Asianet News MalayalamAsianet News Malayalam

രോഗി പെടുന്നനെ തളര്‍ന്നുവീണു; കയ്യെത്തും ദൂരത്തുണ്ടായിരുന്ന ഡോക്ടര്‍ രക്ഷയായി

ചികിത്സയ്ക്കെത്തിയ രോഗിയും കൂടെയുണ്ടായിരുന്നയാളും ഡോക്ടര്‍ക്ക് അഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ്. സംസാരിക്കുന്നതിനിടെ പെടുന്നനെ രോഗി അബോധാവസ്ഥയിലേക്ക് പോവുകയായിരുന്നു. അവശനായതോടെ ഇത് പറയാൻ പോലുമാകാതെ മേശപ്പുറത്ത് തട്ടിയാണ് ഇദ്ദേഹം ഡോക്ടറുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

doctor attends patient within no time after he collapsed
Author
First Published Sep 5, 2022, 4:49 PM IST

അപ്രതീക്ഷിതമായി സംഭവിക്കുന്ന അസുഖങ്ങള്‍, അതിന് സമയബന്ധിതമായി ചികിത്സ കിട്ടാതിരിക്കുന്ന അവസ്ഥയെല്ലാമാണ് പലപ്പോഴും ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് വരെയെത്തിക്കുന്നത്. പ്രത്യേകിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ - ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അവസ്ഥകളിലെല്ലാം പ്രാഥമിക ചികിത്സ ലഭ്യമാകാത്തത് മൂലമാണ് അനവധി കേസുകളിലും രോഗിക്ക് ജീവൻ നഷ്ടപ്പെടുന്നത്.

ഇപ്പോഴിതാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിക്ക് പെടുന്നനെ മെഡിക്കല്‍ രക്ഷ ആവശ്യമായി വന്ന സമയത്ത് സമയോചിതമായി ഡോക്ടര്‍ ഓടിയെത്തി ഇടപെടുന്നൊരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

ചികിത്സയ്ക്കെത്തിയ രോഗിയും കൂടെയുണ്ടായിരുന്നയാളും ഡോക്ടര്‍ക്ക് അഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ്. സംസാരിക്കുന്നതിനിടെ പെടുന്നനെ രോഗി അബോധാവസ്ഥയിലേക്ക് പോവുകയായിരുന്നു. അവശനായതോടെ ഇത് പറയാൻ പോലുമാകാതെ മേശപ്പുറത്ത് തട്ടിയാണ് ഇദ്ദേഹം ഡോക്ടറുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 

വൈകാതെ തന്നെ ഇദ്ദേഹത്തിന്‍റെ തല പുറകുവശത്തേക്ക് പോവുകയും, അബോധാവസ്ഥയിലേക്ക് കടക്കാനൊരുങ്ങുകയും ചെയ്യുകയാണ്. എന്നാല്‍ അപ്പോഴേക്ക് ഡോക്ടര്‍ ഓടി ഇദ്ദേഹത്തിന്‍റെ അരികിലെത്തുകയും ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ആണെന്ന് പരിശോധിക്കുകയും ചെയ്യുകയാണ്.

വീഡിയോ കണ്ടവരില്‍ മിക്കവരും ഇത് ഹൃദയാഘാതമാണെന്നാണ് ധരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ഇദ്ദേഹത്തിന് സിപിആര്‍ നല്‍കുകയാണെന്നും ഏവരും ധരിച്ചിരിക്കുന്നു. എന്നാല്‍ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ അല്ല ഇദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്. സാധാരണനിലയിലുള്ള തലകറക്കം മാത്രമാണിത്. ഒരുപക്ഷേ ബിപിയില്‍ വന്ന വ്യതിയാനമോ മറ്റോ ആകാം ഇതിന് കാരണം. 

ഹൃദയം അപകടത്തിലാണെങ്കില്‍ രോഗിയുടെ പള്‍സ് താഴുകയോ നിലയ്ക്കുകയോ ചെയ്യാം. അതുപോലെ ഹൃദയസ്തംഭനമാണെങ്കില്‍ ശ്വാസമെടുക്കുന്നതും നിലയ്ക്കാം. ഇത് കഴുത്തിലെ പള്‍സും, ശ്വസനനിലയും നോക്കി സെക്കൻഡുകള്‍ക്കകം തന്നെ മനസിലാക്കി സിപിആര്‍ നല്‍കാൻ സാധിച്ചാല്‍ മാത്രമേ രോഗി തിരികെ ജീവിതത്തിലേക്ക് വരൂ. 

പെടുന്നനെ ഒരാള്‍ കുഴഞ്ഞുവീഴുകയോ അബോധാവസ്ഥയിലേക്ക് പോവുകയോ ചെയ്താല്‍ ആദ്യം രോഗിയെ ശക്തിയായി തട്ടി വിളിക്കുകയാണ് വേണ്ടത്. ഇതിന് രോഗി പ്രതികരിക്കുന്നുണ്ടെങ്കില്‍ തല്‍ക്കാലം ഭയപ്പെടാനില്ല. ശ്വാസം എടുക്കുന്നുമുണ്ടെങ്കില്‍ രോഗി മരണത്തിലേക്ക് കടക്കുകയല്ല എന്നുറപ്പിക്കാം. 

രോഗി പ്രതികരിക്കാതിരിക്കുകയും ശ്വാസം എടുക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിപിആര്‍ നല്‍കുന്നത്. ഈ വീഡിയോയില്‍ ഡോക്ടര്‍ രോഗി പ്രതികരിക്കുന്നുണ്ടോയെന്നതാണ് പരിശോധിക്കുന്നത്. സിപിആര്‍ നല്‍കുന്നതല്ല. രോഗി പ്രതികരിച്ചതോടെ അപകടകരമായ സാഹചര്യമല്ലെന്ന് ഡോക്ടര്‍ മനസിലാക്കിയിരിക്കുകയാണ്. 

എങ്കിലും ഓടിയെത്തി, രോഗിയോട് കരുതലോടെ പെരുമാറിയ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ കയ്യടിയാണ് ലഭിക്കുന്നത്. കോലാപൂരില്‍ നിന്നുള്ള കാര്‍ഡയോളജിസ്റ്റ് ഡോ. അര്‍ജുൻ അഡ്നായികാണ് വീഡിയോയിലുള്ള ഡോക്ടര്‍. എന്തായാലും ഏറെ പേര്‍ പങ്കുവച്ച കരുതലിന്‍റെ ആ രംഗങ്ങള്‍ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- ഹൃദയാഘാതം തടയാം; ഈ ഏഴ് കാര്യങ്ങള്‍ പതിവായി ശ്രദ്ധിച്ചാല്‍ മതി

Follow Us:
Download App:
  • android
  • ios