Asianet News MalayalamAsianet News Malayalam

പതിവായി പെയിൻ കില്ലര്‍ കഴിക്കുന്നത് ദോഷമോ? അറിയാം...

വൃക്കയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് ശരീരത്തില്‍ നിന്ന് അവശഷ്ടങ്ങളെ പുറന്തള്ളുന്ന പ്രക്രിയയെ ആണ് കാര്യമായും ബാധിക്കുക.  ഏറെ ഗൗരവമുള്ള അവസ്ഥ തന്നെയാണ് ഇത് മൂലമുണ്ടാവുക

how pain killers affects kidney functioning
Author
First Published Nov 30, 2023, 11:29 PM IST

വൃക്ക രോഗങ്ങള്‍, അല്ലെങ്കില്‍ വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ച്ചയായും നമ്മെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് വൃക്കകളുടെ ധര്‍മ്മം. ഇത് ഏവര്‍ക്കുമറിയാമല്ലോ.  

ഇക്കാരണം കൊണ്ടുതന്നെ വൃക്കയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് ശരീരത്തില്‍ നിന്ന് അവശഷ്ടങ്ങളെ പുറന്തള്ളുന്ന പ്രക്രിയയെ ആണ് കാര്യമായും ബാധിക്കുക.  ഏറെ ഗൗരവമുള്ള അവസ്ഥ തന്നെയാണ് ഇത് മൂലമുണ്ടാവുക. ഇതില്‍ പെയിൻ കില്ലേഴ്സിനാണ് എന്താണ് 'റോള്‍' എന്നാണോ ചിന്തിക്കുന്നത്? അതിലേക്ക് വരാം...

വൃക്ക ബാധിക്കപ്പെടുന്നതിലേക്ക്, അല്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം തന്നെ തകരാറിലാകുന്ന തരത്തിലേക്ക് നമ്മെ നയിക്കുന്ന ചില ഘടകങ്ങളുണ്ട്. അവയെ കുറിച്ചാണ് വിശദമാക്കുന്നത്. കൂട്ടത്തില്‍ പെയിൻ കില്ലേഴ്സിന്‍റെ പങ്കും അറിയാം.

പ്രമേഹരോഗം...

പ്രമേഹം അഥവാ ഷുഗര്‍, രക്തത്തില്‍ ഷുഗര്‍ നില (ഗ്ലൂക്കോസ്) ഉയരുന്നത് മൂലമാണുണ്ടാകുന്നതെന്ന് ഏവര്‍ക്കുമറിയാമല്ലോ. ഇൻസുലിൻ എന്ന ഹോര്‍മോണ്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ , ഇൻസുലിൻ ഹോര്‍മോണ്‍ ഉണ്ടായിട്ടും അത് ആവശ്യം പോലെ ഉപയോഗപ്പെടുത്താൻ കഴിയാതെ പോവുകയും ചെയ്യുമ്പോഴാണ് രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്നത്. ഇങ്ങനെയാണ് പ്രമേഹം പിടിപെടുന്നത്.

അധികപേരെയും ബാധിക്കുന്നത് ടൈപ്പ്-2 പ്രമേഹമാണ്. ഇതാണെങ്കില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്തുക സാധ്യമല്ല. ഭക്ഷണമടക്കമുള്ള ജീവിതരീതികളിലൂടെ നിയന്ത്രിച്ചുനിര്‍ത്തുകയാണ് ഏക മാര്‍ഗം. 

പ്രമേഹം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കില്‍, അത് ക്രമേണ വൃക്കയെയും ബാധിക്കാം. വൃക്കയിലെ രക്തക്കുഴലുകള്‍ ബാധിക്കപ്പെടുകയും ഇതോടെ വൃക്കയുടെ പ്രാഥമികമായ പ്രവര്‍ത്തനങ്ങള്‍ തന്നെ തടസപ്പെടുകയുമാണ് ചെയ്യുക. 'ഡയബെറ്റിക് നെഫ്രോപ്പതി' എന്നതാണ് ഈ അവസ്ഥ. ഇതൊഴിവാക്കാൻ പ്രമേഹം നിയന്ത്രിക്കുകയെന്ന ഒരേയൊരു പോംവഴിയേ ഉള്ളൂ...

ബ്ലഡ് പ്രഷര്‍ (ബിപി)...

ബിപി (ബ്ലഡ് പ്രഷര്‍ ) അഥവാ രക്തസമ്മര്‍ദ്ദം കൂടുന്നതും വൃക്കയ്ക്ക് ഭീഷണിയാണ്. ബിപി അധികമാകുമ്പോള്‍ വൃക്കയിലെ രക്തക്കുഴലുകളിലും സമ്മര്‍ദ്ദമേറുന്നു. ഇതോടെ വൃക്കയ്ക്ക് നേരെ വെല്ലുവിളി ഉയരുന്നു. ഈ പ്രശ്നമൊഴിവാക്കാൻ ബിപി നിയന്ത്രിച്ചുകൊണ്ടുപോവുകയെന്നതാണ് മാര്‍ഗം. ഉപ്പും സോഡിയം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും കുറയ്ക്കുക, പുകവലി - മദ്യപാനം - ലഹരി ഉപയോഗം എന്നിവ ഉപേക്ഷിക്കുക, ബിപി നിയന്ത്രിക്കുന്നതിന് മരുന്നുകളുണ്ടെങ്കില്‍ അവയും തെറ്റാതെ പിന്തുടരുക- ഇത്രയുമാണ് ചെയ്യാനുള്ളത്.

പെയിൻ കില്ലേഴ്സ്...

പെയിൻ കില്ലേഴ്സ് കഴിക്കുന്നത് കാണുമ്പോള്‍ ചിലരെങ്കിലും നിങ്ങളോട് പറ‍ഞ്ഞിരിക്കാം, അത് നല്ല ശീലമല്ല- ആരോഗ്യത്തിന് ഭീഷണിയാണെന്ന്. വൃക്കയെ ആണ് പെയിൻ കില്ലേഴ്സ് തകരാറിലാക്കുകയെന്ന് വ്യക്തമായി പറയുന്നവരുമുണ്ട്. ഇതില്‍ സത്യമില്ലാതില്ല. 

എന്നുവച്ചാല്‍ ദീര്‍ഘകാലത്തേക്ക് പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം. പെയിൻ കില്ലേഴ്സ് വൃക്കയിലേക്കുള്ള രക്തയോട്ടത്തെയാണ് പതിയെ ബാധിക്കുന്നത്. ഇങ്ങനെയാണ് വൃക്ക അപകടത്തിലാകുന്നത്. ഇക്കാരണം കൊണ്ടുതന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ പെയിൻ കില്ലേഴ്സ് അടക്കം ഒരു മരുന്നും എടുക്കാതിരിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് സുരക്ഷിതം.

നിര്‍ജലീകരണം...

ദോഷകരമാകുംവിധം ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ടുപോകുന്ന നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷൻ ആണ് വൃക്കയ്ക്ക് ഭീഷണിയാകുന്ന മറ്റൊരവസ്ഥ. ഈ അവസ്ഥ വൃക്കയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതോടെ വൃക്കയ്ക്ക് നേരാംവണ്ണം പ്രവര്‍ത്തിക്കാൻ സാധിക്കാതെ വരുന്നു. ക്രമേണ ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയും ചെയ്യുന്നു.

ലഹരി ഉപയോഗം...

വൃക്കയെ അപകടത്തിലാക്കുന്ന മറ്റൊരു അപകടകരമായ കാരണമാണ് പുകവലിയും മദ്യപാനവും പോലുള്ള ലഹരി- ഉപയോഗങ്ങള്‍. ഈ ദുശ്ശീലങ്ങളെല്ലാം നേരത്തെ സൂചിപ്പിച്ചത് പോലെ വൃക്കയിലെ രക്തക്കുഴലുകളെയാണ് ദോഷകരമായി ബാധിക്കുക. ഇങ്ങനെ അല്‍പാല്‍പമായി വൃക്കയുടെ പ്രവര്‍ത്തനം തന്നെ അപകടത്തിലാകുന്നു. 

Also Read:- മൂഡ് സ്വിംഗ്സ്, ക്ഷീണം എന്നിവയുണ്ടെങ്കില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios