വളരെയധികം തിരക്കേറിയ ജീവിതരീതിയാണ് ഇന്ന് പലരും നയിക്കുന്നത്. അതുകൊണ്ടുതന്നെ, ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ പലര്‍ക്കും കഴിയാറില്ല. ഇത്തരത്തില്‍ ജോലി തിരക്കും സ്ട്രെസും മൂലം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍, ഇത് നിങ്ങളെ ശാരീരികവും മാനസികവുമായും പല രീതിയില്‍ ബാധിക്കാം. 

ആരോഗ്യമുള്ള ജീവിതം വേണ്ടേ? ഇതാ അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

ഒന്ന്...

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡിന് പകരം വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം തന്നെ കഴിക്കുക. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെറിയ അളവില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. അതുവഴി, ആരോഗ്യകരമായ ശരീരഭാരം ഉറപ്പുവരുത്തുക. വെള്ളം ധാരാളം കുടിക്കാം.

രണ്ട്...

വ്യായാമം നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതും അതിരാവിലെയുള്ള വ്യായാമം ഏറേ നല്ലതാണ്. എല്ലാ ദിവസവും രാവിലെ കുറച്ചു ദൂരമെങ്കിലും നടക്കുന്നത് പതിവാക്കുക.

മൂന്ന്...

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ശരീരത്തിന് വേണ്ടത്ര ഊര്‍ജ്ജം ലഭിക്കാനും ആരോഗ്യം നിലനിര്‍ത്താനും പ്രഭാതഭക്ഷണം ഒഴിച്ചുകൂടാനാവതതാണ്. അതും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ രാവിലെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

നാല്...

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് നടുവേദനയ്ക്കും കഴുത്തുവേദനയ്ക്കും കാരണമാകും. അതിനാല്‍ ഇടയ്ക്കിടെ അവിടെ ഇരുന്നുകൊണ്ടുതന്നെ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ ശീലമാക്കുക. ഇടയ്ക്കിടയ്ക്ക് നടക്കുകയും ചെയ്യാം. 

Also Read: കഴുത്തുവേദന മുതല്‍ നടുവേദന വരെ; വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍...

അഞ്ച്....

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഉറക്കം ഒരു പ്രധാന ഘടകമാണ്. ദിവസേന എട്ട് മണിക്കൂറെങ്കിലും ഉറങ്ങുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. 

 

'വര്‍ക്ക് ഫ്രം ഹോം' നിങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന അഞ്ച് പ്രശ്‌നങ്ങള്‍...