Asianet News MalayalamAsianet News Malayalam

Condom Use : ചെറുപ്പക്കാര്‍ക്ക് സൗജന്യമായി കോണ്ടം; പുത്തൻ തീരുമാനവുമായി ഫ്രാൻസ്

വരുംവര്‍ഷം തൊട്ട് 18 മുതല്‍ 25 വയസ് വരെ പ്രായം വരുന്ന ചെറുപ്പക്കാര്‍ക്ക് കോണ്ടം സൗജന്യമായി നല്‍കാനാണ് ഇവരുടെ തീരുമാനം. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രണ്‍ അറിയിച്ചിട്ടുണ്ട്. 

france to give free condoms for young people aged 18 to 25
Author
First Published Dec 9, 2022, 10:02 AM IST

സുരക്ഷിതമായ ലൈംഗികബന്ധം ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. അതുകൊണ്ട് തന്നെ കോണ്ടം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. പ്രധാനമായും ലൈംഗികരോഗങ്ങളെ ചെറുക്കുന്നതിനും ആഗ്രഹിക്കാത്ത ഗര്‍ഭധാരണം ഒഴിവാക്കുന്നതിനുമായാണ് കോണ്ടം ഉപയോഗിക്കുന്നത്. 

ഗുളികകള്‍ അടക്കം പല ഗര്‍ഭനിരോധനമാര്‍ഗങ്ങളും നിലവിലുണ്ടെങ്കിലും കോണ്ടം തന്നെയാണ് ദീര്‍ഘകാലമായി ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന മാര്‍ഗം. രോഗങ്ങളില്‍ നിന്ന് സുരക്ഷിതരാകാൻ കൂടി സഹായിക്കുന്നതിനാല്‍ ജീവിതപങ്കാളികള്‍ അല്ലാത്ത വ്യക്തികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ തീര്‍ച്ചയായും അവിടെ കോണ്ടം ഉപയോഗത്തിന് വലിയ പ്രാധാന്യം തന്നെയാണുള്ളത്.

ഇത്രമാത്രം പ്രാധാന്യമുണ്ടെങ്കില്‍ പോലും ഇന്നും ഇന്ത്യയില്‍ പലയിടങ്ങളിലും കോണ്ടം ഉപയോഗമോ, വില്‍പനയോ സജീവമല്ലാത്ത ഇടങ്ങളുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. സാമൂഹികമായി പിന്നാക്കാവസ്ഥ തന്നെയാണ് ഒരളവ് വരെ ഇത് കാണിക്കുന്നത്. 

ഇപ്പോഴിതാ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രാൻസ്. വരുംവര്‍ഷം തൊട്ട് 18 മുതല്‍ 25 വയസ് വരെ പ്രായം വരുന്ന ചെറുപ്പക്കാര്‍ക്ക് കോണ്ടം സൗജന്യമായി നല്‍കാനാണ് ഇവരുടെ തീരുമാനം. 

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രണ്‍ അറിയിച്ചിട്ടുണ്ട്. 

'ജനുവരി ഒന്ന് മുതല്‍ എല്ലാ ഫാര്‍മസികളിലും പതിനെട്ട് മുതല്‍ ഇരുപത്തിയഞ്ച് വയസ് വരെയുള്ള ചെറുപ്പക്കാര്‍ക്ക് സൗജന്യമായി കോണ്ടം ലഭ്യമായിരിക്കും. ഇത് ചെറിയൊരു വിപ്ലവകരമായ ചുവടുവയ്പായേ കാണുന്നുള്ളൂ...'- യുവാക്കളുടെ ആരോഗ്യമുന്നേറ്റവുമായി ബന്ധപ്പെട്ട് നടത്തിയൊരു പരിപാടിക്കിടെ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രണ്‍ പറഞ്ഞു. 

ഈ വര്‍ഷം ആദ്യം തന്നെ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകള്‍ക്ക് ഫ്രാൻസില്‍ സര്‍ക്കാര്‍ സൗജന്യമായി ഗര്‍ഭനിരോധനോപാധികള്‍ നല്‍കാൻ തുടങ്ങിയിരുന്നു. സാമ്പത്തികപ്രയാസത്തിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ പ്രശ്നം അനുഭവിക്കരുതെന്ന നിര്‍ബന്ധത്തിലായിരുന്നു ഈ തീരുമാനം. ഇതിന് തുടര്‍ച്ചയാവുകയാണ് ഇപ്പോള്‍ സൗജന്യമായി യുവാക്കള്‍ക്ക് കോണ്ടം നല്‍കാനുള്ള തീരുമാനവും. 

യുകെ അടക്കം പലയിടങ്ങളിലും ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ കണക്കില്‍ അടുത്ത കാലത്തായി വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളില്‍ പലതും നേരത്തെ തന്നെ ഈ പ്രശ്നം വ്യാപകമായി അഭിമുഖീകരിച്ചുവരുന്നതാണ്. എന്നാല്‍ യൂറോപ്യൻ രാജ്യങ്ങളില്‍ ഇത്തരമൊരു പ്രവണത കാണുന്നത് താരതമ്യേന കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Also Read:- ലൈംഗികരോഗത്തിന്‍റെ ലക്ഷണങ്ങള്‍ മുടിയിലും വായിലും കാണാം

Follow Us:
Download App:
  • android
  • ios