ശ്രുതിതരംഗം പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; 'മൊത്തം ലഭിച്ചത് 516 അപേക്ഷകൾ, 457 ലും തീരുമാനമെടുത്തു'
'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് ലഭ്യമാക്കുന്ന മുറയ്ക്ക് ബാക്കിയുള്ള 59 അപേക്ഷകളിലും നടപടി സ്വീകരിക്കുന്നതാണ്'

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി 457 പേരുടെ ഇംപ്ലാന്റ് ചെയ്ത ഉപകരണങ്ങളുടെ മെയിന്റനന്‌സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ എന്നിവയ്ക്ക് അനുമതി നല്‍കിയിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ക്ക് അടുത്തുള്ള എം പാനല്‍ ആശുപത്രി വഴി ചികിത്സ തേടാവുന്നതാണ്. നിലവില്‍ 516 അപേക്ഷകളാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് ലഭിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ട് ലഭ്യമാക്കുന്ന മുറയ്ക്ക് ബാക്കിയുള്ള 59 അപേക്ഷകളിലും നടപടി സ്വീകരിക്കുന്നതാണ്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാത്തിരിപ്പ് തുടരുന്നു എന്ന വാർത്തക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. ഒരു വർഷം മുമ്പ് അപേക്ഷ നൽകിയ കുട്ടികൾ പോലും കേൾവി തിരിച്ചുകിട്ടാതെ സങ്കടത്തിലാണെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ ദുരിതം നേരിടുന്ന കണ്ണൂർ എളയാവൂരിലെ അനുഷ്കയുടെ ദുരവസ്ഥ വലിയ ചർച്ചയായിരുന്നു.
അനുഷ്കയുടെ ദുരവസ്ഥ
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കാതടഞ്ഞു പോയതാണ് അനുഷ്‌കയ്ക്ക്. എന്നാൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ കേൾവി തിരിച്ചുകിട്ടി. കോംക്ലിയർ ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങൾ കേടായതോടെ പത്ത് വർഷമായി കേട്ട ശബ്ദങ്ങൾ അകന്നു പോയി. കോംക്ലിയർ ഇംപ്ലാന്‍റ് ചെയ്ത ഉപകരണങ്ങൾ കേടായതിന് പിന്നാലെ അനുഷ്ക സ്കൂളിൽ പോകാതായി. കൂടെയുള്ളവരോട് പോലും അധികം മിണ്ടാതെയുമായി. ഉപകരണങ്ങൾ നന്നാക്കാൻ 1.75 ലക്ഷം രൂപ വേണമെന്നതായിരുന്നു അവസ്ഥ. മെക്കാനിക്കൽ വർക്‌ഷോപ് ജീവനക്കാരനായ അച്ഛന് താങ്ങാനാവുന്നതായിരുന്നില്ല ഈ തുക. കോഴിക്കോട് മെഡിക്കൽ കോളേജ് വഴി സാമൂഹിക സുരക്ഷാ മിഷനിൽ അപേക്ഷ നൽകി. അനുഷ്കയുടെ പേരിൽ കണ്ണൂർ കോർപ്പറേഷനും ആരോഗ്യ മിഷനിലേക്ക് പണമടച്ചു. എന്നിട്ടും നടപടിയായില്ല. ശ്രുതിതരംഗം പദ്ധതി സാമൂഹിക സുരക്ഷാ മിഷനിൽ നിന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കീഴിലായതോടെ ഫണ്ട് കൈമാറ്റവും കമ്പനികളുമായി ധാരണയിലെത്താത്തതും തടസ്സങ്ങളാണ്. കമ്പനികളുമായി കരാറായെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും കുട്ടികൾക്ക് ഉപകരണങ്ങൾ കിട്ടിയിട്ടില്ല. അനുഷ്കയെപ്പോലെ 360 ഓളം കുട്ടികളാണ് ഇത് മൂലം കഷ്ടത അനുഭവിക്കുന്നത്. ഈ വാർത്ത വലിയ തോതിൽ ചർച്ചയായതോടെയാണ് ആരോഗ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.
കേടായ കോക്ലിയർ ഉപകരണങ്ങൾ നന്നാക്കുന്നത് വൈകുന്നു; ദുഃഖഭാരത്തിൽ കുരുന്നുകൾ, സർക്കാരിന് മെല്ലെപ്പോക്ക്