കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിലെ വിദൂരമായ പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടി ദില്ലിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജായ സീമ മെയിനി. ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു ജഡ്ജ്. 

2013ല്‍ ദില്ലിയിലെ ഒരാശുപത്രിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂത്ത മകളെ ഡോക്ടറെ കാണിക്കാനായി അമ്മ അകത്തേക്ക് കൊണ്ടുപോയി. ഏഴ് വയസുകാരിയായ ഇളയ മകളെ വെയിറ്റിംഗ് മുറിയിലിരുത്തിയാണ് അവര്‍ പോയത്. 

തിരിച്ചുവന്നപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെയാണ് അവര്‍ കണ്ടത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ കുഞ്ഞ് തന്നെ ഒരാള്‍ ഉപദ്രവിച്ചുവെന്ന് പറഞ്ഞു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞത്. വിശദാന്വേഷണത്തില്‍ ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തുന്ന നാല്‍പതുകാരനായ ആളാണ് പ്രതിയെന്ന് ഇവര്‍ കണ്ടെത്തി. 

അങ്ങനെ അയാള്‍ക്കെതിരെ ആ അമ്മ പരാതി നല്‍കി. ആരോപണങ്ങളെല്ലാം നിഷേധിച്ചുവെങ്കിലും കോടതി അയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. അഞ്ച് വര്‍ഷം തടവും പിഴയുമാണ് പോസ്‌കോ നിയമപ്രകാരം ഇയാള്‍ക്ക് വിധിച്ച ശിക്ഷ. ശിക്ഷാവിധിക്കിടെയാണ് കുഞ്ഞുങ്ങള്‍ക്കെതിരായ ലൈംഗികക്കുറ്റങ്ങളുടെ തീവ്രതയെക്കുറിച്ച് ജഡ്ജ് വിശദമായി സംസാരിച്ചത്. 

'കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗികചൂഷണം, അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും അവരില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. മാനസികമായ അവരുടെ വളര്‍ച്ചയെ വലിയ പരിധി വരെ അത് മുരടിപ്പിക്കും. ജീവിതത്തോട് അവര്‍ക്കുള്ള കാഴ്ചപ്പാട് തന്നെ ആ അനുഭവം മാറ്റിമറിക്കും. എന്തിനേയും ഏതിനേയും സംശയത്തോടെ മാത്രം സമീപിക്കുന്ന അവസ്ഥയിലേക്ക് അവരെത്തും...

നമ്മള്‍ കരുതും ഈ പ്രശ്‌നങ്ങളെല്ലാം വളര്‍ന്നുവരുമ്പോള്‍ മാറിവരുമെന്ന്. അങ്ങനെ ചിന്തിച്ചാല്‍ തെറ്റി. ചെറുതിലേ അവരുടെ മനസിനേല്‍ക്കുന്ന ആഘാതം, പിന്നീടൊരിക്കലും പരിഹരിക്കാവുന്നതല്ല. ഒരു ജനതയുടെ നെടുന്തൂണുകളായി വേണം നമ്മള്‍ കുട്ടികളെ കാണാന്‍. ശാരീരികമായും മാനസികമായും സാമൂഹികമായുമെല്ലാം അവരെ മികച്ച വ്യക്തിത്വങ്ങളായി വാര്‍ത്തെടുക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. ഇതിനൊപ്പം തന്നെ അവരുടെ വൈകാരികാവസ്ഥകളെക്കൂടി നമ്മള്‍ കാണണം...'- സീമ മെയിനി കോടതിയില്‍ പറഞ്ഞു. 

ഇത്രയും വിഷയങ്ങള്‍ ഉള്‍ക്കൊണ്ടാണ് പ്രതിക്ക് മാതൃകാപരമായ ശിക്ഷ വിധിക്കാന്‍ തീരുമാനിച്ചതെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് 'ദില്ലി സ്റ്റെയ്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി'യോട് പീഡനത്തിനിരയായ കുട്ടിയുടെ കുടുംബത്തിന് സഹായധനം നല്‍കാനും കോടതി നിര്‍ദേശിച്ചു.