വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച വാർത്തയാണ് ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. കുട്ടിയ്ക്ക് പാമ്പു കടിയേറ്റിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വെെകിച്ചതാണ് മരണത്തിന് കാരണമായത്. ഒരാൾക്ക് പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാ‌ണ് എന്നതിനെ കുറിച്ച് ഡോ. രാജേഷ് കുമാർ പറയുന്നു.

സ്‌കൂളുകളില്‍ പാമ്പുകള്‍ കയറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ളത് പാമ്പുകള്‍ ഒരു ഭാഗത്ത് വരണമെന്നുണ്ടെങ്കില്‍ അതിന് അനൂകൂലമായ സാഹചര്യം ഉണ്ടാകണം എന്നതാണ്. അതായത്, അതിന് കയറിയിരിക്കാനുള്ള പൊത്തുകള്‍ ഉണ്ടാകണം. അതിന് വേണ്ട ഭക്ഷണം കിട്ടണം. ഇത് രണ്ടുമുള്ള അനൂകൂല സാഹചര്യം ഉണ്ടെങ്കില്‍ മാത്രമാണ് പാമ്പുകള്‍ സ്‌കൂളുകള്‍ പോലുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നത്. 

ഈ സ്‌കൂളിനും ഇതേ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ചുറ്റും കാട് പിടിച്ച അന്തരീക്ഷം, തകര്‍ന്ന് കിടക്കുന്ന കുളം, മതില്‍ക്കെട്ടുകള്‍ പൊളിഞ്ഞ് കിടക്കുക ഈ അവസ്ഥയില്‍ കിടക്കുന്ന സ്‌കൂളുകളിൽ തീര്‍ച്ചയായും പാമ്പുകള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. രാജേഷ് കുമാർ പറയുന്നു.

 പാമ്പുകള്‍ സ്‌കൂളുകളില്‍ വരാതിരിക്കണമെന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്ന് പറയുന്നത് ആദ്യത്തേത് ഭക്ഷണത്തിന്റെ ബാക്കി സ്‌കൂള്‍ പരിസരങ്ങള്‍ക്ക് ചുറ്റും കളയാതിരിക്കുക. കാരണം, വൈകുന്നേരങ്ങളില്‍ കുട്ടികളെല്ലാം പോയി കഴിയുന്ന സമയം ഈ ഭക്ഷണം കഴിക്കാനായി എലികളെത്തും. എലികളുള്ള സ്ഥലത്ത് പാമ്പിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഭക്ഷണം ഒരു കാരണവശാലും കൂന്നുകൂട്ടിയിടുകയോ കളയുകയോ ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു. 

രണ്ടാമതായി സ്‌കൂളിനും പരിസരത്തുമുള്ള പുല്ലുകള്‍ വെട്ടി മാറ്റുക. മൂന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം കരിങ്കല്ല് അടുക്കിയാണ് പലപ്പോഴും സ്‌കൂളുകളില്‍ മതിലുകള്‍ പണിഞ്ഞിട്ടുള്ളത്. വേണ്ടത്ര സിമന്റും മണ്ണും ചേര്‍ക്കാതെ മതിലുകള്‍ പണിയുന്ന സമയത്ത് ഇതിനകത്ത് പൊത്തുകള്‍ ഉണ്ടാകും. പൊത്തുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവിടെ പാമ്പുകള്‍ വസിക്കാനുള്ള സാധ്യത കൂടുതലാണ്. കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ട് പാമ്പുകള്‍ ഉണ്ടാകാം. 

ഈ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ മാത്രമേ സ്‌കൂളുകളിൽ പാമ്പുകള്‍ വരാതിരിക്കുകയുള്ളൂ. നിങ്ങളുടെ സ്‌കൂളിന്റെ സമീപത്ത് പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് മണ്ണെണ്ണ തളിക്കുക എന്നതാണ്. മണ്ണെണ്ണ തളിച്ച് കഴിഞ്ഞാല്‍ ആ ഭാഗത്ത് പാമ്പുകള്‍ വരില്ല - ‍‍ഡോ. രാജേഷ് പറഞ്ഞു.

