ലോകത്താകമാനം അഞ്ച് കോടിയോളം അപസ്മാര രോഗികളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.  ഒന്നരക്കോടിക്ക് അടുത്ത് രോഗികളും ഇന്ത്യയില്‍ നിന്നുള്ളതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

താല്‍ക്കാലികമായിട്ടാണെങ്കിലും ബോധക്ഷയം സംഭവിക്കുക,അതുപോലെ സംസാരിക്കാനോ ചലനത്തിനോ പ്രയാസം തോന്നുക പോലുള്ള പ്രശ്നങ്ങള്‍ പ കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കൊപ്പം മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഗൗരവമുള്ളൊരു അസുഖത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

'എപിലെപ്സി' അഥവാ അപസ്മാരരോഗത്തെ കുറിച്ച് നിങ്ങള്‍ പലരും കേട്ടിരിക്കാം. നിത്യജീവിതത്തില്‍ ഒരുപാട് പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും അപകടങ്ങളിലേക്ക് വരെ നയിക്കുകയും ചെയ്തേക്കാവുന്നൊരു രോഗമാണിത്. 

ലോകത്താകമാനം അഞ്ച് കോടിയോളം അപസ്മാര രോഗികളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഒന്നരക്കോടിക്ക് അടുത്ത് രോഗികളും ഇന്ത്യയില്‍ നിന്നുള്ളതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് നാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന് സാരം. ധാരാളം പേര്‍ അപസ്മാരരോഗം തിരിച്ചറിയാതെ ജീവിച്ചുപോകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് പിന്നീട് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ രോഗിയുടെ ജീവിതത്തില്‍ സൃഷ്ടിക്കാം. നേരത്തെ സൂചിപ്പിച്ചത് പോലെ അശ്രദ്ധ മരണത്തിലേക്ക് വരെ നയിക്കാം. 

ജനികതമായ കാരണങ്ങള്‍ കൊണ്ടോ, പാരമ്പര്യമായോ, തലച്ചോറിനേല്‍ക്കുന്ന പരുക്കുകളുടെ തുടര്‍ച്ചയായോ എല്ലാം അപസ്മാരം പിടിപെടാം. ഇടയ്ക്കിടെ ചുഴലിയുണ്ടാകുന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സൂചന. ഈ ചുഴലി തന്നെ പല തരത്തിലാണുണ്ടാവുക. പേശികള്‍ ദൃഢമാവുക,, കണ്‍പോളകള്‍ തുടരെ അടഞ്ഞുപോകുക, ആരോടും ഒന്നിനോടും പ്രതികരിക്കാൻ കഴിയാതിരിക്കുക, ഗന്ധത്തിലോ രുചിയിലോ പെടുന്നനെ വ്യതിയാനം തോന്നുക എന്നിങ്ങനെ പല തരത്തില്‍ ഇത് വരാം. 

പ്രസവസമയത്ത് ഓക്സിജൻ നില താഴുന്നതും, തലച്ചോറിനെ ബാധിക്കുന്ന അണുബാധയും, സ്ട്രോക്ക്- ട്യൂമര്‍ പോലുള്ള പ്രശ്നങ്ങളുമെല്ലാം അപസ്മാരത്തിലേക്ക് നയിക്കാം. ചില ലക്ഷണങ്ങള്‍ ഇതില്‍ എപ്പോഴും നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. 

ഇതില്‍ ഏറ്റവും പ്രധാനം ചുഴലി പിടിപെടുന്നത് തന്നെയാണ്. അതുപോലെ താല്‍ക്കാലികമായ ബോധക്ഷയം, പേശികളുടെ അനിയന്ത്രിത ചലനം, സംസാരിക്കാനും പെരുമാറാനും ബുദ്ധിമുട്ട്, പേടി- അസ്വസ്ഥത- ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങള്‍, ശ്വാസതടസം, കൈകളില്‍ പെട്ടെന്ന് വിറയല്‍ കയറുക തുടങ്ങിയ ലക്ഷണങ്ങളാണ് ഇതിനൊപ്പം ശ്രദ്ധിക്കേണ്ടത്. ഇവയെല്ലാം അപസ്മാരരോഗത്തിലേക്കുള്ള സൂചനകളാകാം. അതിനാല്‍ തന്നെ ഇവ കാണുന്നപക്ഷം പരിശോധന നടത്തുകയും കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും വേണം. 

Also Read:- 'ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തന്നെ ഈ ലക്ഷണങ്ങള്‍ കാണാം...'