'നിപ' പകരുന്നതിനെക്കുറിച്ചുള്ള ഭയമാണ് മറ്റൊരു വലിയ പ്രശ്‌നം. വായുവിലൂടെ രോഗം പകരുമെന്ന് കേള്‍ക്കുന്നു, എന്നാല്‍ രോഗമുള്ള ഒരാളുള്ളയിടത്ത് നിന്ന് എത്ര ദൂരപരിധിക്കുള്ളിലാണ് വൈറസ് പടരുക! എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കുക! - തുടങ്ങിയ കാര്യങ്ങളില്‍ കുറഞ്ഞ അറിവ് നമുക്കുണ്ടായേ പറ്റൂ

കേരളത്തില്‍ രണ്ടാം തവണയും 'നിപ' വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിവിധ തരത്തിലുള്ള ആശങ്കകളും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്. എത്തരത്തിലെല്ലാമാണ് ഇത് പകരുക, എന്തെല്ലാം കാര്യങ്ങളാണ് ഇതെച്ചൊല്ലി ശ്രദ്ധിക്കാനുള്ളത്- തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് എല്ലാവരും ചിന്തിക്കുന്നതും അന്വേഷിക്കുന്നതും. 

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വിഭിന്നമായി 'നിപ'യെ കുറിച്ചും, രോഗത്തിന്റെ പല വശങ്ങളെക്കുറിച്ചുമെല്ലാം നല്ലരീതിയിലുള്ള ഒരവബോധം ഡോക്ടര്‍മാര്‍ക്കും, മറ്റ് ആരോഗ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ അമിതമായ ആശങ്കകള്‍ വച്ചുപുലര്‍ത്തേണ്ട സാഹചര്യവും നിലവിലില്ല. 

ഇനി, ഇത് പകരുന്നതിനെക്കുറിച്ചുള്ള ഭയമാണ് മറ്റൊരു വലിയ പ്രശ്‌നം. വായുവിലൂടെ രോഗം പകരുമെന്ന് കേള്‍ക്കുന്നു, എന്നാല്‍ രോഗമുള്ള ഒരാളുള്ളയിടത്ത് നിന്ന് എത്ര ദൂരപരിധിക്കുള്ളിലാണ് വൈറസ് പടരുക! എങ്ങനെയാണ് ഇതിനെ പ്രതിരോധിക്കുക! - തുടങ്ങിയ കാര്യങ്ങളില്‍ കുറഞ്ഞ അറിവ് നമുക്കുണ്ടായേ പറ്റൂ. 

വായുവിലൂടെ 'നിപ'വൈറസ് സഞ്ചരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിന് ഏറെദൂരം വായുവിലൂടെ പോകാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതായത്, രോഗിയുമായി അടുത്തിടപഴകുന്നവരില്‍ മാത്രമേ ഇത് പെട്ടെന്ന് പകരാനുള്ള സാധ്യത നിലനില്‍ക്കുന്നുള്ളൂവെന്ന്. 

'പക്ഷി-മൃഗാദികളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുപന്നതാണ് നിപ വൈറസ്. ഇത് ബാധിച്ച വ്യക്തികളില്‍ നിന്ന് മറ്റ് വ്യക്തികളിലേക്കും പടരും. സ്രവങ്ങള്‍ വഴിയാണ് ഈ അസുഖം ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും രോഗബാധയുള്ളവരില്‍ നിന്ന് ചെറുകണങ്ങള്‍ തെറിക്കുന്നത് വഴിയും രോഗം പകരാം. അതാണ് ഒരു മീറ്റര്‍ അകലത്തിലുള്ള വായുവിലൂടെ രോഗം പകരുമെന്ന് പറയുന്നതിന്റെ കാരണം'- ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഡോ. അബ്ദുള്‍ ഗഫൂര്‍ പറയുന്നു. 

കഴിഞ്ഞ പ്രാവശ്യം നിപ വൈറസ് ബാധയുണ്ടായപ്പോള്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരിലൊരാളാണ് ഡോ. അബ്ദുള്‍ ഗഫൂര്‍. രോഗത്തെ തുടര്‍ന്ന് മരിച്ചവരുടെ സംസ്‌കാരത്തിനും മറ്റും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതും ഇദ്ദേഹം തന്നെയായിരുന്നു. ഇപ്പോള്‍ വീണ്ടും 'നിപ' സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ ക്യാംപ് ചെയ്തിരിക്കുന്ന വിദഗ്ധസംഘത്തിലും ഡോ. അബ്ദുള്‍ ഗഫൂര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.