Asianet News MalayalamAsianet News Malayalam

കൊളസ്‌ട്രോള്‍ ഭയന്ന് മുട്ടയുടെ മഞ്ഞ ഒഴിവാക്കേണ്ടതുണ്ടോ?

ഡയറ്റില്‍ കൃത്യമായ ശ്രദ്ധ വച്ചുപുലര്‍ത്തുക എന്നത് തന്നെയാണ് കൊളസ്‌ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ പ്രധാനമായും ചെയ്യേണ്ടത്. കൊളസ്‌ട്രോള്‍ തന്നെ നല്ലതും ചീത്തതുമുണ്ടെന്ന് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കാം. ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പരമാവധി ഒഴിവാക്കേണ്ടത്

experts says that eating whole egg in moderation wont increase cholesterol
Author
Trivandrum, First Published Feb 11, 2021, 8:43 PM IST

കൊളസ്‌ട്രോള്‍ അനിയന്ത്രിതമായാല്‍ അത് ജീവന് തന്നെ ഭീഷണി ഉയര്‍ത്തിയേക്കാമെന്ന് നമുക്കറിയാം. പ്രധാനമായും ഹൃദയത്തെയാണ് കൊളസ്‌ട്രോള്‍ പ്രശ്‌നത്തിലാക്കുക. അതിനാല്‍ കൊളസ്‌ട്രോള്‍ പിടിച്ചുനിര്‍ത്താന്‍ നാം കഴിവതും ശ്രദ്ധിക്കേണ്ടതുണ്ട്. 

ഡയറ്റില്‍ കൃത്യമായ ശ്രദ്ധ വച്ചുപുലര്‍ത്തുക എന്നത് തന്നെയാണ് കൊളസ്‌ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ പ്രധാനമായും ചെയ്യേണ്ടത്. കൊളസ്‌ട്രോള്‍ തന്നെ നല്ലതും ചീത്തതുമുണ്ടെന്ന് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കാം. ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പരമാവധി ഒഴിവാക്കേണ്ടത്. 

ഇത്തരത്തില്‍ പലരും മുട്ട കഴിക്കുമ്പോള്‍ കൊളസ്‌ട്രോള്‍ കൂടുമെന്ന് കാട്ടി അതിലെ മഞ്ഞക്കരു ഒഴിവാക്കുന്നത് കാണാറുണ്ട്. എന്നാല്‍ മഞ്ഞക്കരു നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുണ്ടോ? എന്താണ് ആരോഗ്യവിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്! 

'മുട്ട കഴിക്കുമ്പോള്‍ അത് മുഴുവനായി കഴിക്കുക. കൊളസ്‌ട്രോളിന് കാരണമാകുമെന്ന് നമ്മള്‍ കരുതുന്ന മഞ്ഞക്കരു, ഫോസ്ഫര്‍ ലിപിഡ്‌സ് എന്ന ഘടകത്തിന്റെ സമ്പന്നമായ സ്രോതസാണ്. ഈ ലിപിഡുകള്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ധിക്കാതിരിക്കാന്‍ സഹായിക്കുന്നവയാണ്. നല്ല കൊളസ്‌ട്രോള്‍ നേടാനും കാരണമാകുന്നു...'- പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് മുന്‍മുന്‍ ഗനിയര്‍വാള്‍ പറയുന്നു. 

എന്നാല്‍ മിതമായ അളവില്‍ മാത്രമേ മുട്ട കഴിക്കാവൂ എന്നും അമിതമായാല്‍ മുട്ടയും കൊളസ്‌ട്രോളടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന് മുതല്‍ രണ്ട് മുട്ട വരെയാണ് ദിവസത്തില്‍ ശരാശരി മുതിര്‍ന്നവര്‍ക്ക് കഴിക്കാവുന്നത്. ഇതില്‍ക്കൂടുതല്‍ കഴിക്കുന്നവര്‍ അതിനനുസരിച്ച് വര്‍ക്കൗട്ടോ, ശാരീരികാധ്വാനമോ ചെയ്യുന്നവരായിരിക്കണമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. 

മിതമായ അളവില്‍ മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കില്ലെന്ന് നേരത്തെ പല പഠനങ്ങളും സ്ഥിരീകരിച്ചതാണെന്നും മുന്‍മുന്‍ ഗനിയര്‍വാള്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രോട്ടീന്‍, വൈറ്റമിന്‍-ബി, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിന്‍-എ തുടങ്ങി നമുക്ക് അവശ്യം വേണ്ട പല ഘടകങ്ങളുടെയും കലവറ കൂടിയാണ് മുട്ട. അതിനാല്‍ മുട്ട ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍ക്കൊള്ളിക്കണമെന്നും ഇവര്‍ പറയുന്നു.

Also Read:- കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ...

Follow Us:
Download App:
  • android
  • ios