ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും  മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇന്ത്യയിലടക്കം വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്ക് മാറ്റം വരുത്താൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഡയറ്റ് അടക്കമുള്ള ജീവിതരീതികളെ കുറിച്ചാണ് പറയുന്നത്.

ഇതില്‍ ഡയറ്റ് സംബന്ധമായ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ തന്നെ ഹൃദയാരോഗ്യത്തെ വലിയൊരു പരിധി വരെ സുരക്ഷിതമാക്കാൻ സാധിക്കും. അത്തരത്തില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

കലോറിയുടെ അളവ് എപ്പോഴും ശ്രദ്ധിക്കുക. മധുരം അടങ്ങിയ ഭക്ഷണം, കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണം, ഡീപ് ഫ്രൈഡ് ഫുഡ് എന്നിവയെല്ലാം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതും അമിതവണ്ണവും ആളുകളെ വലിയ രീതിയില്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ചുള്ള അധ്വാനം നമുക്ക് ഇല്ലെങ്കില്‍ ഇത്തരത്തില്‍ കൊഴുപ്പടങ്ങിയതോ, മധുരമടങ്ങിയതോ ആയ ഭക്ഷണങ്ങളെല്ലാം ശരീരത്തില്‍ പ്രത്യേകിച്ച് വയറില്‍ കൊഴുപ്പായി തന്നെ കിടക്കും. ഇത് പിന്നീട് ഹൃദയത്തിന് പണിയായി മാറാം.

രണ്ട്...

കാര്‍ബണേറ്റഡ് പാനീയങ്ങളും വേണ്ടെന്ന് വയ്ക്കാം. അതുപോലെ കൃത്രിമമധുരം ചേര്‍ത്ത പാനീയങ്ങളും. ഇവയ്ക്കൊപ്പം തന്നെ പ്രോസസ്ഡ് ഫുഡുകള്‍ (പലവിധത്തിലുള്ളത്)ഉം പരമാവധി അകറ്റിനിര്‍ത്തണം. റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റാണ് പല ജീവിതശൈലീ രോഗങ്ങളിലേക്കും നമ്മെ നയിക്കുന്നത് ഇവ അടങ്ങിയ ഭക്ഷണം നോക്കി, അതും പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. 

മൂന്ന്...

സാധാരണഗതിയില്‍ കഴിക്കുന്ന ഭക്ഷണം തന്നെ അളവ് പരിമിതപ്പെടുത്തുന്നതും ഹൃദയാരോഗ്യത്തിന് ആവശ്യമാണ്. ചോറ് ആണെങ്കിലും ചപ്പാത്തി ആണെങ്കിലുമെല്ലാം അതിന്‍റെ അളവ് ശ്രദ്ധിക്കുക. ഇവയൊന്നും അമിതമായി കഴിക്കാതിരിക്കാൻ ആദ്യം സലാഡ്- സൂപ്പ് എന്നിവ കഴിക്കാം. പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നതില്‍ പ്രശ്നമുണ്ടെങ്കില്‍ അവ ഒന്ന് ആവി കയറ്റിയെടുത്ത ശേഷം സലാഡ് ആക്കാം. 

നാല്...

സോഡിയത്തിന്‍റെ അളവും നിര്‍ബന്ധമായും പരിമിതപ്പെടുത്തിയിരിക്കണം. അല്ലാത്ത പക്ഷം അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. 

അഞ്ച്...

കുറഞ്ഞ രീതിയില്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം. സെറില്‍സ്, പയറുവര്‍ഗങ്ങള്‍, മുളപ്പിച്ച പയര്‍, ഡ്രൈ ഫ്രൂട്ട്സ്, നട്ടസ്, പച്ചക്കറികള്‍, പഴങ്ങള്‍, സ്കിംഡ് പാലുത്പന്നങ്ങള്‍, ലീൻ മീറ്റ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

ആറ്...

വയറിന്‍റെ ആരോഗ്യവും നല്ലതുപോലെ ശ്രദ്ധിക്കാൻ സാധിക്കണം. ഇതിന് കൂടുതല്‍ പ്രോബയോട്ടിക്സ് എല്ലാം ഡയറ്റിലുള്‍പ്പെടുത്താം. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ വര്‍ധിപ്പിക്കുന്നതിന് ഇവ സഹായകമാണ്.

ഏഴ്...

ഡയറ്റിനെ കുറിച്ച് എപ്പോഴും ശാസ്ത്രീയമായ വിവരങ്ങള്‍ മാത്രം മനസിലാക്കി ചെയ്യുക. ഇതിന് ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്‍റെ സഹായം തേടാനും മടിക്കരുത്. അശാസാത്രീയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി യോജിക്കാത്ത ഡയറ്റോ, അനാരോഗ്യകരമായ ഡയറ്റോ ചെയ്താല്‍ അത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കാം. 

Also Read:- പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം; കാരണങ്ങള്‍ ഇവയാകാം...