Asianet News MalayalamAsianet News Malayalam

Health Tip : ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ്  ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി  ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും.

foods to boost lungs function azn
Author
First Published Mar 21, 2023, 7:18 AM IST

മനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. അതുകൊണ്ടുതന്നെ അവയെ ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഉള്ളിലേക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നതും ശ്വാസകോശത്തിന്‍റെ മുഖ്യ ജോലിയാണ്. ശ്വാസകോശത്തെ ബാധിക്കുന്ന നിരവധി രോഗങ്ങൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്.

പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ്  ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ  ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 'കുര്‍കുമിന്‍' എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്.

രണ്ട്...

ഉള്ളിയും വെളുത്തുള്ളിയും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയിലെ ചില ഘടകങ്ങള്‍ ശ്വാസകോശാര്‍ബുദത്തെ തടയുമെന്നും പല പഠനങ്ങളും പറയുന്നു. 

മൂന്ന്...

ഇഞ്ചിയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇവയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

നാല്...

ബീറ്റ്റൂട്ടാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രേറ്റ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് മികച്ചതാണ്. 

അഞ്ച്...

ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയ പച്ചിലക്കറികള്‍ കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദത്തെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ആറ്...

തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന്  ഏറെ നല്ലതാണ്. അതിനാല്‍ ഇടയ്ക്ക് തക്കാളി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

ഏഴ്...

ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒപ്പം കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും  ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

എട്ട്...

ആപ്പിള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുള്ള ആപ്പിള്‍ ദിവസവും കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: രോഗപ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios