കാലാവസ്ഥ, നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍, പ്രായം, ശരീരഭാരം, അസുഖങ്ങള്‍ എന്നിങ്ങനെ പലതും നോക്കി മാത്രമേ നമുക്ക് ഭക്ഷണം കഴിക്കാൻ സാധിക്കൂ. ഇവയൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നവരില്‍ തീര്‍ച്ചയായും അതിന്‍റെ അനന്തരഫലങ്ങളും കാണാം. 

നമ്മുടെ ആകെ ആരോഗ്യത്തില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. നാം എന്താണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മള്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്രമാത്രം ഭക്ഷണത്തിന് ( Diet and Health ) ആരോഗ്യകാര്യങ്ങളില്‍ പങ്കുണ്ട്. 

അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ( Diet and Health ) ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥ, നമ്മുടെ ആരോഗ്യപ്രശ്നങ്ങള്‍, പ്രായം, ശരീരഭാരം, അസുഖങ്ങള്‍ എന്നിങ്ങനെ പലതും നോക്കി മാത്രമേ നമുക്ക് ഭക്ഷണം കഴിക്കാൻ സാധിക്കൂ. ഇവയൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നവരില്‍ തീര്‍ച്ചയായും അതിന്‍റെ അനന്തരഫലങ്ങളും കാണാം. 

ഭക്ഷണത്തിന് വളരെയധികം ചിട്ടകള്‍ നിര്‍ദേശിക്കുന്നത് ശരിക്കും ( Ayurveda Treatment ) ആയുര്‍വേദത്തിലാണ്. ആയുര്‍വേദ ചികിത്സാരീതികള്‍, ജീവിതരീതികളുമായെല്ലാം അടുത്തുനില്‍ക്കുന്നവര്‍ക്ക് ഇക്കാര്യം പെട്ടെന്ന് മനസിലാകും. ആയുര്‍വേദ വിധിപ്രകാരം ചില ഭക്ഷണങ്ങള്‍ ചില കാലാവസ്ഥകളില്‍, ചില സമയങ്ങളില്‍ കഴിക്കുന്നത് നന്നല്ല. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ - മറ്റ് ചിലവയോടൊപ്പം കഴിക്കുന്നതും ആയുര്‍വേദം പ്രോത്സാഹിപ്പിക്കുന്നില്ല.

അത്തരത്തില്‍ നേന്ത്രപ്പഴം കഴിക്കുന്നത് സംബന്ധിച്ച് പറഞ്ഞുകേള്‍ക്കാറുള്ള ഒന്നാണ് ഇത് വൈകീട്ടോ രാത്രിയോ കഴിക്കുന്നത് നല്ലതല്ല എന്ന വാദം. യഥാര്‍ത്ഥത്തില്‍ ഇത് എല്ലാവരെയും ബാധിക്കുന്നൊരു പ്രശ്നമല്ല. ദഹനക്കുറവ്, ചുമ, ആസ്ത്മ പോലുള്ള രോഗങ്ങളുള്ളവരാണ് വൈകീട്ടോ രാത്രിയോ നേന്ത്രപ്പഴം കഴിക്കരുതെന്ന് പറയുന്നത്. ഇവരില്‍ കഫം കൂട്ടാൻ ഇത് ഇടയാക്കുമെന്നാണ് ആയുര്‍വേദ വിധി ചൂണ്ടിക്കാട്ടുന്നത്. കഫം മുറുകുന്നതോടെ രോഗം മൂലമുള്ള വിഷമതകളും കൂടുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ തീവ്രത കൂടുന്ന തരം രോഗങ്ങളാണിവ. 

അതുപോലെ നേന്ത്രപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നതും ചിലരില്‍ ആയുര്‍വേദം ( Ayurveda Treatment ) വിലക്കാറുണ്ട്. കഫം കൂടാനും കടുത്ത ദഹനപ്രശ്നമുണ്ടാക്കാനും കാരണമാകുമെന്നതിനാലാണ് ഈ നിര്‍ദേശം നല്‍കുന്നത്. 

ഇനി, വെറുംവയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നതും നന്നല്ലെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതിലും ചില കാര്യങ്ങളില്ലാതില്ല. വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുമ്പോള്‍ ഇത് നേരത്തെ വയറ്റിലുണ്ടായിരുന്ന ഗ്യാസ്- അസിഡിറ്റി എന്നിവ കൂട്ടുമത്രേ. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സിയാണ് ഇതിന് കാരണമാകുന്നത്. അതുപോലെ ബിപിയോ ഹൃദ്രോഗമോ ഉള്ളവര്‍ക്ക് നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും വെറുംവയറ്റില്‍ ബുദ്ധിമുട്ടുണ്ടാക്കാമത്രേ. 

ബ്രേക്ക്ഫാസ്റ്റിന്‍റെ കൂടെയോ (ബ്രേക്ക്ഫാസ്റ്റ് ആയി അല്ല), അതുപോലെ ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഇടയ്ക്കോ എല്ലാം കഴിക്കാനാണ് നേന്ത്രപ്പഴം ഏറ്റവും നല്ലതെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകളും പറയുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, തലച്ചോറിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പക്ഷാഘാത സാധ്യത കുറയ്ക്കാനുമെല്ലാം നേന്ത്രപ്പഴം സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ്, വൈറ്റമിൻ ബി-6, വൈറ്റമിൻ-സി, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫൈബര്‍ എന്നിവയെല്ലാമാണ് ഇതിനെല്ലാം സഹായകമാകുന്നത്.

Also Read:- മഴക്കാലത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ പരിഗണിക്കൂ...