Asianet News MalayalamAsianet News Malayalam

പഴകിയ ചോര്‍ കഴിക്കരുത്; അത് നിങ്ങളില്‍ ഉണ്ടാക്കാവുന്ന അപകടം...

ചോറ് കേട് വരുമ്പോള്‍ അതില്‍ വഴുവഴുപ്പുണ്ടാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ചില ഫംഗസുകളാണ് ഈ കൊഴുപ്പുണ്ടാക്കുന്നത്. ഇവ പിന്നീട് 'മൈക്കോടോക്സിൻസ്' എന്ന പദാര്‍ത്ഥങ്ങള്‍ പുറപ്പെടുവിക്കും.

eating stale rice may cause cardiac beriberi disease
Author
First Published Dec 6, 2023, 9:10 PM IST

ഭക്ഷണം, അത് വീട്ടിലുണ്ടാക്കിയത് ആണെങ്കിലും പുറത്തുനിന്ന് വാങ്ങിയത് ആണെങ്കിലും പഴകിക്കഴിഞ്ഞാല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ഒന്നാമത് പഴകിയ ഭക്ഷണം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. എല്ലാ സാഹചര്യങ്ങളിലും ഇങ്ങനെ സംഭവിക്കണമെന്നില്ല. പക്ഷേ സാധ്യതകള്‍ തുറന്നുകിടക്കും. 

രണ്ടാമതായി പഴകിയ ഭക്ഷണങ്ങള്‍ കഴിച്ചുശീലിച്ചാല്‍ അതുപിന്നെ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ ക്രമേണ നയിക്കാമെന്നതാണ്. ഇത്തരത്തില്‍ ചോറ് പഴകിയത് പതിവായി കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിടിപെട്ടേക്കാവുന്നൊരു അസുഖത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

'കാര്‍ഡിയാക് ബെറി ബെറി' എന്നാണ് ഈ അസുഖത്തിന്‍റെ പേര്.  പ്രധാനമായും കോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായി വരുന്ന 'തയാമിൻ' അഥവാ വൈറ്റമിൻ ബി1ന്‍റെ കുറവ് മൂലമാണ് 'കാര്‍ഡിയാക് ബെറി ബെറി' പിടിപെടുക. ഇതെങ്ങനെയാണ് പഴകിയ ചോറുമായി ബന്ധപ്പെടുന്നതെന്ന് വിശദമാക്കാം. 

ചോറ് കേട് വരുമ്പോള്‍ അതില്‍ വഴുവഴുപ്പുണ്ടാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ചില ഫംഗസുകളാണ് ഈ കൊഴുപ്പുണ്ടാക്കുന്നത്. ഇവ പിന്നീട് 'മൈക്കോടോക്സിൻസ്' എന്ന പദാര്‍ത്ഥങ്ങള്‍ പുറപ്പെടുവിക്കും. ഇത് 'തയാമിൻ' കുറയുന്നതിലേക്കും നയിക്കുന്നു. ഇങ്ങനെയാണ് പതിവായി കേടായ ചോറ് കഴിക്കുന്നത് 'കാര്‍ഡിയാക് ബെറി ബെറി'യിലേക്ക് നയിക്കുക.

ചോറ് മാത്രമല്ല മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളും ഇതേ വെല്ലുവിളി ഉയര്‍ത്താറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന ഭക്ഷണം ചോറായതിനാല്‍ തന്നെ ഇതില്‍ പ്രത്യേകം ശ്രദ്ധ വേണം. എങ്ങനെയുള്ള അരിയാണ്, എന്താണ് കാലാവസ്ഥ, എങ്ങനെയാണ് സൂക്ഷിച്ചിരുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കൂടി ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. 

ഇനി 'കാര്‍ഡിയാക് ബെറി ബെറി'യെ കുറിച്ച് കൂടി പറയാം. ഹൃദയത്തിന്‍റെ പേശികളെ ദുര്‍ബലപ്പെടുത്തുന്നൊരു അസുഖമാണിത്. അതുപോലെ ഹാര്‍ട്ട് പമ്പിംഗ് കുറയുന്നതും വലിയ പ്രശ്നം സൃഷ്ടിക്കാം. നെഞ്ചിടിപ്പ് പെട്ടെന്ന് ഉയരുക, ശ്വാസതടസം, കാലില്‍ നീര് എന്നിവയെല്ലാം 'കാര്‍ഡിയാക് ബെറി ബെറി' ലക്ഷണങ്ങളായി വരാറുണ്ട്.  ശ്രദ്ധിച്ചില്ലെങ്കില്‍ രോഗിയുടെ ജീവന് ഭീഷണിയാകും വിധത്തിലേക്കും രോഗം എത്താം. ചില രോഗികളില്‍ മാനസികമായ പ്രശ്നങ്ങളും കാണാറുണ്ട്. ഇത് രോഗം നാഡീവ്യവസ്ഥയെ ബാധിക്കുന്നതിന്‍റെ ഭാഗമായി സംഭവിക്കുന്നതാണ്.

Also Read:- തുടര്‍ച്ചയായ ചുമയുണ്ടെങ്കില്‍ നിങ്ങള്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios