മുപ്പത് കടന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ ഒരുപാട് ശ്രദ്ധ നല്‍കേണ്ടതുണ്ട്. അതുപോലെ അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ നേരത്തെ മനസിലാക്കുന്നതിനായി വേണ്ട പരിശോധനകളും കൃത്യമായ ഇടവേളകളില്‍ മുപ്പത് കടന്നവര്‍ ചെയ്യേണ്ടതുണ്ട്.

മുപ്പത് വയസ് എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടമാണ്. പ്രത്യേകിച്ച് ആരോഗ്യത്തിന്‍റെ കാര്യത്തിലേക്ക് വരുമ്പോള്‍. കാരണം മുപ്പത് കടന്നാല്‍ പിന്നെ ആരോഗ്യകാര്യങ്ങളില്‍ പല മാറ്റങ്ങളും വന്നുതുടങ്ങുകയായി. എല്ലിന്‍റെയും പേശിയുടെയുമെല്ലാം ആരോഗ്യം കുറഞ്ഞുവരാനും, അതുപോലെ തന്നെ ജീവിതരീതികളുടെ ഭാഗമായി ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ എല്ലാം തല പൊക്കാനോ അനുയോജ്യമായ സമയമാണ് മുപ്പതുകള്‍ക്ക് ശേഷമുള്ളത്.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ മുപ്പത് കടന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ ഒരുപാട് ശ്രദ്ധ നല്‍കേണ്ടതുണ്ട്. അതുപോലെ അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ നേരത്തെ മനസിലാക്കുന്നതിനായി വേണ്ട പരിശോധനകളും കൃത്യമായ ഇടവേളകളില്‍ മുപ്പത് കടന്നവര്‍ ചെയ്യേണ്ടതുണ്ട്. ഇത്തരത്തില്‍ ചെയ്യേണ്ട ചില പരിശോധനകള്‍ ഏതെല്ലാമാണെന്നാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്..

രക്തത്തിലെ ഷുഗര്‍നില പരിശോധിക്കുന്നതിനുള്ള ബ്ലഡ് ഷുഗര്‍ ടെസ്റ്റിംഗ് ആണ് ഇതിലൊന്ന്. പ്രമേഹത്തിന്‍റെ സാധ്യത തിരിച്ചറിയുന്നതിന് ഈ ടെസ്റ്റ് സഹായിക്കും. പ്രത്യേകിച്ച് വീട്ടിലാര്‍ക്കെങ്കിലും പ്രമേഹമുള്ളവരാണെങ്കില്‍, തീര്‍ച്ചയായും ഈ പരിശോധന ചെയ്യണേ. വളരെ ലളിതമായ ബ്ലഡ് ടെസ്റ്റേ ഇതിന് വേണഅടൂ.

രണ്ട്...

കൊളസ്ട്രോള്‍ പരിശോധിക്കുന്നതിനുള്ള ടെസ്റ്റ് ആണ് അടുത്തതായി ഈ ലിസ്റ്റില്‍ വരുന്നത്. നമ്മള്‍ കാഴ്ചയ്ക്ക് ആരോഗ്യവാന്മാരോ ആരോഗ്യവതികളോ ആയി തോന്നുന്നവരില്‍ പോലും കൊളസ്ട്രോളുണ്ടാകാം. അതിനാല്‍ പരിശോധന നിര്‍ബന്ധം. ഇതും വളരെ ലളിതമായ ടെസ്റ്റ് തന്നെ.

മൂന്ന്...

ക്യാൻസര്‍ സ്ക്രീനിംഗ് ടെസ്റ്റാണ് പിന്നെ ചെയ്യേണ്ട ഒരു ടെസ്റ്റ്. സ്ത്രീകള്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ സംബന്ധമായ അര്‍ബുദങ്ങള്‍- പുരുഷന്മാര്‍ പ്രോസ്റ്റേറ്റ് അര്‍ബുദം എന്നിങ്ങനെ നിര്‍ബന്ധമായും പരിശോധിക്കേണ്ട ചില ഏരിയകളുണ്ട്. ഒപ്പം തന്നെ നോര്‍മലായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ടെസ്റ്റുകളും ചെയ്യാം. 

നാല്...

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെയെല്ലാം പ്രവര്‍ത്തനം വിലയിരുത്താനും മുപ്പത് കടന്നവര്‍ ശ്രമിക്കണം. തൈറോയ്ഡ്, വൃക്ക, കരള്‍ ന്നിവയുടെയെല്ലാം പ്രവര്‍ത്തനം പരിശോധിച്ച് അറിയണം.

അഞ്ച്...

ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍, ധാതുക്കള്‍ പോലുള്ള പോഷകങ്ങളുടെ അളവ്- ലഭ്യത എന്നിവയും പരിശോധനയിലൂടെ വിലയിരുത്തേണ്ടതുണ്ട്. വൈറ്റമിൻ-ഡി, വൈറ്റമിൻ ബി 12, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇത്തരത്തില്‍ പരിശോധനയിലൂടെ മനസിലാക്കുന്നത് നല്ലതാണ്.

Also Read:- ഓര്‍മ്മക്കുറവും ശ്രദ്ധയില്ലായ്മയും; തലച്ചോറിനെ ഉണര്‍ത്താൻ നിങ്ങള്‍ ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo