പ്രായം കൂടുമ്പോഴാണ് വലിയൊരു ശതമാനവും ഡിമെൻഷ്യ പിടിപെടുന്നത്. അല്ലാത്ത കേസുകള്‍ അപൂര്‍വമാണ്. അപ്പോഴും പ്രായാധിക്യം മൂലം സാധാരണഗതിയില്‍ തന്നെ വരാവുന്ന മറവികളുണ്ട്. ഇതൊന്നും ഡിമെൻഷ്യയുടെ ലക്ഷണങ്ങളായി കണക്കാക്കരുത്.

ദൈനംദിന ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള മറവികള്‍ നേരിടാത്തവരായി ആരും കാണില്ല. ഇങ്ങനെ മറവിയുണ്ടാകുമ്പോഴെല്ലാം പലരും അത് മറവിരോഗമായി മാറുമോ, അല്ലെങ്കില്‍ മറവിരോഗത്തിന്‍റെ ലക്ഷണമാണോ എന്ന് സംശയിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യാറുണ്ട്. പ്രത്യേകിച്ച് അമ്പത് വയസ് കടന്നവര്‍. കാരണം പ്രായം ചെല്ലുംതോറുമാണല്ലോ മറവിരോഗത്തിനുള്ള സാധ്യത കൂടുന്നത്.

മറവിരോഗം എന്ന് നാം വിശേഷിപ്പിക്കുന്നത് പൊതുവെ അല്‍ഷിമേഴ്സിനെയാണ്. ഡിമെൻഷ്യ എന്ന അവസ്ഥയുടെ ഭാഗമായാണ് സത്യത്തില്‍ അല്‍ഷിമേഴ്സുണ്ടാകുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുമ്പോള്‍ ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും ചിന്തിക്കാനുള്ള കഴിവ് കുറഞ്ഞുവരികയും വ്യക്തിയുടെ സ്വഭാവം തന്നെ മാറുകയുമെല്ലാം ചെയ്യുന്ന- ഒരു സംഘം പ്രശ്നങ്ങള്‍ ഒത്തുചേര്‍ന്ന അവസ്ഥയാണ് ഡിമെൻഷ്യ.ഇതിന്‍റെ ഭാഗമായി വരുന്നതാണ് അല്‍ഷിമേഴ്സ്. 

പ്രായം കൂടുമ്പോഴാണ് വലിയൊരു ശതമാനവും ഡിമെൻഷ്യ പിടിപെടുന്നത്. അല്ലാത്ത കേസുകള്‍ അപൂര്‍വമാണ്. അപ്പോഴും പ്രായാധിക്യം മൂലം സാധാരണഗതിയില്‍ തന്നെ വരാവുന്ന മറവികളുണ്ട്. ഇതൊന്നും ഡിമെൻഷ്യയുടെ ലക്ഷണങ്ങളായി കണക്കാക്കരുത്. എവിടെയെങ്കിലും പോകാനിറങ്ങുമ്പോള്‍ എടുക്കാനുള്ള സാധനങ്ങളില്‍ ചിലത് എടുക്കാൻ മറക്കുക, അല്ലെങ്കില്‍ ഫോണ്‍ വിളിക്കാമെന്ന് പറഞ്ഞ ശേഷം അത് മറക്കുക, മറ്റാരെങ്കിലും പറഞ്ഞ കാര്യങ്ങള്‍ മറക്കുക എന്നിങ്ങനെയുള്ള മറവികളൊക്കെ വളരെ സാധാരണമാണ്. ഇതൊക്കെ ഏത് പ്രായക്കാരിലും കാണാവുന്ന മറവികളാണ്. 

സ്ട്രെസ്, ഉറക്കമില്ലായ്മ, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ക്ഷീണം എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം ഇത്തരത്തിലുള്ള മറവികള്‍ക്ക് കാരണമാകാം. അതുപോലെ തന്നെ പ്രായമായവരില്‍ അതിന്‍റെ ഭാഗമായും ഇങ്ങനെയുള്ള മറവികള്‍ കാണാം.

