പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ജാപ്പനീസ് എൻസഫലൈറ്റിസിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍. അടുത്ത ഘട്ടത്തില്‍ രോഗിയില്‍ മാനസിക പ്രശ്നങ്ങള്‍ പ്രകടമാകാം. അതുപോലെ തളര്‍ച്ചയും നടക്കാനും മറ്റും പ്രയാസവും കാണം.
ജാപ്പനീസ് എൻസഫലൈറ്റിസ് എന്ന രോഗത്തെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കില്ല. പേര് കേള്‍ക്കുമ്പോള്‍ ഇത് ജപ്പാനിലോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലോ ആണ് കൂടുതലും കാണുന്നതെന്ന് കരുതരുത്. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങള്‍ തന്നെയാണ് ജാപ്പനീസ് എൻസഫലൈറ്റിസിന്‍റെ കേന്ദ്രം.
എല്ലാ വര്‍ഷവും ജാപ്പനീസ് എൻസഫലൈറ്റിസ് കേസുകള്‍, ഇപ്പറഞ്ഞത് പോലെ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട വിധം രോഗം പരക്കുകയോ, മരണനിരക്ക് ഉണ്ടാവുകയോ ചെയ്യുന്നത് അപൂര്‍വമാണ്.
പക്ഷേ ഈ വര്‍ഷം അസമില്‍ ജാപ്പനീസ് എൻസഫലൈറ്റിസ് ബാധയെ തുടര്‍ന്ന് 11 പേര്‍ മരിച്ചുവെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവരുമ്പോള്‍ അത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഒരു തരം വൈറസ് ബാധയാണിത്. കൊതുകുകളിലൂടെ തന്നെയാണ് രോഗകാരിയായ വൈറസ് മനുഷ്യശരീരത്തിലെത്തുന്നത്. ഡെങ്കിപ്പനിയൊക്കെ പോലെ.
ചിലരില്‍ നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. എന്നാല്‍ മറ്റൊരു വിഭാഗത്തിന് തീവ്രമായ ലക്ഷണങ്ങള്‍ കാണിക്കാം. എന്തായാലും രോഗബാധയേറ്റ നാലിലൊരാള്‍ക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ ഇതിനെ നിസാരമായി കാണാനേ സാധിക്കില്ല. അതേസമയം മരണനിരക്ക് ഈ വിധം ഉയരുന്നത് തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതും മുന്നൊരുക്കങ്ങള്‍ വേണ്ടതുമായ സാഹചര്യമാണ്.
അസമില്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി കേശബ് മഹാന്ത അറിയിക്കുന്നത്. ഈ വര്‍ഷം ഇതുവരെ മാത്രം 254 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇതില്‍ 11 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
'രോഗപ്രതിരോധത്തിനുള്ള എല്ലാ നടപടിയും ഞങ്ങള്‍ കൈക്കൊണ്ട് കഴിഞ്ഞു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗത്തിനുള്ള ചികിത്സാസൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇനി രോഗബാധയേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകുന്നവരാണെങ്കില്‍ അവര്‍ക്ക് സഹായധനം നല്‍കും...'- മന്ത്രി പറഞ്ഞു.
മരിച്ച 11 പേരില്‍ രണ്ട് പേര്‍ ഒരേ ജില്ലക്കാരാണ്. ഇവിടം പ്രത്യേകമായി തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ്.ഈ ജില്ലയില്‍ മാത്രം 22 പേര്‍ക്ക് രോഗബാധയേറ്റിട്ടുമുണ്ട്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അസമില്‍ ആകെ 442 പേര്‍ ജാപ്പനീസ് എൻസഫലൈറ്റിസ് ബാധയില്‍ മരിച്ചിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു ഭീഷണി നിലനില്‍ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
പനി, തലവേദന, ഛര്‍ദ്ദി എന്നിവയാണ് ജാപ്പനീസ് എൻസഫലൈറ്റിസിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍. അടുത്ത ഘട്ടത്തില്‍ രോഗിയില്‍ മാനസിക പ്രശ്നങ്ങള്‍ പ്രകടമാകാം. അതുപോലെ തളര്‍ച്ചയും നടക്കാനും മറ്റും പ്രയാസവും കാണം. ചിലരില്‍ രോഗത്തിന്‍റെ ഭാമായി ചുഴലിയും വരാം. പ്രത്യേകിച്ച് കുട്ടികളിലാണിത് കാണുക.
രോഗബാധയേറ്റ എല്ലാവരിലും 'എൻസഫലൈറ്റിസ്' അഥവാ തലച്ചോര്‍ ബാധിക്കപ്പെട്ട് വീക്കം വരുന്ന അവസ്ഥയുണ്ടാവുകയില്ല. ഇങ്ങനെ ഉണ്ടാകുന്ന രോഗികളില്‍ 20- 30 ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ് ചെയ്യുക. ജാപ്പനീസ് എൻസഫലൈറ്റിസിന് പ്രത്യേകമായി ചികിത്സയില്ല. ഇതിന്‍റെ അനുബന്ധ പ്രശ്നങ്ങളെ ചികിത്സയിലൂടെ പിടിച്ചുകെട്ടാമെന്ന് മാത്രം. എന്നാലിതിനെ പ്രതിരോധിക്കാൻ വാക്സിൻ ലഭ്യമാണ്.
Also Read:- ഡെങ്കിപ്പനി എത്ര തവണ വരാം? വീണ്ടും ബാധിച്ചാല്‍ അത് അപകടമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
