Asianet News MalayalamAsianet News Malayalam

Liver Disease : കരള്‍ പ്രശ്‌നത്തിലാണെന്ന് നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍...

ശരീരത്തില്‍ ഏറെ പ്രാധാന്യമുള്ള പല ധര്‍മ്മങ്ങളും നിര്‍വഹിക്കുന്നത് കരളാണ്. നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്നത് മുതല്‍ രക്തത്തില്‍ നിന്ന് ശരീരത്തിന് ഹാനികരമായ ഘടകങ്ങളെ പുറന്തള്ളി ശുദ്ധീകരിക്കുന്നത് വരെ സുപ്രധാനമായ പല ധര്‍മ്മങ്ങളും കരള്‍ നിറവേറ്റുന്നു

five early signs of liver diseases
Author
Trivandrum, First Published Apr 12, 2022, 10:05 PM IST

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും ( Body Organs ) അതിന്റേതായ പ്രാധാന്യമുണ്ട്. ഒന്നിന്റെ പ്രാധാന്യം മറ്റൊന്നിന് മുമ്പില്‍ കുറച്ചുകാട്ടുക സാധ്യമല്ല. എങ്കില്‍പോലും ചില അവയവങ്ങള്‍ ബാധിക്കപ്പെടുന്നത് വളരെ ഗൗരവത്തോടെ നമ്മെ ബാധിക്കാം. ഒരുപക്ഷേ ജീവന്‍ പോലും ഭീഷണിയിലാകുന്ന അവസ്ഥയുമുണ്ടാകാം ( Life Threatening ).

അത്തരത്തിലൊരു അവയവമാണ് കരള്‍. ശരീരത്തില്‍ ഏറെ പ്രാധാന്യമുള്ള പല ധര്‍മ്മങ്ങളും നിര്‍വഹിക്കുന്നത് കരളാണ്. നാം കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്നത് മുതല്‍ രക്തത്തില്‍ നിന്ന് ശരീരത്തിന് ഹാനികരമായ ഘടകങ്ങളെ പുറന്തള്ളി ശുദ്ധീകരിക്കുന്നത് വരെ സുപ്രധാനമായ പല ധര്‍മ്മങ്ങളും കരള്‍ നിറവേറ്റുന്നു. 

അതിനാല്‍ തന്നെ, കരള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന പക്ഷം, ഈ പ്രവര്‍ത്തനങ്ങളെല്ലാം ഒരുപോലെ അവതാളത്തിലാകും. തുടക്കത്തില്‍ തന്നെ കരള്‍രോഗങ്ങള്‍ കണ്ടെത്താന്‍ സാധിച്ചില്ലയെങ്കില്‍ ഒരുപക്ഷേ ജീവന്‍ വരെ നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. അതല്ലെങ്കില്‍ കരള്‍ മാറ്റിവയ്‌ക്കേണ്ടുന്ന തരത്തിലേക്ക് ആരോഗ്യാവസ്ഥയെത്താം. 

എങ്ങനെയാണ് കരള്‍ ബാധിക്കപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുക? കൃത്യമായ ഇടവേളകളിലെ വൈദ്യപരിശോധനകള്‍ തന്നെയാണ് ഇതിനുള്ള പോംവഴി. ഇത് കൂടാതെ ശരീരം തന്നെ, കരള്‍ പ്രശ്‌നത്തിലാണെന്നതിന് ചില സൂചനകള്‍ നല്‍കും. അത്തരത്തിലുള്ള ചില സൂചനകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഇടയ്ക്കിടെ മഞ്ഞപ്പിത്തം ബാധിക്കപ്പെടുന്നത് കരള്‍ അപകടത്തിലാണെന്നതിന്റെ സൂചനയാണ്. കണ്ണിലും ചര്‍മ്മ്തതിലും മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം എന്നിവയെല്ലാം മഞ്ഞപ്പിത്തം ബാധിക്കുമ്പോള്‍ പ്രകടമായിവരുന്ന ലക്ഷണങ്ങളാണ്. കരളിന് രക്താണുക്കളില്‍ നിന്ന് ബിലിറുബിന്‍ ഉണ്ടാക്കാനും അത് പിത്തമാക്കി മാറ്റാനും കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് മഞ്ഞപ്പിത്തം ബാധിക്കപ്പെടുന്നത്. 

