ഹൃദയാഘാതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് നെഞ്ചുവേദന. എന്നാല്‍ ഗ്യാസ്ട്രബിള്‍ അടക്കം പല അവസ്ഥകളിലും നെഞ്ചുവേദന അനുഭവപ്പെടാം എന്നതിനാല്‍ ഹൃദയാഘാതത്തിന്‍റെ നെഞ്ചുവേദന തിരിച്ചറിയാതെ പോകാനുള്ള സാധ്യതകളേറെയാണ്.

ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഏവരുടെയും ഒരു പേടിസ്വപ്നം തന്നെയാണ്. പലപ്പോഴും സമയബന്ധിതമായി പ്രാഥമിക ചികിത്സ ലഭിക്കാത്തതാണ് ഹൃദയാഘാതം മൂലമുള്ള മരണം പോലും കൂടാൻ കാരണമാകുന്നത്. ഇത്തരത്തില്‍ ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ അതിന്‍റെ ലക്ഷണങ്ങള്‍ സംബന്ധിക്കുന്ന അജ്ഞതയും വലിയ ഘടകമാണ്.

പലരും ഹൃദയാഘാത ലക്ഷണങ്ങളെ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടായോ സാധാരണഗതിയില്‍ വരാറുള്ള ആരോഗ്യപ്രശ്നങ്ങളായോ എല്ലാം കണക്കാക്കാറുണ്ട്. ഇതോടെ സമയത്തിന് ചികിത്സയെടുക്കാതെ പോകുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥ വരികയും ചെയ്യുന്നു. 

നമുക്കറിയാം, ഹൃദയാഘാതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് നെഞ്ചുവേദന. എന്നാല്‍ ഗ്യാസ്ട്രബിള്‍ അടക്കം പല അവസ്ഥകളിലും നെഞ്ചുവേദന അനുഭവപ്പെടാം എന്നതിനാല്‍ ഹൃദയാഘാതത്തിന്‍റെ നെഞ്ചുവേദന തിരിച്ചറിയാതെ പോകാനുള്ള സാധ്യതകളേറെയാണ്. എങ്ങനെയാണ് ഹൃദയാഘാതത്തിന്‍റെ നെഞ്ചുവേദന പ്രത്യേകമായി തന്നെ തിരിച്ചറിയുക? അതിനുള്ള ചില മാര്‍ഗങ്ങളാണിനി നിര്‍ദേശിക്കുന്നത്. 

ഹൃദയാഘാതത്തിന്‍റെ നെഞ്ചുവേദന സാധാരണഗതിയില്‍ നെഞ്ചിന്‍റെ നടുഭാഗത്ത് നിന്ന് തുടങ്ങി ഇടതുഭാഗത്തേക്ക് വ്യാപിക്കുന്നതായിരിക്കും. അതുപോലെ തന്നെ നെഞ്ചില്‍ നല്ലരീതിയില്‍ സമ്മര്‍ദ്ദവും അനുഭവപ്പെടും. ഭാരം, ശ്വാസം കിട്ടാത്തത് പോലുള്ള അവസ്ഥ, ഇറുക്കം എല്ലാം അനുഭവപ്പെടാം. ചിലര്‍ക്ക് നെഞ്ചില്‍ തന്നെ കാര്യമായ രീതിയില്‍ എരിച്ചിലും ഇതിനൊപ്പം അനുഭവപ്പെടാം. 

ഹൃദയാഘാതത്തില്‍ ചിലരില്‍ നെഞ്ചിലെ വേദന കൈകളിലേക്കും പടരാം. കൈകളിലേക്ക് മാത്രമല്ല കഴുത്ത്, തോള്‍ഭാഗം, മുതുക് എന്നീ ഭാഗങ്ങളിലും ചിലരില്‍ കീഴ്ത്താടിയിലുമെല്ലാം വേദന പടര്‍ന്നെത്താം. 

ഹൃദയാഘാതത്തിലെ വേദന വരികയും പോവുകയും ചെയ്യാം. ഏതാനും നിമിഷത്തേക്ക് നീണ്ടുനിന്ന് പിന്നെ പോയി, വീണ്ടും തിരികെ വരുന്ന രീതി. എന്തായാലും ഈ രീതിയിലെല്ലാം വേദന അനുഭവപ്പെടുന്നപക്ഷം ആശുപത്രിയില്‍ പോകുന്നതാണ് ഉചിതം. അതേസമയം ഇനി നെഞ്ചിലോ പുറത്തോ കഴുത്തിലോ കൈകളിലോ വേദന അനുഭവപ്പെട്ടാല്‍ ഉടൻ തന്നെ അത് ഹൃദയാഘാതം ആയിരിക്കുമെന്ന സ്വയം നിര്‍ണയവും വേണ്ട. 

നെഞ്ചുവേദനയ്ക്കൊപ്പം തന്നെ നേരത്തെ സൂചിപ്പിച്ചത് പോലെ ശ്വാസതടസം, അമിതമായ വിയര്‍പ്പ്, ഓക്കാനം/ ഛര്‍ദ്ദി എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തില്‍ കാണാം. അതിനാല്‍ ഇവയും ശ്രദ്ധിക്കേണ്ടതാണ്. 

Also Read:- പുരുഷന്മാരിലെ സ്തനവളര്‍ച്ചയ്ക്ക് എന്താണ് പരിഹാരം?; 21-40 വരെ പ്രായമുള്ളവര്‍ അറിയാൻ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo