മലബന്ധം അലട്ടുന്നുണ്ടോ? പരീക്ഷിക്കാം ഈ ഏഴ് ടിപ്സുകള്‍...
നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം വരാം. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്.

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മലബന്ധം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതു മൂലം മലബന്ധം ഉണ്ടാകാം. അതുപോലെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം വരാം. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുന്നതാണ് നല്ലത്.
മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വെള്ളം ധാരാളം കുടിക്കുക. കാരണം നിർജ്ജലീകരണമാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. പ്രത്യേകിച്ച് ഇളം ചൂടുവെള്ളം കുടിക്കുന്നത് മലബന്ധത്തെ പെട്ടെന്ന് അകറ്റാന്‍ സഹായിക്കും.
രണ്ട്...
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷ്യ നാരുകള്‍ അടങ്ങിയവ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി പഴങ്ങളും പച്ചക്കറികളും മുഴു ധാന്യങ്ങളും പയർവർഗങ്ങളും ബീൻസും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ഭക്ഷണ നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.
മൂന്ന്...
നട്സും സീഡുകളും ഡ്രൈ ഫ്രൂട്ട്സുകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടഞ്ഞേക്കാം. ബദാം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ, ഉണക്ക മുന്തിരി എന്നിവയിൽ നാരുകൾ കൂടുതലാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിച്ചേക്കാം.
നാല്...
ഇലക്കറികള്‍ ധാരാളം കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും. ചീര പോലെയുള്ള ഇലക്കറികളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അഞ്ച്...
പ്രോബയോട്ടിക് ആയ തൈര് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
ആറ്...
സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും നാരുകൾ കുറവും അനാരോഗ്യകരമായ കൊഴുപ്പുകള്‍ കൂടുതലുമാണ്. ഇത് മലബന്ധത്തിന് കാരണമാകും. അതിനാല്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം.
ഏഴ്...
പതിവ് ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല, മലബന്ധം തടയുന്നതിനും മികച്ചതാണ്. അതിനാല്‍ 20 മിനിറ്റ് ദിവസേന നടക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: അകാലനര അകറ്റാന്‍ ഉണക്കമുന്തിരി ഇങ്ങനെ കഴിക്കാം...