രണ്ട്...

ചര്‍മ്മത്തിലും കരള്‍രോഗത്തിന്റെ സൂചനകള്‍ കാണാം. കരള്‍ പ്രശ്‌നത്തിലാകുമ്പോള്‍ ചര്‍മ്മത്തിന് താഴെയായി 'ബൈല്‍ സാള്‍ട്ട്' അടിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അസ്വസ്ഥത, ചര്‍മ്മം പാളികളായി അടര്‍ന്നുപോകല്‍ എന്നിവയ്ക്ക് ഇടയാക്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ നിര്‍ബന്ധമായും കരള്‍രോഗത്തിന്റെ ലക്ഷണമാകണമെന്നില്ല. പല അസുഖങ്ങളുടെയും ഭാഗമായി ഇങ്ങനെ സംഭവിക്കാം. അതിനാല്‍ രോഗമുറപ്പിക്കാന്‍ പരിശോധന ഉറപ്പാക്കുക. 

മൂന്ന്...

കരള്‍ പ്രശ്‌നത്തിലാകുമ്പോള്‍ അത് ദഹനപ്രക്രിയയെയും പ്രതികൂലമായി ബാധിക്കുന്നു. ഇതെത്തുടര്‍ന്ന് വിശപ്പില്ലായ്മ അനുഭവപ്പെടാം. ഭക്ഷണം കഴിക്കുന്നതും കുറയാം. ഇതിന്റെ ഫലമായി പെട്ടെന്ന് വണ്ണം കുറയുന്ന അവസ്ഥയുണ്ടാകാം. ഒപ്പം തന്നെ വയറുവേദന, ഓക്കാനം പോലുള്ള പ്രശ്‌നങ്ങളും അനുഭവപ്പെടാം. 

നാല്...

ശരീരത്തില്‍ എവിടെയെങ്കിലും പരിക്ക് സംഭവിച്ചാല്‍ അത് പെട്ടെന്ന് ഭേദപ്പെടുന്നില്ല, മുറിവുണങ്ങുന്നില്ല, രക്തസ്രാവം നിലയ്ക്കുന്നില്ല എങ്കിലും ശ്രദ്ധിക്കുക. ഇതും കരള്‍രോഗത്തിന്റെ സൂചനകളാകാം. കാരണം, രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നതില്‍ കരളിന് പങ്കുണ്ട്. ഇത്തരം കേസുകളില്‍ ചിലര്‍ രക്തം ചര്‍ദ്ദിക്കുകയോ രക്തം മലത്തിലൂടെ പുറത്തുപോകുകയോ ചെയ്യാറുമുണ്ട്. 

അഞ്ച്...

കരള്‍ അപകടത്തിലാകുമ്പോള്‍ ഇതിന് ശരീരത്തില്‍ നിന്ന് പുറന്തള്ളേണ്ടവയെ പുറന്തള്ളി രക്തത്തെ ശുദ്ധീകരിക്കാന്‍ കഴിയാതെ വരുന്നു. ഇതിന്റെ ഫലമായി പുറന്തള്ളപ്പെടാതെ കിടക്കുന്ന അവശിഷ്ടങ്ങള്‍ ശരീരത്തിന്റെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഓര്‍മ്മശക്തി, ചിന്താശേഷി, കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ്, ശ്രദ്ധ എന്നിവയെല്ലാം ഈ ഘട്ടത്തില്‍ ബാധിക്കപ്പെട്ടേക്കാം. മൂഡ് ഡിസോര്‍ഡര്‍, പെട്ടെന്നുള്ള ദേഷ്യം, ഉത്കണ്ഠ, നിരാശ, സ്വഭാവവ്യതിയാനങ്ങള്‍ എല്ലാം ഇവയുടെ ഭാഗമായി രേഗിയില്‍ കണ്ടേക്കാം.

Also Read:- കരളിന്റെ ആരോ​ഗ്യത്തിന് ഈ ഭക്ഷണങ്ങൾ മികച്ചത്

Follow Us:
Download App:
  • android
  • ios