ഓരോ നേരത്തെ ഭക്ഷണത്തിന് ശേഷം- അല്ലെങ്കില്‍ തൊട്ട് മുമ്പ് എല്ലാം സ്നാക്സോ മറ്റ് ഭക്ഷണമോ കഴിക്കുന്നതോ, സമയത്തിന് അനുസരിച്ചല്ലാതെ ഇടവിട്ട് വിശപ്പനുഭവപ്പെടുന്നതിനെ തുടര്‍ന്ന് എന്തെങ്കിലും കഴിക്കുന്നതോ അത്ര ആരോഗ്യകരമായ പ്രവണതയായി കണക്കാക്കാൻ സാധിക്കില്ല.
രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഉച്ചയ്ക്ക് ലഞ്ചിന് മുമ്പായി ചായയോ എന്തെങ്കിലും സ്നാക്സോ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. അതുപോലെ തന്നെ ലഞ്ച്കഴിഞ്ഞ് രാത്രി ഡിന്നറെത്തും മുമ്പ് വൈകീട്ടും ചായയും സ്നാക്സും കഴിക്കുന്നവരുണ്ട്. ഇതെല്ലാം ഏറെ സ്വാഭാവികമായ ഭക്ഷണരീതികളാണ്.
എന്നാല്‍ ഓരോ നേരത്തെ ഭക്ഷണത്തിന് ശേഷം- അല്ലെങ്കില്‍ തൊട്ട് മുമ്പ് എല്ലാം സ്നാക്സോ മറ്റ് ഭക്ഷണമോ കഴിക്കുന്നതോ, സമയത്തിന് അനുസരിച്ചല്ലാതെ ഇടവിട്ട് വിശപ്പനുഭവപ്പെടുന്നതിനെ തുടര്‍ന്ന് എന്തെങ്കിലും കഴിക്കുന്നതോ അത്ര ആരോഗ്യകരമായ പ്രവണതയായി കണക്കാക്കാൻ സാധിക്കില്ല.
സാധാരണഗതിയില്‍ നമ്മെ വിശപ്പ് അനുഭവപ്പെടുത്തുന്നത് 'ഗ്രെലിൻ' എന്ന ഹോര്‍മോണ്‍ ആണ്. ശരീരത്തിന് അതിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഊര്‍ജ്ജം ആവശ്യമായി വരുമ്പോഴാണ് ശരീരം ഭക്ഷണം ആവശ്യപ്പെടുന്നത്. ഭക്ഷണത്തിന് ഒരു ക്രമം പാലിച്ചില്ല എന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ദഹനത്തെയും മറ്റെല്ലാ ദൈനംദിന കാര്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.
അങ്ങനെയെങ്കില്‍ സമയം നോക്കാതെ പലപ്പോഴായി പലതും കഴിക്കുന്നവരെ സംബന്ധിച്ച് തീര്‍ച്ചയായും അവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ പലതും കാണാം. കഴിക്കുമ്പോള്‍ നേരാംവണ്ണം കഴിക്കാതിരിക്കുക, പോഷകങ്ങള്‍ അടങ്ങിയ നല്ല ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണത്തിന് സമയക്രമം പാലിക്കാതിരിക്കുക തുടങ്ങി പല ലൈഫ്സ്റ്റൈല്‍ പിഴവുകളുമാണ് ഇങ്ങനെ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടുത്തുന്നത്.
ഈ ശീലം ഉപേക്ഷിക്കുന്നതിനായി ചില കാര്യങ്ങള്‍ ദിവസവും ശ്രദ്ധിച്ചാല്‍ മതിയാകും.
ഭക്ഷണം കഴിക്കുമ്പോള്‍ ടിവി, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് സ്ക്രീൻ വാച്ചിംഗ് ഇത്തരത്തില്‍ ഒഴിവാക്കേണ്ടൊരു ശീലമാണ്. ഈ ശീലം ഭക്ഷണം അറിഞ്ഞ് കഴിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. ഇതോടെ വീണ്ടും ഭക്ഷണം കഴിക്കാനുള്ള ത്വരയുണ്ടാവുകയും ചെയ്യുന്നു. മതിയായ ഭക്ഷണം കഴിക്കാതിരിക്കല്‍, അല്ലെങ്കില്‍ അമിതമായി കഴിക്കല്‍ എല്ലാം ഈ ശീലത്തിന്‍റെ ഭാഗമായി സംഭവിക്കാം.
എന്തെങ്കിലുമൊക്കെ കഴിച്ച് അപ്പഴപ്പോള്‍ വിശപ്പിനെ അടക്കിനിര്‍ത്തി മുന്നോട്ട് പോകാമെന്ന് ചിന്തിക്കരുത്. ഇത് വീണ്ടും വിശപ്പനുഭവപ്പെടുത്തുന്നതിലേക്കാണ് നയിക്കുക. അതിനാല്‍ സമയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ കഴിച്ച് ശീലിക്കുക. പ്രോട്ടീൻ, ഫൈബര്‍, സ്റ്റാര്‍ച്ചി കാര്‍ബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളാണ് കൂടുതല്‍ നല്ലത്.
ധാരാളം വെള്ളം കുടിക്കുന്നതും ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുന്നതും ഭക്ഷണം കഴിക്കുന്നതും തടയാൻ സഹായിക്കും. അതുപോലെ തന്നെ രാത്രിയില്‍ തുടര്‍ച്ചയായ ഉറക്കവും ഉറപ്പാക്കണം. ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കം കിട്ടിയാല്‍ വളരെനല്ലത്. ഇതും ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ശീലത്തെ ഇല്ലാതാക്കും.
Also Read:- കൊളസ്ട്രോളുള്ളവര്‍ ശ്രദ്ധിക്കാതെ പോകുന്ന ചിലത്; ഇത് ഭാവിയില്‍ അപകടമായി വരാം

