കൊവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിലവില്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും എന്നാല്‍ 2021ന് മുന്‍പ് കൊവിഡ് വാക്സിന്‍ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടന. നിര്‍ണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും 2021ന്റെ തുടക്കം വരെയെങ്കിലും ആദ്യ വാക്‌സിന്‍ വിപണിയില്‍ എത്താന്‍ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

വാക്‌സിന്‍ കണ്ടെത്തിയാല്‍ അത് തുല്യമായി എല്ലാ രാജ്യങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് ഉറപ്പാക്കാന്‍  പ്രവര്‍ത്തിച്ചുവരികയാണ് എന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജെന്‍സീസ് പ്രോഗ്രാം മേധാവി മൈക്ക് റയാന്‍ പറഞ്ഞു. അതുവരെ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാക്‌സിന്‍ പണമുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നും മൈക്ക് ഉറപ്പ് നല്‍കുന്നു. പല രാജ്യങ്ങളും വാക്സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്. റഷ്യ, അമേരിക്ക, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളുടെ വാക്സിന്‍ പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. 

Also Read: കൊവിഡ് വാക്‌സിന്‍ ഈ വര്‍ഷമുണ്ടാകുമോ; വിശദീകരണവുമായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി...