Asianet News MalayalamAsianet News Malayalam

കുപ്പിവെള്ളം കുടിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് പ്രശ്നമുണ്ടോ? എന്താണിതിലെ ദോഷം?

എങ്ങനെയാണ് നമുക്ക് ഭക്ഷണത്തിലൂടെ പ്ലാസ്റ്റിക് അംശം അകത്തെത്തുന്നത് തടയാനാവുക? അല്ലെങ്കില്‍ നിയന്ത്രിക്കാനെങ്കിലും ആവുക? അതെക്കുറിച്ചാണിനി വിശദീകരിക്കുന്നത്. 

how to control plastic intake through food and do avoid single use plastic water bottles
Author
First Published Jan 13, 2024, 9:39 PM IST

മാറിയ ഭക്ഷണരീതിയും ജീവിതരീതികളുമെല്ലാം തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെയും സ്വാധീനിക്കും. ഇത്തരത്തില്‍ ഇന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട് നാം നേരിടുന്നൊരു പ്രശ്നമാണ് ഭക്ഷണത്തിലൂടെ പ്ലാസ്റ്റിക് അശംങ്ങള്‍ ശരീരത്തിലെത്തുന്നത്. അടുത്ത ദിവസങ്ങളിലായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു പഠനറിപ്പോര്‍ട്ടുണ്ട്. ഇത് പറയുന്നത് ഒരു ലിറ്ററിന്‍റെ കുപ്പിവെള്ളത്തില്‍ പോലും രണ്ട് ലക്ഷത്തിലധികം നാനോപ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തി എന്നതാണ്.

ഇത് വളരെ ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ നടത്തുന്നൊരു പഠനറിപ്പോര്‍ട്ട് തന്നെയാണ്. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാം പ്ലാസ്റ്റിക് അംശം ഇന്ന് നമ്മുടെ ശരീരത്തിലെത്തുന്നത് സ്വാഭാവികമാണെന്ന് ഏവര്‍ക്കുമറിയാം. എന്നാലതിന്‍റെ തോത് ഇത്രമാത്രം ആണെങ്കില്‍ അത് തീര്‍ച്ചയായും അപകടം തന്നെയാണ്. ഇതുതന്നെയാണ് ഇപ്പറയുന്ന പഠനവും ഉറപ്പിക്കുന്നത്. 

എങ്ങനെയാണ് നമുക്ക് ഭക്ഷണത്തിലൂടെ പ്ലാസ്റ്റിക് അംശം അകത്തെത്തുന്നത് തടയാനാവുക? അല്ലെങ്കില്‍ നിയന്ത്രിക്കാനെങ്കിലും ആവുക? അതെക്കുറിച്ചാണിനി വിശദീകരിക്കുന്നത്. 

ഒരിക്കലുപയോഗിച്ച് കളയുന്ന കുപ്പിവെള്ളത്തിന്‍റെ പ്ലാസ്റ്റിക് കുപ്പികള്‍ ആണ് ഇക്കാര്യത്തില്‍ മുൻപന്തിയിലെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനൊപ്പം തന്നെ ഭക്ഷണം പൊതിയാനുപയോഗിക്കുന്ന വിവിധ റാപ്പുകള്‍, പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍, ഫുഡ് കാൻസ് എന്നിവയൊക്കെയാണ് നമ്മളിലേക്ക് ഏറ്റവുമധികം പ്ലാസ്റ്റിക് അംശങ്ങളെത്തിക്കുന്നതത്രേ. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പല രോഗങ്ങളും തീവ്രമായി ബാധിക്കുന്ന അവസ്ഥ, രോഗ പ്രതിരോധ ശേഷി ദുര്‍ബലമാകുന്ന അവസ്ഥ എന്നുതുടങ്ങി പല പ്രയാസങ്ങളും പ്ലാസ്റ്റിക് അംശങ്ങള്‍ ശരീരത്തിലെത്തുന്നത് വഴിയുണ്ടാകും. ഇതൊന്നും തന്നെ നിസാരമായ പ്രയാസങ്ങളല്ല. പല അനുബന്ധപ്രശ്നങ്ങളും ഇവയെല്ലാം സൃഷ്ടിക്കും. 

ഹൈലി പ്രോസസ്ഡ് ഫുഡ്സ് എന്ന വിഭാഗത്തില്‍ പെടുന്ന ഭക്ഷണസാധനങ്ങള്‍ ( റെഡി ടു ഊറ്റ മീല്‍സ്, ഹാംബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈസ്, ഐസ് ക്രീം, സോഡ, കാൻഡ് ഫുഡ്സ് എന്നിവ ഉദാഹരണം) എന്നിവയാണ് കാര്യമായും നാം ഒഴിവാക്കേണ്ടത്. കാരണം ഇവയിലൂടെയെല്ലാം കൂടുതലായി പ്ലാസ്റ്റിക് അംശങ്ങള്‍ അകത്തെത്താം. 

എപ്പോഴും ഭക്ഷണപാനീയങ്ങളുടെ പാക്കിംഗ് ശ്രദ്ധിക്കണം. കഴിയുന്നതും പരിസ്ഥിതിയോട് ഇണങ്ങിയുള്ള പാക്കിംഗില്‍ വരുന്ന ഭക്ഷണ-പാനീയങ്ങളാണെങ്കില്‍ ഇവയിലൂടെ നമ്മളിലെത്തുന്ന പ്ലാസ്റ്റിക് അംശങ്ങള്‍ നന്നെ കുറവായിരിക്കും. 

കുപ്പിവെള്ളത്തിന്‍റെ കാര്യത്തില്‍ നമുക്ക് കാര്യമായ ശ്രദ്ധ പുലര്‍ത്താൻ സാധിക്കും. ഇത് പതിവായി ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. ഗ്ലാസിന്‍റെയോ സ്റ്റീലിന്‍റെയോ കുപ്പിയില്‍ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇത്തരത്തിലുള്ള കുപ്പികളില്‍ വെള്ളം ആക്കി ഇത് പതിവായി കയ്യില്‍ കരുതാവുന്നതാണ്. അതുപോലെ പുറത്തുനിന്ന് വാങ്ങിക്കുന്ന പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന്‍റെ കുപ്പി ഒരു കാരണവശാലും മറ്റ് ഉപയോഗങ്ങള്‍ക്ക് എടുക്കാതിരിക്കുന്നതാണ് നല്ലത്. 

ടീബാഗുകള്‍ ഉപയോഗിക്കുന്നതും പതിവാക്കാതിരിക്കുന്നതാണ് നല്ലത്. ഇതിലൂടെയും പ്ലാസ്റ്റിക് അംശങ്ങള്‍ അകത്തെത്താം. അതിനാല്‍ ലൂസ് തേയില, അല്ലെങ്കില്‍ ചായപ്പൊടി ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കേജിലുള്ള ഭക്ഷണസാധനങ്ങളെല്ലാം കണ്ടറിഞ്ഞ് കുറയ്ക്കുന്നത് വളരെ നല്ലതാണ്. 

Also Read:- കേരളത്തില്‍ ഉയര്‍ന്ന അളവില്‍ യു വി കിരണങ്ങള്‍; ആരോഗ്യഭീഷണിയെന്ന് പഠനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios