വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ വിവാഹത്തിന് ആറ് മാസം മുമ്പെങ്കിലും ഒരു പ്രീ വെഡ്ഡിങ് ഹെല്‍ത്ത് ചെക്കപ്പ് നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. വിവാഹിതരാകുന്നവര്‍ നടത്തേണ്ട അഞ്ച് ആരോഗ്യപരിശോധനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മകളോ മകനോ വളര്‍ന്ന് ഒരു പ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് വേണ്ടി വിവാഹാലോചനകൾ (marriage) നോക്കുന്നതാണ് ഇന്നും മിക്ക മാതാപിതാക്കളുടെയും പരിപാടി. വരന്‍റെയും വധുവിന്‍റെയും കുടുംബം (family status), ജോലി (job), സാമ്പത്തികം, എന്നിങ്ങനെ ഒട്ടേറെ വസ്‌തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പലരും വിവാഹ ബന്ധങ്ങൾ ഉറപ്പിക്കുന്നത്. പക്ഷേ വധൂവരന്മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യപ്പൊരുത്തം കൂടി നോക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്നത് ഇന്നും പലര്‍ക്കും അറിയില്ല. 

വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ വിവാഹത്തിന് ആറ് മാസം മുമ്പെങ്കിലും ഒരു പ്രീ വെഡ്ഡിങ് ഹെല്‍ത്ത് ചെക്കപ്പ് നടത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. വിവാഹിതരാകാന്‍ പോകുന്നവര്‍ തങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടക്കേടുകള്‍ എന്നിവയെ കുറിച്ചൊക്കെ സംസാരിക്കുന്നുണ്ടാകാം. എന്നാല്‍, ആരോഗ്യാവസ്ഥയെക്കുറിച്ച് അവരും തുറന്നു സംസാരിക്കാറില്ല. ഇവിടെയാണ് വിവാഹത്തിന് മുമ്പ് ഒരു ഹെല്‍ത്ത് ചെക്കപ്പ് നടത്തേണ്ടതിന്‍റെ ആവശ്യകത വരുന്നത്.

വിവാഹിതരാകുന്നവര്‍ നടത്തേണ്ട അഞ്ച് ആരോഗ്യപരിശോധനകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

സെക്‌സിലൂടെ പകരുന്ന രോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. ഉദാഹരണത്തിന് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങള്‍ കൃത്യമായി പ്രതിരോധിച്ചില്ലെങ്കില്‍ അത് വിവാഹജീവിതത്തെയും ബാധിക്കും. അതിനാല്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക. 

രണ്ട്...

പാരമ്പര്യമായി പകരുന്ന രോഗങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കണം. ഹീമോഫീലിയ, തലാസ്സീമിയ, മര്‍ഫാന്‍ സിന്‍ഡ്രോം, ഹണ്ടിങ്ടണ്‍ ഡിസീസ്, സിക്കിള്‍ സെല്‍ തുടങ്ങിയ രക്തസംബന്ധമായ രോഗങ്ങള്‍ ഉണ്ടോയെന്നറിയുന്നതും നിര്‍ബന്ധമാണ്. 

മൂന്ന്...

വിവാഹിതരാകാന്‍ പോകുന്നവര്‍ ചെയ്യേണ്ട മറ്റൊരു പ്രധാനപ്പെട്ട പരിശോധനയാണ് ഫെര്‍ട്ടിലിറ്റി ടെസ്റ്റ് അഥവാ വന്ധ്യതാ പരിശോധന. തിരിച്ചറിയാന്‍ വൈകിയാല്‍ ഇത് ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. 

നാല്...

വിവാഹിതരാകാന്‍ പോകുന്നവര്‍ രക്ത ഗ്രൂപ്പ് പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ദമ്പതികളില്‍ ഒരേ ആര്‍എച്ച് ഘടകമാകുന്നത് വിജയകരമായ ഗര്‍ഭധാരണത്തിന് സഹായിക്കും. ആര്‍എച്ച് ഘടകം ചേരുന്നില്ലെങ്കില്‍ അത് ജനിക്കുന്ന കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയെ സൂചിപ്പിക്കുന്നു. 

അഞ്ച്...

ജനിതകസ്‌ക്രീനിങ് നോക്കേണ്ടതും പ്രധാനമാണ്. ജീനുകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് അറിയാന്‍ ജനിതക സ്‌ക്രീനിങ് സഹായിക്കും. 

Also Read: ഏറ്റവുമധികം വിവാഹിതർ ഇന്ത്യയിൽ, വിവാഹിതരിലെ ആത്മഹത്യയിലും നമ്മൾ ഒന്നാം സ്ഥാനത്ത്