തെലുങ്കിലും ഹിന്ദിയിലുമായി ഒരുപിടി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെയാണ് റാണ ദഗുബാട്ടി മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ബാഹുബലിക്ക് ശേഷം കേരളക്കരയിലും റാണയ്ക്ക് ആരാധകരായി. 

ഒത്ത ഉയരവും, വിരിഞ്ഞ ശരീരവുമൊക്കെയായി ഒരു തികഞ്ഞ വില്ലന്‍ രൂപമുള്ള റാണ, പക്ഷേ അടുത്തിടെയായി വലിയരീതിയില്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നാണ് തോന്നുന്നത്. എന്തായാലും മെലിഞ്ഞ രൂപത്തിലുള്ള ഒരൊറ്റ ഫോട്ടോ പോലും അടുത്തിടെയായി താരത്തിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനാകില്ലെന്ന അവസ്ഥയായിട്ടുണ്ട്. 

എന്തുപറ്റി, എന്താണ് അസുഖം- എന്ന് തുടങ്ങിയുള്ള അന്വേഷണം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റാണയ്ക്ക് വൃക്കരോഗമാണെന്ന തരത്തിലുള്ള പ്രചാരണത്തില്‍ വരെ എത്തി. വൃക്കരോഗത്തെ തുടര്‍ന്ന് റാണ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും അമ്മയാണ് റാണയ്ക്ക് വൃക്ക നല്‍കിയതെന്നുമെല്ലാമായിരുന്നു അഭ്യൂഹങ്ങള്‍. 

Also Read... റാണയ്ക്ക് വൃക്കരോഗമോ, അമ്മയുടെ വൃക്ക ദാനം ചെയ്‌തോ?; പ്രതികരണവുമായി താരം...

എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്ന് റാണ തന്നെ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. എന്നാല്‍ വീണ്ടും താരത്തിന്റെ പുതിയൊരു ഫോട്ടോയ്ക്ക് താഴെയും സമാനമായ അന്വേഷണങ്ങള്‍ കൊഴുക്കുകയാണിപ്പോള്‍. അല്‍പം മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോയാണ് റാണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

അപ്പോഴേക്കും എന്തുപറ്റി അണ്ണാ, ശരീരം നോക്കുന്നില്ലേ, എന്താണ് അസുഖം, മനപ്പൂര്‍വ്വം മെലിയുന്നതാണോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളുമായാണ് ആരാധകരെത്തുന്നത്. എന്നാലിത്തവണ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് റാണ മറുപടി നല്‍കിയിട്ടില്ല. ഇതിനിടെ വരാനിരിക്കുന്ന പുതിയ ഏതോ ചിത്രത്തിന് വേണ്ടിയാണ് റാണ വണ്ണം കുറയ്ക്കുന്നത് എന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഏതായാലും ഇക്കുറി ആരാധകരുടെ ആശങ്കകള്‍ക്ക് റാണ മറുപടിയുമായി എത്തുമോയെന്ന് കണ്ടറിയാം.