ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. മയങ്ങിക്കിടക്കുന്ന രോഗികളുടെ ദൃശ്യങ്ങളും അല്ലാതെയുള്ള മെഡിക്കല്‍ നപടിക്രമങ്ങളുടെ ദൃശ്യങ്ങളുമെല്ലാം ഇവിടെയുള്ള ക്യാമറകളില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്

ഏറ്റവും വിശ്വാസ്യതയോട് കൂടി നമ്മള്‍ പോവുകയും ഇടപെടുകയും ചെയ്യുന്ന ഇടമാണ് ആശുപത്രി. എന്നാല്‍ ആശുപത്രികള്‍ പോലും സുരക്ഷിതമല്ലെന്നാണ് പുതിയൊരു വാര്‍ത്ത സൂചിപ്പിക്കുന്നത്. 

കാലിഫോര്‍ണിയയിലെ ഒരു ആശുപത്രിയിലാണ് സംഭവം. സ്ത്രീകള്‍ക്ക് മാത്രമായുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഒളിക്യാമറയില്‍ പിടിച്ചത് 1800 രോഗികളുടെ ദൃശ്യങ്ങളാണത്രേ. 

സംഭവം പുറത്തറിഞ്ഞതിന് ശേഷം മാത്രം പരാതിയുമായി എത്തിയത് എണ്‍പതിലധികം സ്ത്രീകളാണ്. ചരിത്രത്തില്‍ തന്നെ ഇത്തരമൊരു നീചമായ കുറ്റകൃത്യം ആശുപത്രികളില്‍ നടന്നതായി അറിവില്ലെന്നും ഇങ്ങനെയൊരു തരംതാഴ്ന്ന മനസ്ഥിതി കാണിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നും പരാതിക്കാരായ സ്ത്രീകള്‍ ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഒളിക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. മയങ്ങിക്കിടക്കുന്ന രോഗികളുടെ ദൃശ്യങ്ങളും അല്ലാതെയുള്ള മെഡിക്കല്‍ നപടിക്രമങ്ങളുടെ ദൃശ്യങ്ങളുമെല്ലാം ഇവിടെയുള്ള ക്യാമറകളില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ മിക്കതിലും രോഗികളുടെ മുഖം വ്യക്തവുമാണ്. അതിനാല്‍ തന്നെ സ്വകാര്യതയെ ഹനിക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് പ്രതികളുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. 

അതേസമയം രോഗികളെ അപമാനിക്കുകയെന്ന ഉദ്ദേശത്തോടെയല്ല ക്യാമറകള്‍ സ്ഥാപിച്ചതെന്നും സുരക്ഷാകാരണങ്ങള്‍ മാത്രമേ ഇതിന് പിന്നിലുണ്ടായിരുന്ന ലക്ഷ്യമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.