 നമ്മുടെ കേരളത്തില്‍ ഏകദേശം 106 ഇനം പാമ്പുകളുണ്ട്. ഇതില്‍ 10 ഇനം മാത്രമാണ് വിഷമുള്ളവ. ഈ 10 എണ്ണത്തില്‍ തന്നെ 5 ഓളം എന്ന് പറയുന്നത് കടലില്‍ കാണുന്നതാണ്. പാമ്പു കടിച്ചാല്‍ അതിന്റെ വിഷ പല്ലുകള്‍ക്കൊപ്പം തന്നെ ഉള്ളിലുള്ള ചെറിയ പല്ലുകളും കാലില്‍ പതിഞ്ഞു എന്ന് വരാം. നമ്മുടെ നാട്ടില്‍ കാണുന്ന ചേര പോലുള്ളവ കടിച്ചാല്‍ കുത്ത് കുത്ത് പോലുള്ള പാടുകളാണ് കാണുക. ഇത് വിഷപല്ല് അല്ല എന്നത് മനസിലാക്കുക. 

വിഷപല്ല് എന്ന് പറയുന്നത് സൂചി കുത്തുന്നത് പോലെ മൂര്‍ച്ചേറിയ രണ്ട് പോയിന്റുകള്‍ മാത്രമായിരിക്കം ഉണ്ടാവുക. ഇതില്‍ നിന്നും രക്തം വരാനും സാധ്യതയുണ്ട്. ആന്റിവെനം നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ഇവ ആ ഭാഗത്ത് ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടാക്കും. ഇങ്ങനെ ഒരു മുറിവില്‍ ശക്തമായ നീറ്റലും പുകച്ചിലും ഉണ്ടെങ്കില്‍ മനസിലാക്കാം പാമ്പിന്റെ വിശം എത്തിയിട്ടുണ്ടെന്ന കാര്യം. 

പാമ്പ് കടിയേറ്റാല്‍ ആദ്യം ഭയപ്പെട്ട് ഓടുകയല്ല വേണ്ടത്. ഓടികഴിഞ്ഞാല്‍ ഈ വിഷം രക്തത്തിലൂടെ നമ്മുടെ ശരീരം മുഴുവന്‍ വ്യാപിക്കാനും അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആദ്യം ചെയ്യേണ്ടത് ഓടാതെ സമാധാനത്തില്‍ ഒരിടത്തില്‍ ഇരിക്കുക. ശേഷം ഏത് ഭാഗത്താണോ കടിച്ചത് ആ ഭാഗത്ത് ഒരു തോര്‍ത്തോ അല്ലെങ്കില്‍ വള്ളിയോ മുറിച്ച് ആ ഭാഗത്ത് കെട്ടുക. ശേഷം ആശുപത്രിയിലേക്ക് പോവുക. 

ചിലർ പാമ്പ് കടിച്ച ഭാഗത്ത് രക്തം കളഞ്ഞ് കൂടുതല്‍ മുറിവ് ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. ആളെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രധാനം. പാമ്പിന്റെ വിഷം നിര്‍വീര്യം ആക്കാനുള്ള ആന്റിവെനം ഇന്ന് കേരളത്തിലുള്ള പല ആശുപത്രികളിലും ലഭ്യമാണ്. 

അത് കൊണ്ട് ആദ്യം ചെയ്യേണ്ടത് സമയം ഒട്ടും പാഴാക്കാതെ കാല്‍ കെട്ടി വച്ച ശേഷം ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോവുക. ആന്റിവെനം ഇല്ലാത്ത ആശുപത്രിയിലേക്ക് രോഗിയെ കൊണ്ട് പോയി സമയം നഷ്ടപ്പെടത്താതിരിക്കുകയാണ് വേണ്ടതെന്നും ഡോ. രാജേഷ് പറയുന്നു.