തലച്ചോറ്, കരൾ, പാൻക്രിയാസ്, പ്രതിരോധ വ്യവസ്ഥ എന്നിവയുമായി ദഹനവ്യവസ്ഥ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
ഭക്ഷണം ദഹിപ്പിക്കുക എന്ന പ്രാഥമിക ധർമ്മത്തിനപ്പുറം, മനുഷ്യശരീരത്തിലെ ദഹനവ്യവസ്ഥയ്ക്ക് ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുണ്ട്. തലച്ചോറ്, കരൾ, പാൻക്രിയാസ്, പ്രതിരോധ വ്യവസ്ഥ എന്നിവയുമായി ദഹനവ്യവസ്ഥ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിശപ്പ്, സംതൃപ്തി, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊഴുപ്പ് സംഭരണം, ഊർജ്ജ ഉപയോഗം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ദഹനവ്യവസ്ഥയിൽ നിന്നുള്ള സന്ദേശങ്ങളാണ്. ശരീരഭാരത്തെയും ദഹന ആരോഗ്യത്തെയും കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്.
മെറ്റബോളിസത്തിന്റെ കേന്ദ്രം
ട്രില്യൺ കണക്കിന് ബാക്ടീരിയകളും ഫംഗസുകളും അടങ്ങിയ മൈക്രോബയോം ആണ് കുടലിലുള്ളത്. പൊണ്ണത്തടിയുള്ളവരിൽ മൈക്രോബയോമിന്റെ വൈവിധ്യം കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചില ബാക്ടീരിയകൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കൂടുതൽ കലോറി വേർതിരിച്ചെടുക്കുകയും അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യിക്കുകയും ചെയ്യുന്നു.
വിശപ്പ് തുടങ്ങുന്നത് കുടലിൽ നിന്ന്
വിശപ്പും വയറ് നിറഞ്ഞെന്ന തോന്നലും നിയന്ത്രിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം കുടലിലെ നല്ല ബാക്ടീരിയകളാണ് നിയന്ത്രിക്കുന്നത്. സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, ഫൈബർ കുറഞ്ഞ ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ ഈ സിഗ്നലുകളുടെ താളം തെറ്റുകയും ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
കുടലിന്റെ ആരോഗ്യം മോശമാകുമ്പോൾ ബാക്ടീരിയൽ ടോക്സിനുകൾ രക്തത്തിൽ കലരുകയും ശരീരത്തിലുടനീളം വീക്കം ഉണ്ടാകുകയും ചെയ്യുന്നു. ഇത് കാലക്രമേണ ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത്
കലോറി മാത്രം നോക്കി ശരീരഭാരം നിയന്ത്രിക്കാനാകില്ല. കൃത്യമായ ഭക്ഷണക്രമം, വ്യായാമം, നല്ല ഉറക്കം എന്നിവയിലൂടെ കുടലിന്റെ ആരോഗ്യം സംരക്ഷിക്കാം.


