കൊറോണയ്ക്ക് പിന്നാലെ ഇപ്പോൾ മറ്റൊരു വെെറസിനെ കുറിച്ചും സമൂഹം ചർച്ച ചെയ്യുന്നു. 'ഹാന്റ വൈറസ്' എന്ന പേരിലുള്ള വൈറസ് ബാധ ചൈനയില്‍ സ്ഥിരീകരിച്ചുവെന്നും ഹുനാനില്‍ ഇത് മൂലം ഒരാള്‍ മരിച്ചുവെന്നും രണ്ട് ദിവസങ്ങൾക്ക് മുമ്പ് വാര്‍ത്ത വന്നിരുന്നു. ഹാന്റാ വൈറസും കൊറോണയെ പോലെ അപകടകാരിയാണോ എന്നാണ് പലരുടെയും സംശയം. എന്താണ് ഹാന്റാ വൈറസെന്നും ഇത് എങ്ങനെയാണ് മനുഷ്യരിലേക്ക് പകരുന്നതെന്നും ഹോമിയോ ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു..

എലികളിൽ നിന്നാണ് പ്രധാനമായും ഹാന്റാ വൈറസ് പടരുന്നത്. ശ്വാസകോശത്തെയും വൃക്കയേയുമാണ് പ്രധാനമായി ഇത് ബാധിക്കുന്നത്. എലിയുടെ മലം, മൂത്രം, ഉമിനീർ എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് ഈ രോഗമെത്തുന്നത്. ഹാന്റാവൈറസ് പൾമണറി സിൻഡ്രോം(എച്ച്പിഎസ്), ഹെമറേജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോം (എച്ച്എഫ്ആർഎസ്) എന്നിവയ്ക്കാണ് വൈറസ് കാരണമാകുകയെന്ന് ഡോ. രാജേഷ് പറയുന്നു.

 ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് ഇത് പകരില്ലെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് പ്രവൻഷൻ ആൻഡ് കൺട്രോൾ (സിഡിസി) വ്യക്തമാക്കിയിട്ടുണ്ട്.1967ൽ കൊറിയയിലാണ് ഇത് ആദ്യമായി കണ്ടെത്തുന്നത്. കൊറിയയിലെ ഹന്റാൻ നദിയിലെ കരയിലാണ് ആദ്യമായിട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 മനുഷ്യരിലേക്ക് ഈ വെെറസ് പകരില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരില്ല. ഓർത്തോഹാന്റ് വെെറസ് വിഭാ​ഗത്തിൽ പെടുന്ന ഒന്നാണ് ഹാന്റ് വെെറസ്. എലി, മുയൽ, അണ്ണാൻ തുടങ്ങിയ ചെറിയ മൃ​ഗങ്ങളിൽ ഇത് കണ്ട് വരാറുണ്ട്. അവയുടെ വിസർജ്യത്തിലൂടെ അതായത് ഒന്നെങ്കിൽ അവയുടെ ഉമിനീരിലോ ഇല്ലെങ്കിൽ അവയുടെ മൂത്രത്തിലോ മലത്തിലോ കൂടി പുറത്തേക്ക് വരും.

  എലിയോ കടിച്ചാലോ ഇല്ലെങ്കിൽ ഇവയുടെ  മൂത്രമോ കാഷ്ടമോ വീണിട്ടുള്ള ഭാ​ഗത്ത് നമ്മൾ ചവിട്ടിയാലോ അല്ലെങ്കിൽ ഇവയുടെ കാഷ്ടം കലർന്ന എന്തെങ്കിലും നമ്മൾ കഴിച്ചാലോ ഒരു പക്ഷേ ഇവയുടെ വെെറസ് പിടിപ്പെട്ടേക്കാമെന്ന് ഡോ.രാജേഷ് പറയുന്നു. ഒരാഴ്ച്ച മുതൽ എട്ടാഴ്ച്ച വരെയാണ് ഇതിന്റെ ഇൻക്യുബേഷൻ പിരീഡ്. ശരീരവേദന, പനി, കുളിര് പോലുള്ളവയാണ് പ്രധാന ലക്ഷണങ്ങളെന്ന് ഡോ.രാജേഷ് പറഞ്ഞു.