മുപ്പതുകളിലും നാല്‍പതുകളിലുമുള്ള ആളുകള്‍ക്കിടയില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുന്നതിനുള്ള കാരണങ്ങളും ഹൃദ്രോഗവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം പതിവായി നേരിടുന്നത് ഇതില്‍ വലിയ പങ്ക് വഹിക്കുന്നതായി ഇവര്‍ പറയുന്നു

ഹൃദയാഘാതവും ഹൃദയസ്തംഭനവും മൂലമുള്ള മരണങ്ങള്‍ ആഗോളതലത്തില്‍ തന്നെ കൂടിക്കൊണ്ടിരിക്കുകയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ വിഷയത്തിലെ ഇനിയും അവബോധം പൊതുജനത്തിനിടയില്‍ ഉണ്ടാകേണ്ടതുണ്ട്. നാളെ സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദയാരോഗ്യത്തെ കുറിച്ച് ആളുകള്‍ക്കിടയില്‍ വേണ്ചവിധം അവബോധം സൃഷ്ടിക്കുകയെന്നതാണ് ഈ ദിനത്തിന്‍റെ ധര്‍മ്മം.

പലപ്പോഴും ഒളിഞ്ഞിരിക്കുന്ന ഹൃദ്രോഗങ്ങളാണ് പിന്നീട് ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കുമെല്ലാം ആളുകളെ നയിക്കുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ നിസാരമാക്കി എടുക്കുകയോ മനസിലാകാതെ പോവുകയോ ചെയ്തതായിരിക്കും. ക്രമേണ അത് ജീവന് തന്നെ ഭീഷണിയായി ഉയരുകയാണ് ചെയ്യുന്നത്. 

വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിച്ചു, ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു എന്നെല്ലാം കേള്‍ക്കാറില്ലേ? ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നതായും ഇപ്പോള്‍ കാണാം. നാം ഫിറ്റ്നസിന് വേണ്ടി പോകുന്നയിടങ്ങളിലെ പരിശീലകര്‍ ഡോക്ടര്‍മാരല്ല. അവരുടെ അറിവിന് പരിധികളുണ്ട്. അതിനാല്‍ തന്നെ കഠിനമായ വര്‍ക്കൗട്ടുകളിലേക്ക് പോകും മുമ്പ് ഹൃദയാരോഗ്യം ഉറപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഇന്ന് വ്യായാമം വലിയ രീതിയിലാണ് ഹൃദ്രോഗികളെ മരണത്തിലേക്ക് നയിക്കുന്നത്. അതിനാലാണ് ഇക്കാര്യം സൂക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍ തന്നെ പ്രത്യേകം എടുത്തുപറയുന്നത്. 

'അധികവും ഇത്തരം കേസുകളില്‍ രോഗിക്ക് കാര്‍ഡിയോ മയോപതി- ഹൈപ്പര്‍ട്രോഫ്കി കാര്‍ഡിയോമയോപതി തുടങ്ങി പല പ്രശ്നങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരിക്കും. എന്നാലിത് അറിഞ്ഞിരിക്കില്ല. കഠിനമായ വ്യായാമത്തിലേര്‍പ്പെടുമ്പോള്‍ അത് ഹൃദയത്തെ തകര്‍ക്കുകയാണ്. അങ്ങനെ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു... '- ദില്ലിയില്‍ നിന്നുള്ള പ്രമുഖ കാര്‍ഡിയാക് സ്പെഷ്യലിസ്റ്റ് ഡോ. അജയ് കൗള്‍ പറയുന്നു. 

മുപ്പതുകളിലും നാല്‍പതുകളിലുമുള്ള ആളുകള്‍ക്കിടയില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുന്നതിനുള്ള കാരണങ്ങളും ഹൃദ്രോഗവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം പതിവായി നേരിടുന്നത് ഇതില്‍ വലിയ പങ്ക് വഹിക്കുന്നതായി ഇവര്‍ പറയുന്നു. ഇത് തൊഴില്‍ സംബന്ധമായ സ്ട്രെസ് ആകാം. അതല്ലാതെ വരുന്നതുമാകാം. എന്തായാലും ആളുകളില്‍ വര്‍ധിച്ചുവരുന്ന സ്ട്രെസ് ഹൃദയാഘാതം- ഹൃദയസ്തംഭനം പോലുള്ള പ്രശ്നങ്ങളും വര്‍ധിപ്പിക്കുന്നുവെന്ന് സാരം. 

പുകവലി, വ്യായാമമില്ലായ്മ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട രണ്ട് കാരണങ്ങളായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ രണ്ട് ദുശ്ശീലങ്ങളും ഒരുമിച്ച് കൂടിയാണെങ്കില്‍ അത് തീര്‍ത്തും 'റിസ്കി'യാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

സ്വന്തം ആരോഗ്യാവസ്ഥയെ കുറിച്ച് ആളുകള്‍ക്ക് അറിവില്ലാത്തതും വലിയ ഭീഷണിയായി വിദഗ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നു. കൃത്യമായ ഇടവേളകളില്‍ ഹൃദയാരോഗ്യം പരിശോധനയിലൂടെ ഉറപ്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇതിലൂടെ എത്രയോ അപകടം കുറയ്ക്കാമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ രാവിലെ ഉണരുമ്പോള്‍ കാണാം; മൂന്ന് ലക്ഷണങ്ങള്‍...