ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച  വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് രാജ്യങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച നോവല്‍ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. 

ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ, പനി, ന്യുമോണിയ, ശ്വാസതടസ്സം, ഛർദി, വയറിളക്കം , മൂക്കൊലിപ്പ് , തൊണ്ടവേദന തുടങ്ങിയവയാണ് കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങൾ. ശ്രദ്ധിക്കേണ്ട അഞ്ച് ഘട്ടങ്ങള്‍ ഉണ്ടെന്നാണ് ഡോ. ബി പത്മകുമാര്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ ചെറിയ പനി, ജലദോഷം, ചുമ, തൊണ്ടവേദന, തലവേദന എന്നിവയാണ് ഉണ്ടാകുന്നത്. വൈറസ് പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ നാല് ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. 

രണ്ടാം ഘട്ടത്തില്‍ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമെന്നും ഡോക്ടര്‍ പറയുന്നു. അതായത് പനി, ചുമ, ശ്വാസതടസ്സം , ഉയര്‍ന്ന ശ്വസനനിരക്ക് എന്നിവയാണ് ലക്ഷണങ്ങള്‍. 

മൂന്നാം ഘട്ടത്തില്‍ ശ്വാസകോശ അറകളില്‍ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ, രക്തസമ്മര്‍ദം താഴുകയും കടുത്ത ശ്വാസതടസ്സമുണ്ടാവുകയും ചെയ്യാം. ഉയർന്ന ശ്വാസനിരക്കും അബോധാവസ്ഥയും ചിലപ്പോള്‍ ഉണ്ടാകാം. 

നാലാം ഘട്ടത്തില്‍ രക്തസമ്മർദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരികാവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കാം. 

അഞ്ചാം ഘട്ടത്തില്‍ വൈറസുകള്‍ ആന്തരിക അവയവങ്ങളെ വരെ ബാധിക്കാം എന്നും ഡോക്ടര്‍ പറയുന്നു.

പൊതുജനങ്ങൾ ഈ ഘട്ടത്തിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ...
 

1.  ഒഴിവാക്കാവുന്ന പൊതു ചടങ്ങുകൾ ഒഴിവാക്കുക. തിരക്കുള്ള എല്ലാ സ്ഥലത്തു നിന്നും വിട്ടു നിൽക്കുക.
 
2. ഹസ്‌തദാനം ഒഴിവാക്കുക,  ഷേക്ക് ഹാൻഡ് കൊടുക്കുന്നത് മറ്റൊരാളുടെ വിരലുകളിൽ പറ്റിയിരിക്കുന്ന രോഗാണുക്കൾ നമ്മുടെ കയ്യിൽ വന്നെത്താനുള്ള എളുപ്പ മാർഗമായാണ് വൈദ്യശാസ്ത്രം കാണുന്നത്.
 
3. പൊതുസ്ഥലങ്ങളിൽ പോകുന്നവർ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകാൻ ശ്രദ്ധിക്കണം. ഇരുപതു സെക്കന്റെങ്കിലും എടുത്തു വേണം കഴുകാൻ. 

4. വിരലുകൾ കൊണ്ട് മുഖത്ത് ഇടയ്ക്കിടയ്ക്ക് സ്‌പർശിക്കാതിരിക്കുക.

5. ഡോർ ഹാൻഡിലുകളിലും ഗോവണിപ്പടിയുടെ റൈലിങ്ങുകളിലും പൊതു സ്ഥലത്തുള്ള ടാപ്പുകളിലും മറ്റും കഴിവതും  സ്‌പർശിക്കാതിരിക്കുക

6. ചുമ, തുമ്മൽ മുതലായവ ഉള്ളവരിൽ നിന്നും പരമാവധി (മൂന്നടിയെങ്കിലും) അകലം പാലിക്കുക. അഥവാ പനി ചുമ ജലദോഷം എന്നിവ പിടിപെട്ടാൽ വീട്ടിൽ ഒതുങ്ങിക്കഴിയുക. പനി മാറി രണ്ടു ദിവസം കഴിയാതെ സ്‌കൂളിലോ ജോലിസ്ഥലത്തോ പൊതുസ്ഥലത്തോ പോകരുത്.

7. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടു മടക്കി അതിലേക്കു തുമ്മുക, നമ്മുടെ ഉള്ളിലെ സ്രവങ്ങൾ മറ്റുള്ളവരുടെ ദേഹത്തോ നമ്മുടെ വിരലുകളിലോ പറ്റിയിരിക്കാതിരിക്കാൻ ഇതുപകരിക്കും. ഏതു വൈറൽ പനി വന്നാലും പാലിക്കേണ്ട ശീലങ്ങളാണിവ.