, ക്വാറന്റൈൻ കാലാവധി കഴിഞ്ഞിട്ടും 101 പേരിൽ മാത്രമാണ് ലക്ഷണങ്ങൾ പ്രകടമായത് എന്നും തെളിഞ്ഞു. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി 14 ദിവസത്തെ ക്വാറന്റൈൻ തന്നെ മതിയാകും എന്ന് പഠനത്തിനു നേതൃത്വം നൽകിയ ജസ്റ്റിൻ ലെസ്‍ലൽ പറഞ്ഞു. 

പനി, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ പ്രത്യക്ഷപ്പെടുന്നതോടെ വൈറസ് ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് ഉറപ്പിക്കാം. അതുകൊണ്ടുതന്നെ നിലവില്‍ ലോകാരോഗ്യസംഘടന ഉള്‍പ്പടെ നിര്‍ദേശിച്ചിട്ടുള്ള 14 ദിവസത്തെ ക്വാറന്റൈനിലുള്ള നിരീക്ഷണം എല്ലാവരും പാലിക്കണമെന്നും പഠനത്തിൽ പറയുന്നു. “വൈറസിന്‍റെ ഇൻകുബേഷൻ കാലാവധി അഞ്ച് ദിവസമാണെന്ന് ഉറപ്പുണ്ട്,” 181 കേസുകളിൽ രോഗത്തിന്റെ പുരോഗതി വിശകലനം ചെയ്താണ് പഠനം നടത്തിയതെന്ന് ജസ്റ്റിൻ ലെസ്‍ലൽ പറഞ്ഞു. 

2002–04 കാലയളവിൽ ചൈനയിലും ഹോങ്കോങ്ങിലും പൊട്ടിപ്പുറപ്പെട്ട SARS-CoV എന്ന രോഗബാധയുടെ അതേ ഇൻക്യുബേഷൻ പീരിയഡ് തന്നെയാണ് SARS-CoV-2 എന്ന പുതിയ കൊറോണ വൈറസിനും. മധ്യ കിഴക്കൻ രാജ്യങ്ങളിൽ നൂറോളം പേരെ ബാധിച്ച MERS-CoV എന്ന കൊറോണ വൈറസിന്റെ ഇൻക്യുബേഷൻ പീരിയഡ് 5–7 ദിവസം വരെ ആയിരുന്നു.