ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പാൽ. പാലില്‍ അടങ്ങിയ വിറ്റാമിന്‍ എ ചര്‍മം വരളുന്നതില്‍ നിന്ന് തടയും മാത്രമല്ല ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുകയും ജലാംശം നഷ്ടമാകുന്നത് തടയുകയും ചെയ്യുന്നു. ചര്‍മസംരക്ഷണത്തിനായി പാല്‍ ഉപയോഗിക്കേണ്ട വിധം...

ഒന്ന്...

ബ്ലാക്ക്‌ഹെഡ്‌സും മുഖത്തെ ചുളിവുകളും എന്നിവ തടയാന്‍ പാല്‍ ചര്‍മത്തില്‍ പുരട്ടുന്നത് സഹായിക്കും. പാലില്‍ മുക്കിയ കോട്ടണ്‍ ബോളുകള്‍ കൊണ്ട് എല്ലാ ദിവസവും ചര്‍മം വൃത്തിയാക്കാം.

രണ്ട്...

ചര്‍മം മൃദുലമാകാനും ജലാംശം നിലനിര്‍ത്താനും ചര്‍മത്തില്‍ പാല്‍ പുരട്ടാവുന്നതാണ്. തിളപ്പിക്കാത്ത പാല്‍ മുഖത്ത് 15 മുതല്‍ 20 മിനിട്ട് വരെ പുരട്ടി മസാജ് ചെയ്യുക.  ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.

മൂന്ന്...

ചര്‍മത്തില്‍ കരുവാളിപ്പ്‌ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ചും അമിതമായി വെയില് കൊള്ളേണ്ടി വരുമ്പോഴും മറ്റും. സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാലും ചര്‍മത്തെ അത് ബാധിക്കാം. ഇത് മാറാനായി വൃത്തിയുള്ള തുണി തിളപ്പിക്കാത്ത പാലില്‍ മുക്കി മുഖത്ത് വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്യാം. 

നാല്...

പാലില്‍ അടങ്ങിയ 'ലാക്ടിക് ആസിഡ്' ആണ് ചര്‍മത്തിലെ അമിത എണ്ണമയം വലിച്ചെടുക്കാനും മൃതചര്‍മത്തെ നീക്കം ചെയ്യാനും സഹായിക്കുന്നത്. ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താനും പാല്‍ നല്ലതാണ്. പാലിൽ അൽപം തേൻ ചേർത്ത് മുഖം മസാജ് ചെയ്യുന്നത് മുഖത്തെ ചുളിവുകൾ അകറ്റാൻ ഏറെ നല്ലതാണ്.

മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ശര്‍ക്കര കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം...