സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരത്തിനും അമിതവണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതു കാരണം ജങ്ക് ഫുഡ് ഉയര്‍ന്ന ഊര്‍ജം നിറഞ്ഞ ഭക്ഷണമാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരില്‍ ഭക്ഷണം കഴിച്ചു എന്നതിന്റെ പൂര്‍ണതൃപ്തി വരില്ല അതിനാല്‍, കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരണയുണ്ടാവും.

ജങ്ക് ഫുഡ് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം.എളുപ്പത്തിൽ ലഭിക്കുന്നതും ആകർഷകങ്ങളായ പക്കേജിങ്ങിംഗിൽ വരുന്നതുമായ ജങ്ക് ഫുഡുകൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. അത് കുട്ടികളിലായാലും മുതിർന്നവരിലായാലും. ജങ്ക് ഫുഡ് പതിവായി കഴിച്ചാൽ പ്രമേഹം, വ്യക്കരോഗങ്ങൾ, ഫാറ്റിലിവർ തുടങ്ങി നിരവധി അസുഖങ്ങൾ ബാധിക്കാം.

അടുത്തിടെ ഹൈദരാബാദിലെ ഒരു കൂട്ടം ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകൾ നഗരത്തിലെ അഞ്ച് സ്‌കൂളുകളിൽ നടത്തിയ പഠനത്തിൽ ആൽക്കഹോളിക് ഇതര ഫാറ്റി ലിവർ ഡിസീസ് (NAFLD) ബാധിതരായ കുട്ടികളുടെ എണ്ണം ഭയാനകമാം വിധം ഉയർന്നതായി കണ്ടെത്തി.

1,100 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടാണ് പഠനം നടത്തിയത്. അതിൽ 50 ശതമാനം മുതൽ 60 ശതമാനം കുട്ടികൾക്ക് NAFLD ഉണ്ടെന്ന് കണ്ടെത്തി. അതിൽ എട്ട് വയസിൽ താഴേയുള്ള കുട്ടികളും ഉണ്ടെന്ന് ​ഗവേഷകർ പറയുന്നു. NAFLD (Non-alcoholic fatty liver disease) എന്നാൽ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ്. ഈ അവസ്ഥയിൽ കരളിന് വീക്കം സംഭവിക്കു‌ന്നു. 

മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്നും ​ഗവേഷകർ പറയുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ മിക്ക കുട്ടികളും പൊണ്ണത്തടിയുള്ളവരായിരുന്നു. സോഡ, ചോക്ലേറ്റ്, നൂഡിൽസ്, ബിസ്‌ക്കറ്റ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ അവരുടെ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു. 

അൾട്രാസൗണ്ട് പരിശോധനയിലൂടെയാണ് പ്രശ്‌നം തിരിച്ചറിഞ്ഞത്. ചില കേസുകളിൽ ലിവർ ഫംഗ്‌ഷൻ ടെസ്റ്റ് അസാധാരണമാണെന്ന് കണ്ടെത്തിയതായി ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.നാഗേശ്വർ റെഡ്ഡി പറഞ്ഞു. 

' പുതിയ തലമുറയിലെ യുവാക്കൾ കരൾ രോ​ഗങ്ങളുമായാണ് ജീവിക്കുന്നത്. അതിൽ ഗണ്യമായ ശതമാനം ഭാവിയിൽ സിറോസിസിലേക്ക് മാറും. നിലവിൽ, സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 30% പേർക്കും NAFLD ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു...' - ഡോ.നാഗേശ്വർ പറഞ്ഞു. 

നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis) ൽ നിന്ന് ഇത് കരളിന്റെ സിറോസിസിലേക്ക് പുരോഗമിക്കുകയും പിന്നീട് കരൾ കാൻസറിലേക്ക് നയിക്കുകയും ചെയ്യാമെന്നും അദ്ദേഹം പറയുന്നു.

ജനസംഖ്യയുടെ ഏകദേശം 30% പേർക്കും NAFLD വർധനവുണ്ടായിട്ടുണ്ടെങ്കിലും ചില സ്കൂളുകളിലെ 60% വിദ്യാർത്ഥികളിൽ NAFLD ഉണ്ടെന്ന് ഞങ്ങളുടെ പഠനം കാണിക്കുന്നു. നേരത്തെ യുഎസിലും യൂറോപ്പിലും ഇത് സാധാരണയായി കാണപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെയും സാധാരണമായിരിക്കുന്നു. കുട്ടികൾ കഴിക്കുന്ന ജങ്ക് ഫുഡാണ് ഇതിന് കാരണമാകുന്നതെന്നും ഡോ.നാഗേശ്വർ പറഞ്ഞു. 

ദില്ലിയിലെ എയിംസ് അടുത്തിടെ നടത്തിയ ഒരു പഠനവും കുട്ടികളുൾപ്പെടെയുള്ള സാധാരണ ജനങ്ങളിൽ കരൾ രോഗങ്ങളുടെ 30% വ്യാപനത്തെ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ സ്കൂളുകളിലെ കുട്ടികളിൽ NAFLD താരതമ്യേന കുറവാണെന്ന് കണ്ടെത്തി.

സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരഭാരത്തിനും അമിതവണ്ണത്തിനും ഇടയാക്കും. വളരെയധികം കലോറി അടങ്ങിയതുകാരണം ജങ്ക് ഫുഡ് ഉയർന്ന ഊർജം നിറഞ്ഞ ഭക്ഷണമാണ്. ജങ്ക് ഫുഡ് കഴിക്കുന്നവരിൽ ഭക്ഷണം കഴിച്ചു എന്നതിന്റെ പൂർണതൃപ്തി വരില്ല അതിനാൽ, കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരണയുണ്ടാവും. ഇത് ഭാരം കൂടുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read more കട്ടൻ കാപ്പി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live