ശരീരത്തിന് മാത്രമല്ല തലച്ചോറിനും ശരിയായ രീതിയിലുള്ള പരിചരണം ആവശ്യമാണ്. എങ്കിൽ മാത്രമേ നല്ല ഓർമ്മശക്തി നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
തലച്ചോറിനെ എത്രത്തോളം പരിചരിക്കുമോ അത്രയും കൂടുതൽ നമുക്ക് ഓർമ്മശക്തി ലഭിക്കുന്നു. പ്രായം ഏതുതന്നെ ആയാലും തലച്ചോറിനെ നന്നായി പരിചാരിച്ചാൽ ഓർമ്മശക്തി നിലനിർത്താൻ സാധിക്കും. ബ്രെയിൻ ഫോഗിനെ തടയാനും ഓർമ്മശക്തി കൂട്ടാനും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നല്ല ഉറക്കം വേണം
ദിവസവും 7 മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് ഓർമ്മശക്തി മെച്ചപ്പെടുത്തുന്ന ന്യൂറൽ സർക്യൂട്ടുകളെ പ്രവർത്തനനിരതമാക്കുകയും ഇതിലൂടെ ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു. അതിനാൽ തന്നെ ഓർമ്മശക്തി കൂട്ടുന്നതിൽ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്.
പച്ചക്കറികൾ, ബെറീസ് കഴിക്കാം
പോഷക ഗുണങ്ങമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി കൂട്ടാനും ധാരാളം പച്ചക്കറികളും ബെറീസും കഴിക്കാവുന്നതാണ്. മത്സ്യം, ഫ്ലാക്സ് സീഡ്, വാൾനട്ട്, ചീര, സ്ട്രോബെറി, ബ്ലൂബെറി എന്നിവ കഴിക്കാം. ദിവസവും ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു.
ശ്രദ്ധ കേന്ദ്രീകരിക്കാം
ഒരേ സമയം ഒന്നിൽകൂടുതൽ ജോലികൾ ചെയ്യുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ ശ്രദ്ധ ഇല്ലാതാക്കുകയും ഓർമ്മശക്തി കുറയാനും കാരണമാകുന്നു. അതിനാൽ തന്നെ ജോലികൾ ചെയ്യുമ്പോൾ എപ്പോഴും ശ്രദ്ധ ഉണ്ടാവണം. ഈ ശീലം ഓർമ്മശക്തി കൂട്ടാൻ നിങ്ങളെ സഹായിക്കുന്നു.
പഞ്ചസാര കുറയ്ക്കാം
അമിതമായി പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കണം. ഇത് ഓർമ്മശക്തിയെ നന്നായി ബാധിക്കുന്നു. അതിനാൽ തന്നെ ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കണം. പകരം പച്ചക്കറികൾ, ബെറീസ്, ഡാർക്ക് ചോക്ലേറ്റ് എന്നിവ കഴിക്കാവുന്നതാണ്. ഇതിൽ പ്രകൃതിദത്തമായ മധുരമാണുള്ളത്.
വെള്ളം കുടിക്കണം
തലച്ചോറിന്റെ 75 ശതമാനവും ജലത്താൽ നിർമ്മിതമാണ്. അതിനാൽ തന്നെ ആവശ്യത്തിനുള്ള വെള്ളം കുടിച്ചാൽ മാത്രമേ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ഓർമ്മശക്തി കൂടുകയുമുള്ളൂ. ദിവസവും നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.


