കുട്ടികളിലെ മലബന്ധം തടയാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന പരിഹാരങ്ങള്‍...
കുട്ടികളെ ഇത്തരത്തില്‍ പതിവായി ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മലബന്ധം. കുട്ടിക്ക് മറ്റ് ലക്ഷണങ്ങളൊന്നുമില്ല- എന്നാല്‍ ഏതാനും ദിവസങ്ങളായി മലബന്ധം തുടരുന്നുവെങ്കില്‍ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പരിഹാരങ്ങള്‍

കുട്ടികളുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്കും മറ്റ് മുതിര്‍ന്നവര്‍ക്കുമെല്ലാം വരുന്ന ആശങ്കകള്‍ പലതാണ്. കുട്ടികള്‍ക്ക് അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കൃത്യമായി മറ്റുള്ളവരെ ധരിപ്പിക്കാൻ സാധിക്കില്ല എന്നത് തന്നെയാണ് വലിയ ആശങ്ക. ഇത്തരത്തില്‍ പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും പ്രാധാന്യം - അല്ലെങ്കില്‍ തീവ്രത സമയത്തിന് അറിയാതെ പോകാമല്ലോ.
എന്തായാലും കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നപക്ഷം, അത് മാതാപിതാക്കളെ തന്നെയാണ് കാര്യമായും ബാധിക്കുകയെന്ന് നിസംശയം പറയാം.
കുട്ടികളെ ഇത്തരത്തില്‍ പതിവായി ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മലബന്ധം. കുട്ടിക്ക് മറ്റ് ലക്ഷണങ്ങളൊന്നുമില്ല- എന്നാല്‍ ഏതാനും ദിവസങ്ങളായി മലബന്ധം തുടരുന്നുവെങ്കില്‍ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പരിഹാരങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
ഭക്ഷണത്തില്‍ മാറ്റം വരുത്തുക...
കുട്ടികളുടെ ഡയറ്റില്‍ ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതാണ് ഒരു പരിഹാരം. പൊടിക്കാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയെല്ലാം കാര്യമായി കുട്ടികളെ കൊണ്ട് കഴിപ്പിക്കണം. ആപ്പിള്‍ പോലുള്ള ഫ്രൂട്ട്സ് പതിവായിത്തന്നെ കഴിപ്പിക്കുക. നേന്ത്രപ്പഴം, സ്ട്രോബെറി, യോഗര്‍ട്ട് എന്നിവയെല്ലാം യോജിപ്പിച്ച് കൊടുക്കുന്നതും നല്ലതാണ്. ഇതില്‍ അല്‍പം ഫ്ളാക്സ് സീഡ്സും ചിയ സീഡ്സുമെല്ലാം പൊടിച്ച് ചേര്‍ക്കുന്നതും നല്ലതാണ്. ഇത് കുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും.
പ്രോസസ്ഡ് ഫുഡ്സ്, ജങ്ക് ഫുഡ്സ് എന്നിവയും മധുരം കാര്യമായി അടങ്ങിയ- പ്രത്യേകിച്ച് കൃത്രിമമധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് കുറയ്ക്കണം. പച്ചയ്ക്ക് കഴിക്കാൻ കൊടുക്കുന്ന ആഹാരം കുറയ്ക്കണം. എല്ലാം വേവിച്ച് തന്നെ കൊടുക്കാൻ ശ്രമിക്കുക. പച്ചക്കറികള്‍ അടക്കം. പഴങ്ങള്‍ അങ്ങനെ തന്നെ കൊടുക്കാവുന്നതാണ്.
വെള്ളം...
കുട്ടികള്‍ക്കുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പിന്നിലൊരു കാരണമായി വരുന്നത് അവര്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല എന്നതായിരിക്കും. ഇത്തരത്തില്‍ മലബന്ധത്തിന് പിന്നിലും ജലാംശം കുറയുന്നത് കാരണമാകാം. അതിനാല്‍ തന്നെ ദിവസവും ആവശ്യമായത്ര വെള്ളം കുട്ടികള്‍ കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വെള്ളം കുടി കുറവാണെങ്കില്‍ കരിക്ക്, നാരങ്ങാവെള്ളം എന്നിവയെല്ലാം കൊടുക്കുന്നതും നല്ലതാണ്.
ടോയ്‍ലറ്റില്‍ പോകുന്നത്...
കുട്ടികള്‍ ടോയ്‍ലറ്റില്‍ പോകുന്നത് പല സമയത്താണെങ്കില്‍ അത് മാറ്റി ദിവസവും ഒരേ സമയത്ത് ടോയ്‍ലറ്റില്‍ പോകാൻ അവരെ പരിശീലിപ്പിക്കണം. ഇതും വലിയൊരു പരിധി വരെ മലബന്ധത്തിന് ആശ്വാസം നല്‍കും.
ശീലം...
കുട്ടികളെ ആരോഗ്യകരമായ ശീലങ്ങളിലേക്ക് കൊണ്ടുവരുന്നതും അവരില്‍ മലബന്ധം പോലുള്ള പ്രശ്നങ്ങളില്ലാതിരിക്കാൻ സഹായിക്കും. രാവിലെ എന്നും ഒരേ സമയത്ത് ഉറക്കമുണരുക. ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക. ലഘുഭക്ഷണം കഴിച്ച ശേഷം മാത്രം ചായയിലേക്കോ കാപ്പിയിലേക്കോ കടക്കാം. രാവിലെ ബിസ്കറ്റ്- ബേക്കറി പോലുള്ള ഭക്ഷണങ്ങളൊന്നും നല്‍കരുത്. ഇവയെല്ലാം പരമാവധി കുട്ടികള്‍ക്ക് കൊടുക്കരുത്. നാടൻ ഭക്ഷണം - വീട്ടിലുണ്ടാക്കുന്നത് നല്‍കി ശീലിപ്പിക്കുക.
സമയത്തിന് ആഹാരം കഴിപ്പിച്ചും ശീലിപ്പിക്കണം. രാവിലെ വെറും വയറ്റില്‍ രാത്രി കുതിര്‍ത്താനിട്ട നാലോ അഞഅചോ ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. രാത്രി നേരത്തെ അത്താഴം കഴിച്ച് വൈകാതെ തന്നെ കിടന്നുറങ്ങി ശീലിപ്പിക്കണം. ഉറങ്ങാൻ പോകുന്നതിന് അല്‍പം മുമ്പായി ഒരു ഗ്ലാസ് ഇളംചൂടുപാലില്‍ അര ടീസ്പൂണ്‍ നെയ് കലര്‍ത്തി കഴിക്കുന്നത് ദഹനക്കുറവും മലബന്ധവും അകറ്റാൻ സഹായിക്കും.
Also Read:- വയറിന്‍റെ ആരോഗ്യം നന്നാക്കാം; പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-