കൊവിഡ് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അമേരിക്കന്‍ കമ്പനിയുടെ നീക്കം വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസിലെ 'മോഡേണ' കമ്പനിയാണ് നാഷനല്‍‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്ന് വാക്സിന്‍ വികസിപ്പിക്കുന്നത്. യുഎസിലെ പ്രമുഖ ബയോടെക് കമ്പനിയാണ് മോഡേണ. 

മോഡേണയുടെ പരീക്ഷണാത്മക വാക്സിന്‍ സുരക്ഷിതമാണെന്നും ആരോഗ്യമുള്ള 45 സന്നദ്ധപ്രവര്‍ത്തകരില്‍ രോഗപ്രതിരോധം കാണിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നതായി 'ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ട് ഡോസ് വാക്സിന്‍ ലഭിച്ച സന്നദ്ധപ്രവര്‍ത്തകരില്‍ ഉയര്‍ന്ന അളവില്‍ വൈറസിനെ നശിപ്പിക്കുന്ന ആന്‍റിബോഡികള്‍ ഉണ്ടായിരുന്നു. ഇത് കൊവിഡ് മുക്തി നേടിയ ആളുകളില്‍ കാണുന്ന ശരാശരി അളവിനേക്കാള്‍ കൂടുതലാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണം നടത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ പകുതിയിലധികം പേര്‍ക്കും ചെറിയ രീതിയില്‍ ക്ഷീണം, തലവേദന, പേശിവേദന എന്നിവ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകള്‍ കൂടി തുടര്‍ന്നശേഷമേ മരുന്നിന് സര്‍ക്കാര്‍ അംഗീകാരം നല്‍കൂ. 18നും 55നും ഇടയില്‍ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്സിന്‍ പരീക്ഷിച്ചത്. കൂടുതല്‍ ആളുകളില്‍ പരീക്ഷണം നടത്തിയാല്‍ മാത്രമേ പൂര്‍ണ വിജയമെന്ന് പറയാനാന്‍ കഴിയുകയുള്ളൂ. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞരുടെ തീരുമാനം. ഈ വര്‍ഷം തന്നെ വാക്സിന്‍ വിപണിയിലെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അതേസമയം, ലോകത്തിലെ ആദ്യത്തെ കൊവിഡ് 19 വാക്സിൻ അടുത്ത മാസം പകുതിയോടെ പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് റഷ്യൻ ശാസ്ത്രജ്ഞർ. കൊവിഡിനെതിരായ വാക്‌സിന്റെ 'ക്ലിനിക്കൽ ട്രയൽ' വിജയകരമായി പൂർത്തിയാക്കിയതായി റഷ്യ വ്യക്തമാക്കിയിരുന്നു. റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നത്. 

Also Read: കൊവിഡ് വാക്സിൻ അടുത്ത മാസം പകുതിയോടെ പുറത്തിറക്കുമെന്ന അവകാശവാദവുമായി റഷ്യ...