കുട്ടികളില്‍ പിടിപെടുന്ന ഗൗരവമേറിയൊരു ശ്വാസകോശ രോഗമാണ് ബ്രോങ്കിയോലൈറ്റിസ്. ശ്വാസകോശത്തിലെ ചെറിയ വായുസഞ്ചാരമാര്‍ഗങ്ങള്‍ (ബ്രോങ്കിയോള്‍സ്) അണുബാധയെ തുടര്‍ന്ന് നശിക്കുകയും അത് വീര്‍ത്തുവരികയുമെല്ലാം ചെയ്യുന്ന അവസ്ഥയാണിത്.

കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് ഏറെ ആശങ്കകളുണ്ടാകാറുണ്ട്. എത്ര ശ്രദ്ധിച്ചാലും കുട്ടികളെ പൂര്‍ണമായും അസുഖങ്ങളില്‍ നിന്ന് സുരക്ഷിതരാക്കാൻ നമുക്ക് സാധിക്കുകയുമില്ല. എങ്കിലും ഗൗരവമേറിയ അസുഖങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിച്ചുനിര്‍ത്താൻ ഏത് മാതാപിതാക്കളും ആഗ്രഹിക്കും.

അത്തരത്തില്‍ കുട്ടികളില്‍ പിടിപെടുന്ന ഗൗരവമേറിയൊരു ശ്വാസകോശ രോഗമാണ് ബ്രോങ്കിയോലൈറ്റിസ്. ശ്വാസകോശത്തിലെ ചെറിയ വായുസഞ്ചാരമാര്‍ഗങ്ങള്‍ (ബ്രോങ്കിയോള്‍സ്) അണുബാധയെ തുടര്‍ന്ന് നശിക്കുകയും അത് വീര്‍ത്തുവരികയുമെല്ലാം ചെയ്യുന്ന അവസ്ഥയാണിത്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്കാണ് പിന്നീട് ഇടയാക്കുക. 

നര്‍ബന്ധമായും ഇതിന് ചികിത്സ തേടേണ്ടതാണ്. ഒപ്പം തന്നെ കുട്ടികളുടെ ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താം. കാലാവസ്ഥ ഈ അസുഖത്തെ നേരിട്ട് തന്നെ സ്വാധീനിക്കാറുണ്ട്. മഞ്ഞുകാലത്താണ് ബ്രോങ്കിയോലൈറ്റിസ് കൂടുതലായും കണ്ടുവരുന്നത്. ഭക്ഷണകാര്യങ്ങളിലും ചിലത് ശ്രദ്ധിക്കാനായാല്‍ ഒരു പരിധി വരെ രോഗബാധയെ ചെറുക്കാനോ, രോഗത്തെ കൈകാര്യം ചെയ്യാനോ സാധിക്കാം. ഇത്തരത്തില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്..

ഇഞ്ചി: ഒരുപാട് ഔഷധഗുണങ്ങള്‍ ഇഞ്ചിക്കുണ്ടെന്ന് ഏവര്‍ക്കുമറിയാം. ശ്വാസകോശ അണുബാധകള്‍ക്ക് ഇഞ്ചി നല്ലരീതിയില്‍ ഗുണം ചെയ്യും. ഇഞ്ചിയുടെ ആന്‍റിഓക്സിഡന്‍റ്- ആന്‍റി മൈക്രോബിയല്‍ സ്വഭാവമാണിതിന് സഹായകമാകുന്നത്. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഇഞ്ചി സഹായിക്കുന്നു. ചായയിലോ, സ്മൂത്തികളോ , പലഹാരങ്ങളിലോ എല്ലാം ചേര്‍ത്ത് ഇഞ്ചി കുട്ടികള്‍ക്ക് അല്‍പാല്‍പമായി നല്‍കാവുന്നതാണ്.

രണ്ട്...

മഞ്ഞള്‍ : ഇഞ്ചി പോലെ തന്നെ പല ആരോഗ്യഗുണങ്ങളുമുണ്ട് മഞ്ഞളിനും. ഇതും കുട്ടികളിലെ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസമേകാൻ സഹായകമാണ്. സൂക്ഷ്മ രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള ഇതിന്‍റെ കഴിവാണ് ഇവിടെ സഹായകമാകുന്നത്. 

മൂന്ന്...

ആപ്പിള്‍ : കുട്ടികള്‍ക്കെല്ലാം ഒരുപോലെ ഇഷ്ടമാകാറുള്ളൊരു ഫ്രൂട്ട് ആണ് ആപ്പിള്‍. ഇത് ശ്വാസകോശത്തിലേക്ക് പുറത്തുനിന്നെത്തുന്ന അലര്‍ജൻസില്‍ നിന്നും (അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍) വിഷാംശങ്ങളില്‍ നിന്നും ശ്വാസകോശത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നു. ആപ്പിളിലടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിൻ എന്ന ആന്‍റി ഓക്സിഡന്‍റ് ആണ് ഇതിന് സഹായകമാകുന്നത്. 

നാല്...

ബീറ്റ്റൂട്ട് : പല ആരോഗ്യഗുണങ്ങളുമുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതും കുട്ടികളിലെ ശ്വാസകോശരോഗങ്ങള്‍ക്ക് ആശ്വാസം പകരാൻ സഹായകമായ ഭക്ഷണമാണ്. പ്രത്യേകിച്ച് ശ്വാസതടസം പരിഹരിക്കാനാണിത് സഹായകമാവുക. ഓക്സിജൻ അകത്തേക്ക് എടുക്കുന്ന അളവിനെ വര്‍ധിപ്പിക്കാനും അതുവഴി ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമെല്ലാം ബീറ്റ്റൂട്ട് സഹായിക്കുന്നു. ഇതിന് പുറമെ ബീറ്റ്റൂട്ടിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം മഗ്നീഷ്യം എന്നിവ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. 

അഞ്ച്...

വെളുത്തുള്ളി : സൂക്ഷ്മ രോഗാണുക്കളായ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയ്ക്കെതിരെ പ്രവര്‍ത്തിക്കാൻ വെളുത്തുള്ളിക്ക് സാധിക്കും. ഇത് വിവിധ തരം അണുബാധകളെ ചെറുക്കുന്നു. ഇങ്ങനെ ശ്വാസകോശ അണുബാധയെയും ചെറുക്കാൻ സാധിക്കാം. 

ആറ്...

ഇലക്കറികള്‍ : കുട്ടികള്‍ കഴിക്കാൻ അത്ര താല്‍പര്യപ്പെടാത്ത ഭക്ഷണമാണ് ഇലക്കറികളെങ്കിലും ഇതും അവരെ കഴിപ്പിക്കുന്നതിലൂടെ ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. കരോട്ടിനോയിഡ്സ്, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, വൈറ്റമിൻസ് എന്നിങ്ങനെ ഒരുപാട് പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. കാബേജ്, ചീര, ലെറ്റൂസ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കുട്ടികള്‍ക്ക് നല്‍കാം. 

Also Read:- കുട്ടികളില്‍ ഇടവിട്ട് കാണുന്ന തലവേദന; നിസാരമല്ല ഇത്...