അതേസമയം തീയ്യതികള്‍ എപ്പോഴും മറന്നുപോവുക, കാലം അഥവാ വര്‍ഷം - സീസണ്‍ എല്ലാം മറന്നുപോവുക, വീണ്ടും വീണ്ടും തെറ്റായ തീരുമാനങ്ങളെടുക്കുക, സുഹൃത്തുക്കളെ തിരിച്ചറിയാൻ പ്രയാസം, അല്ലെങ്കില്‍ ബന്ധങ്ങള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയെല്ലാം കാണുന്നുവെങ്കില്‍ അത് ഡിമെൻഷ്യയുടെ തുടക്കമാകാൻ സാധ്യതയുണ്ട്. 

ഇതിന് ഒരു ഡോക്ടറെ കാണുകയാണ് വേണ്ടത്. തലച്ചോറിന്‍റെ പ്രവര്‍ത്തനം ശാസ്ത്രീയമായി തന്നെ വിലയിരുത്തി, അത് ഡിമെൻഷ്യ ആകാൻ സാധ്യതയുണ്ടോ ഇല്ലയോ എന്നതോ അല്ലെങ്കില്‍ രോഗാവസ്ഥ ഉറപ്പിക്കാനോ എല്ലാം ഇത് സഹായകമായിരിക്കും. ഡിമെൻഷ്യ ആണെന്ന് കണ്ടെത്തിയാലും ആ വ്യക്തിയുടെ ജീവിതം അവിടെ തീര്‍ന്നു എന്നും കരുതരുത്. വളരെ പതിയെ ആണ് രോഗിയില്‍ മാറ്റങ്ങള്‍ കാണുന്നത് എങ്കില്‍ ആ മാറ്റങ്ങള്‍ക്ക് അനുസരിച്ച് മാത്രം ജീവിതരീതികളും മാറ്റിയാല്‍ മതി.

ചിലര്‍ രോഗനിര്‍ണയം നടന്നുകഴിഞ്ഞാല്‍ ഉടനെ തന്നെ ഡ്രൈവ് ചെയ്യുന്നത് നിര്‍ത്താനും, പുറത്തുപോകുന്നതോ മറ്റുള്ളവരോട് ഇടപഴകുന്നതോ നിര്‍ത്താനുമെല്ലാം ശ്രമിക്കാറുണ്ട്. ഇങ്ങനെയൊന്നും ചെയ്യേണ്ടതില്ല. ഡിമെൻഷ്യ അങ്ങനെയൊരു രോഗമല്ല. തലച്ചോറിന്‍റെ ഒരവസ്ഥയാണെന്ന് മനസിലാക്കുക. 

ഡിമെൻഷ്യ ഒരു പാരമ്പര്യ രോഗമായും പലരും കണക്കാക്കാറുണ്ട്. എന്നാല്‍ അങ്ങനെ ഇല്ല. വീട്ടിലാര്‍ക്കെങ്കിലും- പ്രത്യേകിച്ച് മാതാപിതാക്കള്‍ക്ക് ഡിമെൻഷ്യ ഉണ്ടായിട്ടുണ്ട് എങ്കില്‍ മക്കളില്‍ അതിനുള്ള സാധ്യതകള്‍ താരതമ്യേന കൂടുതലായിരിക്കും. എന്നുവച്ച് മക്കള്‍ക്ക് ഡിമെൻഷ്യ പിടിപെടണമെന്ന് ഒരു നിര്‍ബന്ധവുമില്ല. എന്ന് മാത്രമല്ല- ഇങ്ങനെ ഡിമെൻഷ്യ പിടിപെടുന്നത് സാധാരണവുമല്ല. 

Also Read:- ആംഗ്സൈറ്റി കുറയ്ക്കാൻ ആലിയ ഭട്ട് ചെയ്യുന്ന 'ടെക്നിക്'; ഇത് ആര്‍ക്കും പരീക്ഷിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo