ലോകരാജ്യങ്ങളെയൊന്നാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാത്രകള്‍ പരമാവധി ഒഴിവാക്കണം എന്ന് ആരോഗ്യ മന്ത്രാലയം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവാക്കാന്‍ കഴിയാത്ത യാത്രകളില്‍ വളരെ ജാഗ്രത പാലിക്കണം. ബസ്സിലും ട്രെയിനിലും ദിവസവും യാത്ര ചെയ്യുന്നവര്‍ എങ്ങനെ ശുചിത്വം പാലിക്കണം എന്ന് ഡോ. ഷിംന അസീസ് നിര്‍ദ്ദേശിക്കുന്നു. 

1. ദിവസവും ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്നവര്‍ കയ്യില്‍ സാനിറ്റൈസര്‍ കരുതണം. കാരണം ബസ്സിലും ട്രെയിനിലും മറ്റും വാതിലുകളിലും ജനലുകളിലെ കമ്പികളിലും പിടിക്കേണ്ടി വരും. ഇവിടെയൊക്കെ ഒരുപാട് ആളുകള്‍ പിടിക്കുന്നത് കൊണ്ട് വളരെ അധികം ശ്രദ്ധിക്കണം. സാനിറ്റൈസര്‍ കയ്യില്‍ ഇല്ലെങ്കില്‍ കൈ കൊണ്ട്  മുഖത്ത് തൊടുന്നത് കഴിവതും ഒഴിവാക്കുക. 

2. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്ന സഹയാത്രികരുടെ മുന്നില്‍ നില്‍ക്കാതെ കുറച്ച് അകലം പാലിക്കുക. 

3. യാത്ര ചെയ്യുമ്പോള്‍ സഹയാത്രികരുടെ തോളില്‍ കയ്യിടുക, കെട്ടിപ്പിടിക്കുക തുടങ്ങിയവ  ഒഴിവാക്കണം.   

4. യാത്ര കഴിഞ്ഞ് വീടിനുളളില്‍ കയറുന്നതിന് തൊട്ടുമുന്‍പ് തന്നെ കയ്യും കാലും മുഖവുമെല്ലാം കഴുകണം. 

5. യാത്ര ചെയ്തപ്പോള്‍ ധരിച്ച വസ്ത്രങ്ങള്‍ നന്നായി കഴുകി സൂക്ഷിക്കണം.