Asianet News MalayalamAsianet News Malayalam

'കയ്യടി വേണ്ട, ഒന്ന് മാത്രമേ ചോദിക്കുന്നുള്ളൂ...'; ഡോക്ടറുടെ കുറിപ്പ് വൈറല്‍

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കു വേണ്ടത് കയ്യടി അല്ല വേണ്ടത് എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു. 

dr sulphi s fb post regarding covid 19
Author
Thiruvananthapuram, First Published Mar 20, 2020, 9:48 PM IST

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കു വേണ്ടത് കയ്യടി അല്ല വേണ്ടത് എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു. ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും ആക്രമിക്കാൻ ആരെയും അനുവദിക്കാതിരുന്നാൽ മതി എന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കൊവിഡിനെ ഞങ്ങൾ പിടിച്ചു കെട്ടുമെന്നും അവസാനത്തെ ആരോഗ്യ പ്രവർത്തകനും വീഴും വരെ ഈ യുദ്ധം തുടരുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

കുറിപ്പ് വായിക്കാം....

കയ്യടിയോന്നും വേണ്ട , ദൈവങ്ങളെ പോലെ കാണുകയും വേണ്ട പകരം ഞങ്ങൾ ഒന്ന് മാത്രമേ ചോദിക്കുന്നുള്ളൂ. ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരെയും മറക്കരുത്. കോവിഡ് 19 ഞങ്ങൾ പിടിച്ചു കെട്ടും .ഞങ്ങളിൽ ചിലർക്ക്‌ രോഗം കിട്ടിയാലും ഞങ്ങൾ ഈ യുദ്ധം തുടരും. അവസാനത്തെ ആരോഗ്യ പ്രവർത്തകന് രോഗം കിട്ടും വരെ ഈ യുദ്ധം തുടരും .അങ്ങനെ വരാതെ തന്നെ നോക്കും .എല്ലാ മുൻകരുതലുകളും എടുക്കും. 

പകരം കയ്യടിയോന്നും വേണ്ട.  ദൈവതുല്യർ എന്ന മുദ്രയും വേണ്ട. 65 വയസ്സിനു മുകളിലുള്ളവർ പുറത്തിറങ്ങേണ്ടയെന്നും 10 വയസ്സിനുതാഴെയുള്ള കുട്ടികൾ വീടിനുള്ളിൽ തന്നെ ഇരിക്കണമെന്ന്‌ പറഞ്ഞതും ശാരീരികമായ അകലം കൃത്യമായി പാലിക്കണമെന്ന് പറഞ്ഞതും അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ, അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ എന്നിവ ഒഴിവാക്കണം എന്ന് പറഞ്ഞതും , ഞായറാഴ്ച സ്വയംപ്രഖ്യാപിത കർഫ്യൂ നടത്തുന്നതും എല്ലാം അഭികാമ്യം. വളരെ നന്ന്. 

ആരോഗ്യ പ്രവർത്തകർക്ക് ആദരവ്, സ്നേഹം അറിയിച്ചുകൊണ്ടുള്ള കൈയടിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ കൈയ്യടി മാത്രം വേണ്ട.  പകരം വേണ്ടത് ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും മുൻകാലങ്ങളിൽ നടന്നത്‌ പോലെ ആക്രമിക്കാൻ അനുവദിക്കരുത്.

ആശുപത്രികൾ തല്ലി തകർക്കാൻ അനുവദിക്കരുത്‌.  ശാസ്ത്രം പ്രചരിപ്പിക്കണം. അശാസ്ത്രീയതയെ കുപ്പത്തൊട്ടിയിൽ എറിയണം. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ ഒരു തരി പോലും മായം കലർത്തരുത് .വിലപേശുകയല്ല,  അപേക്ഷയാണ്. ആഗ്രഹമാണ്. 

ഇതൊന്നും തന്നില്ലെങ്കിലും ഞങ്ങൾ യുദ്ധം തുടരും.ഈ യുദ്ധത്തിൽ ജയിക്കുമ്പോൾ രക്ഷപ്പെടുന്നത് ഞങ്ങളുടെ മക്കളും സഹോദരങ്ങളും അമ്മമാരും അയൽവാസികളുമാണ്. ഈ യുദ്ധം ജയിക്കുമ്പോൾ രക്ഷപ്പെടുന്നത് കേരളീയനും ഡൽഹികാരനും ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമല്ല ഭാരതീയനും ബംഗ്ലാദേശിയുമല്ല . മനുഷ്യനാണ്.

ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും പ്രത്യേക അവകാശങ്ങൾ നൽകി ആദരിക്കും എന്ന് പറഞ്ഞ ന്യൂസിലൻഡ് പ്രധാനമന്ത്രിയെ പോലെ ആകണം എന്ന് പറയുന്നില്ല. മിനിമം വേണ്ട ചെറിയ ചില ആവശ്യങ്ങൾ അല്ല സോറി ആഗ്രഹങ്ങൾ ഒന്നുകൂടി വ്യക്തതയോടെ പറയാം

മറക്കരുത്,  ആക്രമിക്കരുത്, അശാസ്ത്രീയത പ്രചരിപ്പിക്കരുത്. പ്രത്യേക അവകാശങ്ങൾ ഒന്നും വേണ്ട. കയ്യടിയും വേണ്ട. 

അതെ ഒന്നുമില്ലെങ്കിലും ഞങ്ങൾ യുദ്ധം തുടരും. അതിർത്തിയിൽ എതിരാളിയെ കൊന്നൊടുക്കുന്നത് പോലെയല്ല. അതിലും മഹത്തരമായി കൂടെയുള്ളവരുടെ ജീവൻ സംരക്ഷിച്ചുകൊണ്ട്. അതുകൊണ്ടുതന്നെ കയ്യടിക്കുന്നുവെങ്കിൽ കൈകൾ കൊണ്ട് , പാത്രങ്ങൾ കൊണ്ട് ആകരുത്.

ഹൃദയം കൊണ്ടാകണം. ശബ്ദമില്ലാതെ. അല്പവും സമയം കളയാനില്ല,  വരൂ നമുക്ക് യുദ്ധം തുടരാം, ഒരുമിച്ച് ഒറ്റക്കെട്ടായി. കയ്യടിയോക്കെ പിന്നെ !

Follow Us:
Download App:
  • android
  • ios