മിന്നലേറ്റ് കേള്‍വിശക്തി പോകുമോ? മിന്നലില്‍ നിന്ന് സുരക്ഷിതരാകാൻ ശ്രദ്ധിക്കേണ്ടത്...
യുവതിയുടെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. പലര്‍ക്കുമുള്ള സംശയമാണ്- ഇങ്ങനെ മിന്നലേറ്റാല്‍ അത് കേള്‍വിശക്തിയെ എല്ലാം ബാധിക്കുമോ എന്നത്.

മിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തിക്ക് തകരാര്‍ എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഏറെ ആശങ്കയുണ്ടാക്കുന്നത്. തൃശൂരിലാണ് സംഭവം.
ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് യുവതിക്ക് മിന്നലേറ്റത്. ചുവരില്‍ ചാരിയിരുന്ന് കുഞ്ഞിന് മുലയൂട്ടുകയായിരുന്നുവത്രേ. ഇവരുടെ പുറത്ത് പൊള്ളലേല്‍ക്കുകയും മുടി കരിയുകയും ചെയ്തിട്ടുണ്ട്.
കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. എന്നാല്‍ യുവതിയുടെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. പലര്‍ക്കുമുള്ള സംശയമാണ്- ഇങ്ങനെ മിന്നലേറ്റാല്‍ അത് കേള്‍വിശക്തിയെ എല്ലാം ബാധിക്കുമോ എന്നത്.
മിന്നലേല്‍ക്കുന്നത് മരണത്തിന് വരെ കാരണമാകുന്ന അപകടമാണ്. അപ്പോള്‍ അതിന്‍റെ തീവ്രത മനസിലാക്കാമല്ലോ. ഗുരുതരമായി പൊള്ളലേല്‍ക്കാനും അതുപോലെ തന്നെ കാഴ്ചയ്ക്കോ കേള്‍വിക്കോ എല്ലാം തകരാര്‍ സംഭവിക്കാനുമെല്ലാം സാധ്യതയുണ്ട്. മിന്നലേല്‍ക്കുന്നതിന് പിന്നാലെ ഹൃദയാഘാതമുണ്ടാകാം. ഇങ്ങനെയുള്ള സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
മിന്നലേല്‍ക്കാതിരിക്കാൻ...
നിലവില്‍ കേരളത്തില്‍ മഴയും ഇടിമിന്നലും മിക്ക ദിവസങ്ങളിലും ഉണ്ടാകുന്നുണ്ട്. ഈ കാലത്താണ് മിന്നല്‍ നാം ഏറെ ഭയപ്പെടേണ്ടതും. ദിവസവും മിന്നലേല്‍ക്കുന്ന വാര്‍ത്തകളും വരുന്നുണ്ട്.
മിന്നലേല്‍ക്കാതിരിക്കാൻ ചില സുരക്ഷാ മുന്നൊരുക്കങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. എന്നാലിത് കൊണ്ട് പൂര്‍ണമായും സുരക്ഷിതരാകാം എന്ന് ചിന്തിക്കുകയുമരുത്. എങ്കിലും വലിയൊരു പരിധി വരെ സ്വയം രക്ഷിക്കാൻ ഇക്കാര്യങ്ങള്‍ സഹായകമായേക്കും.
മിന്നലുള്ളപ്പോള്‍ തുറസായ ഇടങ്ങളില്‍ നില്‍ക്കാതിരിക്കലാണ് ആദ്യം ചെയ്യണ്ടേത്. മരങ്ങള്‍ക്ക് കീഴെയും ഒരു കാരണവശാലും അഭയം തേടരുത്. വാഹനങ്ങളിലാണെങ്കില്‍ അതിനകത്ത് തന്നെ ഇരിക്കുക. ശരീരഭാഗങ്ങളൊന്നും പുറത്തിടാതിരിക്കുക. വാഹനങ്ങള്‍ മരത്തിന് കീഴെ പാര്‍ക്ക് ചെയ്യുകയുമരുത്. സൈക്കിളോ ബൈക്കോ പോലുള്ള തുറന്ന വാഹനങ്ങളാണെങ്കില്‍ അതില്‍ നിന്ന് പെട്ടെന്ന് മാറണം.
പരമാവധി തുറസായ ഇടങ്ങളില്‍ നിന്നും മറ്റും പെട്ടെന്നുതന്നെ കെട്ടിടങ്ങള്‍ക്കുള്ളിലേക്കാണ് മാറേണ്ടത്. കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ വച്ചും മിന്നലേല്‍ക്കുമെന്നതിനാല്‍ ജനലുകളും വാതിലുകളും അടിച്ചിടുകയും ഭിത്തിയിലോ തറയിലോ ചവിട്ടാതിരിക്കുകയും ചെയ്യാം. ജനലുകള്‍ക്കോ വാതിലുകള്‍ക്കോ അടുത്ത് പോയി നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുകയുമരുത്.
ഉപകരണങ്ങള്‍....
കെട്ടിടങ്ങള്‍ക്കുള്ളില്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെയെല്ലാം വൈദ്യുതിബന്ധം വിഛേദിക്കണം. മിന്നലുള്ളപ്പോള്‍ ലാൻഡ് ലൈൻ ഫോണ്‍ തീര്‍ത്തും ഉപയോഗിക്കരുത്. മൊബൈല്‍ ഫോണ്‍ അത്ര പ്രശ്നമുള്ളതല്ല.
വെള്ളവും ഇടിമിന്നലും...
ശ്രദ്ധിക്കേണ്ട മറ്റൊന്ന്, മിന്നലുള്ളപ്പോള്‍ വെള്ളത്തില്‍ അധികം പെരുമാറാതിരിക്കാനാണ്. അലക്കുകയോ കുളിക്കുകയോ എല്ലാം ചെയ്യുന്നത് അപകടമാണ്. അതുപോലെ ടാപ്പ് തുറന്ന് വെള്ളമെടുക്കുക, ഷവറില്‍ നിന്ന് വെള്ളമെടുക്കുകയെല്ലാം ചെയ്യുമ്പോള്‍ വെള്ളത്തിലൂടെ വൈദ്യുതപ്രവാഹമുണ്ടായേക്കാം. അതിനാല്‍ ഇക്കാര്യം തീര്‍ത്തും ശ്രദ്ധിക്കണം.
ഏതെങ്കിലുമൊരു സാഹചര്യത്തില്‍ മിന്നലുള്ളപ്പോള്‍ തുറസായ സ്ഥലത്താണ് നിങ്ങള്‍ പെടുന്നതെങ്കില്‍ പാദങ്ങള്‍ രണ്ടും ചേര്‍ത്തുവച്ച്, തല കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കി വച്ച് ഉരുണ്ട ആകൃതിയില്‍ ഇരിക്കുക.
Also Read:- ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-