പുറമേക്ക് എല്ലാം സാധാരണമായി തോന്നാമെങ്കിലും ഉള്ളിൽ വലിയൊരു മാനസിക പോരാട്ടം നടക്കുന്നുണ്ടാകാം. ഇത്തരമൊരു അവസ്ഥയിലാണ് ശരീരം 'സർവൈവൽ മോഡിലേക്ക്' കടക്കുന്നത്.

ജോലിസ്ഥലത്തെ അമിത സമ്മർദ്ദം, വ്യക്തിബന്ധങ്ങളിലെ മാനസിക സംഘർഷങ്ങൾ, അല്ലെങ്കിൽ ദൈനംദിന ജീവിതത്തിൽ ഒന്നിനുപുറകെ ഒന്നായി വരുന്ന ഉത്തരവാദിത്തങ്ങൾ ഇവയെല്ലാം നമ്മെ മാനസികമായി തളർത്താറുണ്ട്. പുറമേക്ക് എല്ലാം സാധാരണമായി തോന്നാമെങ്കിലും ഉള്ളിൽ വലിയൊരു മാനസിക പോരാട്ടം നടക്കുന്നുണ്ടാകാം. ഇത്തരമൊരു അവസ്ഥയിലാണ് ശരീരം 'സർവൈവൽ മോഡിലേക്ക്' കടക്കുന്നത്. ഇതൊരു പ്രതിരോധ സംവിധാനമാണ്. കൂടുതൽ സമ്മർദ്ദങ്ങൾ താങ്ങാനാകാതെ വരുമ്പോൾ, ദിവസേനയുള്ള കാര്യങ്ങൾ എങ്ങനെങ്കിലും മുന്നോട്ടുകൊണ്ടുപോകാൻ നമ്മൾ സ്വയം മനസ്സിനെ പാകപ്പെടുത്തുന്ന അവസ്ഥയാണിത്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.

അമിതമായ മറവി

ഒരു കഥയോ കാര്യങ്ങളോ പറഞ്ഞു വരുമ്പോൾ പെട്ടെന്ന് പാതിയിൽ മറന്നുപോവുക, താക്കോലോ ഫോണോ ഒരു ദിവസം തന്നെ നിരവധി തവണ എവിടെയെങ്കിലും വെച്ച് തിരയുക എന്നിവ സർവൈവൽ മോഡിന്റെ ലക്ഷണമാണ്. സമ്മർദ്ദം കാരണം തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

വെളുപ്പിന് 3 മണിക്ക് ഉത്കണ്ഠയോടെ ഉണരുക

ഇടയ്ക്കിടെ രാത്രിയിൽ ഉറക്കം ഉണരുന്നത് സാധാരണയാണെങ്കിലും, കൃത്യമായി പുലർച്ചെ 3 മണിയോടെ ഉണരുകയും തലച്ചോർ സജീവമായി പിന്നീട് ഉറങ്ങാൻ കഴിയാതെ വരികയും ചെയ്യുന്നത് അമിത ഉത്കണ്ഠയുടെയും സമ്മർദ്ദത്തിന്റെയും ലക്ഷണമാണ്.

പെട്ടെന്നുള്ള ദേഷ്യവും അസ്വസ്ഥതയും

കാര്യമില്ലാതെ ചുറ്റുമുള്ളവരോട് ദേഷ്യപ്പെടുകയോ പെട്ടെന്ന് അസ്വസ്ഥരാവുകയോ ചെയ്യുന്നുണ്ടോ? അമിത സമ്മർദ്ദം മൂലവും നാഡീവ്യൂഹം തളർന്നിരിക്കുന്നത് മൂലവുമാണ് ക്ഷമ നഷ്ടപ്പെടുന്നത്.

എപ്പോഴും നിഷേധാത്മക ചിന്തകളിൽ കുടുങ്ങിപ്പോവുക

മനസ്സ് സർവൈവൽ മോഡിലാകുമ്പോൾ പോസിറ്റീവ് വികാരങ്ങൾ കുറയുകയും സമ്മർദ്ദം, മാനസിക ഭാരം തുടങ്ങിയ നിഷേധാത്മക അനുഭവങ്ങളിൽ മാത്രം കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു.

എല്ലാ കാര്യങ്ങളും നിയന്ത്രിക്കാനുള്ള പ്രവണത

ജീവിതത്തിലെ പ്രധാന കാര്യങ്ങൾ നിയന്ത്രണാതീതമായി തോന്നുമ്പോൾ, കൂടുതൽ അപകടസാധ്യതകൾ ഒഴിവാക്കാനായി ചുറ്റുമുള്ള സാഹചര്യങ്ങളെയും മറ്റുള്ളവരെയും അമിതമായി നിയന്ത്രിക്കാൻ ശ്രമിക്കും. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ, നിങ്ങൾ നിങ്ങളുടെ മനസ്സിന് ആവശ്യമായ വിശ്രമം നൽകേണ്ടതുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സ്വയം പരിചരണത്തിനും വിദഗ്ധ സഹായത്തിനും മുൻഗണന നൽകേണ്ടതുണ്ട്.