കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കരളിന്‍റെ പ്രവര്‍ത്തനം മോശമാകുമ്പോള്‍ ശരീരം സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നതും മാലിന്യങ്ങളെ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതും കരള്‍ ആണ്. അതിനാല്‍ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
1. അമിത ക്ഷീണവും തളര്‍ച്ചയും
എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നുന്നത് പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും കരളിന്‍റെ ആരോഗ്യം മോശമാകുമ്പോഴും അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.
2. വയറിന്‍റെ വലതുവശത്ത് മുകൾഭാഗത്തെ വേദന
കരൾ രോഗത്തിന്റെ ആദ്യ ലക്ഷണം പലപ്പോഴും വയറിന്‍റെ വലതുവശത്തെ മുകൾഭാഗത്ത് അനുഭവപ്പെടുന്ന വേദനയാണ്. ഇത് സാധാരണയായി ദഹനക്കേട് എന്ന് കരുതി ആളുകൾ തള്ളിക്കളയുന്നു. രോഗം പുരോഗമിക്കുമ്പോൾ കരൾ വീർക്കുകയും വലുതാകുകയും ചെയ്യുന്നു.
3. അകാരണമായി ശരീരഭാരം കുറയുക
വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക, ദഹനക്കേട്, ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയവയും കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
4. മഞ്ഞനിറം
ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമാകുന്നത് കരളിന്‍റെ ആരോഗ്യം മോശമാകുന്നതിന്‍റെ പ്രധാന ലക്ഷണമാണ്.
5. ചര്‍മ്മം ചൊറിയുക
ശരീരത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നതും കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
6. നീര്‍ക്കെട്ട്
ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗത്തിന്റെ ലക്ഷണമാകാം.
7. മൂത്രത്തിലെ നിറവ്യത്യാസം
മൂത്രത്തിലെ മഞ്ഞനിറവ്യത്യാസം ആണ് മറ്റൊരു സൂചന. മൂത്രം ചുവപ്പ് നിറം, മറ്റ് കടുംനിറം എന്നിവയാകുന്നെങ്കില്‍ നിസാരമായി കാണരുത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.


